സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളവും പെന്‍ഷനും 30 ശതമാനം വര്‍ധിപ്പിക്കാന്‍ ശുപാര്‍ശ

ബംഗളൂരു: കര്‍ണാടകയില്‍ സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളവും വിരമിച്ചവരുടെ പെന്‍ഷനും 30 ശതമാനം വര്‍ധിപ്പിക്കണമെന്ന് ആറാം കര്‍ണാടക ശമ്പള കമ്മീഷന്‍ ശുപാര്‍ശ ചെയ്തു. 2017 ജൂലൈ ഒന്നു മുതല്‍ ഇതിന് മുന്‍കാല പ്രാബല്യമുണ്ടാവും. സംസ്ഥാനത്തെ 5.2 ലക്ഷം സര്‍ക്കാര്‍ ജീവനക്കാര്‍ക്കും 5.73 ലക്ഷം പെന്‍ഷന്‍കാര്‍ക്കും വര്‍ധനയുടെ ആനുകൂല്യം ലഭിക്കും. സര്‍ക്കാര്‍ എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ 73,000ത്തോളം ജീവനക്കാര്‍ക്കും കോളജുകളിലും സര്‍വകലാശാലയിലുമുള്ള നോണ്‍ ടീച്ചിങ് സ്റ്റാഫിനും ഇതിന്റെ ഗുണം ലഭിക്കും. ഈ വര്‍ഷം ഏപ്രില്‍ ഒന്നു മുതല്‍ പുതുക്കിയ ആനുകൂല്യം കൊടുക്കണമെന്നും ശുപാര്‍ശയിലുണ്ട്.കമ്മീഷന്‍ ശുപാര്‍ശ നടപ്പാക്കുന്നുവെങ്കില്‍ സര്‍ക്കാര്‍ ഖജനാവിന് അധികബാധ്യത വരും. വിരമിച്ച ഐഎഎസ് ഓഫിസര്‍ എം ആര്‍ ശ്രീനിവാസ് മൂര്‍ത്തിയുടെ നേതൃത്വത്തിലുള്ള കമ്മീഷന്‍ മുഖ്യമന്ത്രി സിദ്ധരാമയ്യക്ക് ഇന്നലെയാണ് റിപോര്‍ട്ടിന്റെ ആദ്യ വാല്യം സമര്‍പ്പിച്ചത്. പുതുക്കിയ നിരക്കനുസരിച്ച് ചുരുങ്ങിയ ശമ്പളം 17,000 രൂപയും പരമാവധി ശമ്പളം 1,50,600 രൂപയും അലവന്‍സുമായിരിക്കും. പുതുക്കിയ നിരക്കനുസരിച്ച് ചുരുങ്ങിയ പെന്‍ഷന്‍ 8,500 രൂപയും പരമാവധി പെന്‍ഷന്‍ 75,300 രൂപയുമായിരിക്കും. പരമാവധി കുടുംബ പെന്‍ഷന്‍ 45,180 രൂപയും ക്ഷാമബത്തയുമാണ്.സര്‍വീസില്‍ നിന്ന് വിരമിക്കുന്നതിനുള്ള പ്രായം 60 ആക്കി നിലനിര്‍ത്താന്‍ അനുവദിച്ച കമ്മീഷന്‍ സ്വമേധയാ വിരമിക്കുന്നതിനുള്ള സര്‍വീസ് കാലാവധി 15 വര്‍ഷത്തില്‍ നിന്ന് 10 വര്‍ഷമാക്കി കുറയ്ക്കാനും ശുപാര്‍ശ ചെയ്തിട്ടുണ്ട്.

RELATED STORIES

Share it
Top