സര്‍ക്കാര്‍ ഡിഎംആര്‍സിയെ നിരവധി തവണ കബളിപ്പിച്ചെന്ന് രേഖകള്‍

തിരുവനന്തപുരം: തിരുവനന്തപുരം ലൈറ്റ് മെട്രോ പദ്ധതിയുമായി ബന്ധപ്പെട്ടു ഡിഎംആര്‍സിക്കു നല്‍കിയ വാഗ്ദാനങ്ങള്‍ സര്‍ക്കാര്‍ തുടര്‍ച്ചയായി ലംഘിച്ചതിന്റെ തെളിവുകള്‍ പുറത്തായി. പദ്ധതിക്കുള്ള കരാര്‍ ഉടനെ ഒപ്പിടാമെന്നു രണ്ടു തവണ രേഖാമൂലം ഉറപ്പു നല്‍കിയെങ്കിലും പാലിച്ചില്ലെന്നാണ് രേഖകള്‍ വ്യക്തമാക്കുന്നത്.
വിശദമായ പദ്ധതിരേഖ സംബന്ധിച്ചു ചര്‍ച്ച ചെയ്യാമെന്നു മുഖ്യമന്ത്രി ഇ ശ്രീധരനു നല്‍കിയ ഉറപ്പും ലംഘിക്കപ്പെട്ടു. മുഖ്യമന്ത്രിയുടെയും കേരള റാപിഡ് ട്രാന്‍സിറ്റ് കോര്‍പറേഷന്റെയും കരാറിന്റെ കാലാവധി കഴിഞ്ഞെന്ന ന്യായമാണ് മുഖ്യമന്ത്രി പറഞ്ഞത്. കരാര്‍ ഒപ്പിടാമെന്നു പറഞ്ഞു രണ്ടു തവണയാണ് സര്‍ക്കാര്‍ ഡിഎംആര്‍സിയെ കബളിപ്പിച്ചത്.
ലൈറ്റ് മെട്രോ പദ്ധതിയുടെ ചുമതലയുള്ള കെആര്‍ടിഎല്‍ കഴിഞ്ഞ മെയ് 5ന് ഡിഎംആര്‍സിക്കു നല്‍കിയ കത്തും പുറത്തുവന്നു. ലൈറ്റ് മെട്രോയുടെ ഭാഗമായി നിര്‍മിക്കേണ്ട മേല്‍പ്പാലങ്ങള്‍ക്കുള്ള കരാര്‍ ആവശ്യമായ അനുമതികള്‍ നേടി മാസാവസാനത്തോടെ ഒപ്പിടാനാവുമെന്നായിരുന്നു വാഗ്ദാനം. ഇതു നടന്നില്ല.
പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ക്ക് ഡിസംബര്‍ 31നകം കരാറൊപ്പിടാമെന്നു കാട്ടി നവംബര്‍ 17നു വീണ്ടും കത്തു നല്‍കി. അതും വിഫലമായി. ഡിഎംആര്‍സി നല്‍കിയ വിശദമായ പദ്ധതി റിപോര്‍ട്ട് സജീവ പരിഗണയിലാണെന്നു മുഖ്യമന്ത്രി പറയുന്നു.
ഇതു സംബന്ധിച്ചു കൂടിക്കാഴ്ച ആവശ്യമാണ്. തിയ്യതിയും സമയവും പിന്നീട് അറിയിക്കാമെന്ന് അറിയിച്ചു. എന്നാല്‍, അങ്ങനെയൊരറിയിപ്പ് പിന്നീടുണ്ടായില്ല. സര്‍ക്കാരിന്റെ പിടിപ്പുകേടു മാത്രമാണ് ഡിഎംആര്‍സി പദ്ധതിയില്‍ നിന്ന് പിന്‍മാറാന്‍ കാരണമെന്ന് ഇ ശ്രീധരന്‍ വ്യക്തമാക്കിയിരുന്നു. ഉത്തരവ് പുറത്തിറക്കി 15 മാസം കഴിഞ്ഞിട്ടും കരാര്‍ ഒപ്പിട്ടില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടിയിരുന്നു.

RELATED STORIES

Share it
Top