സര്‍ക്കാര്‍ കേസ് തോറ്റതിനു പിന്നില്‍ വന്‍ ഗൂഢാലോചന: കോണ്‍ഗ്രസ്

കോട്ടയം: കേരളത്തില്‍ രണ്ടാം ഭൂപരിഷ്‌കരണശ്രമങ്ങള്‍ക്കു കാരണമാവുമായിരുന്ന ഹാരിസണ്‍ മലയാളം ഭൂമി ഏറ്റെടുക്കല്‍ കേസില്‍ സര്‍ക്കാര്‍ ഭാഗം പരാജയപ്പെട്ടതിന്റെ പിന്നില്‍ വന്‍ ഗൂഢാലോചനയുണ്ടെന്ന ആരോപണവുമായി കോണ്‍ഗ്രസ് രംഗത്ത്.
1999 ആഗസ്ത് ഏഴിന് സുമിത എന്‍ മേനോന്‍ കമ്മീഷന്‍ റിപോര്‍ട്ടോടു കൂടി ആരംഭിച്ച് ഓരോ ഘട്ടത്തിലും ഹൈക്കോടതിയുടെ മേല്‍നോട്ടത്തിലും ഇടപെടലിലും വഴിനടന്ന ഭൂമി ഏറ്റെടുക്കല്‍ നടപടികളാണ് അന്തിമഘട്ടത്തില്‍ അട്ടിമറിക്കപ്പെട്ടിരിക്കുന്നതെന്നു കോട്ടയം ഡിസിസി ജനറല്‍ സെക്രട്ടറി റോണി കെ ബേബി വാര്‍ത്താ സമ്മേളനത്തില്‍ ആരോപിച്ചു. കഴിഞ്ഞ യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് ഹാരിസണിന്റെ കൈവശമുള്ള സര്‍ക്കാര്‍ ഭൂമി ഏറ്റെടുക്കുന്നതിനു വേണ്ടി റവന്യൂ മന്ത്രി, റവന്യൂ സെക്രട്ടറി, നിയമ സെക്രട്ടറി, റവന്യൂ സ്‌പെഷ്യല്‍ പ്ലീഡര്‍ എന്നിവരടങ്ങിയ നാല് ഉന്നതതല യോഗങ്ങള്‍ ചേര്‍ന്നുവെങ്കില്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം ഹാരിസണ്‍ മലയാളം കമ്പനിയുമായാണ് കൂടിക്കാഴ്ചകള്‍ നടന്നിരിക്കുന്നത്. തങ്ങള്‍ക്കെതിരായ സ്‌പെഷ്യല്‍ ഓഫിസറുടെ നിയമ നടപടികള്‍ അവസാനിപ്പിക്കണമെന്നതടക്കമുള്ള ആവശ്യങ്ങള്‍ കൂടിക്കാഴ്ചയില്‍ മുഖ്യമന്ത്രി ക്ഷമാപൂര്‍വം കേട്ടതിനു നന്ദി അറിയിച്ച് ഹാരിസണ്‍ കമ്പനി അധികൃതര്‍ 2016ല്‍ മുഖ്യമന്ത്രിക്കു കത്തയക്കുകയും ചെയ്തു.
ഹാരിസണിനെതിരേ ശക്തമായ നിലപാടുകള്‍ സ്വീകരിച്ചിരുന്ന സുശീല ആര്‍ ഭട്ടിനെ തല്‍സ്ഥാനത്തു നിന്നു മാറ്റിയ അവസരത്തിലായിരുന്നു ഈ കൂടിക്കാഴ്ചകളെന്നതു ശ്രദ്ധേയമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. മുമ്പ് സ്‌പെഷ്യല്‍ ഓഫിസറുടെ നിയമനത്തിനും പരിഗണനാ വിഷയങ്ങള്‍ക്കും അനുകൂലമായി നിയമോപദേശം നല്‍കിയ നിയമ സെക്രട്ടറി തന്നെ സ്‌പെഷ്യല്‍ ഓഫിസറുടെ റിപോര്‍ട്ട് ഭരണഘടനാവിരുദ്ധമാണെന്ന നിലപാട് സ്വീകരിച്ചത് ഈ കൂടിക്കാഴ്ചകള്‍ക്ക് ശേഷമാണ്.  എന്തുറപ്പാണു ഹാരിസണ്‍ കമ്പനി അധികൃതര്‍ക്ക് കൂടിക്കാഴ്ചകളില്‍ നല്‍കിയതെന്നു മുഖ്യമന്ത്രി വ്യക്തമാക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
അതേസമയം, ഹാരിസണ്‍ കേസില്‍ തോറ്റു കൊടുക്കുന്നതില്‍ യഥാര്‍ഥ 'ഇടതുപക്ഷ ഐക്യം' പ്രകടമായെന്നു വി എം സുധീരന്‍ ആരോപിച്ചു. ഇരുമെയ്യാണെങ്കിലും ഒന്നായി തന്നെ മുഖ്യമന്ത്രിയും റവന്യൂമന്ത്രിയും ഇക്കാര്യത്തില്‍ നിലകൊണ്ടു.
നിയമ സെക്രട്ടറി തയ്യാറാക്കിയ റിപോര്‍ട്ട് സര്‍ക്കാര്‍ നേരത്തെ മുതല്‍ തുടര്‍ന്നുവരുന്ന വാദങ്ങള്‍ക്ക് തന്നെ വിരുദ്ധമായിരുന്നു. ഹാരിസണ് നിര്‍ണായക രക്ഷയായത് ഈ റിപോര്‍ട്ടാണ്. ഹാരിസണ്‍ ഉള്‍പ്പെടെയുള്ള വന്‍കിടക്കാര്‍ക്ക് എതിരേ ഹൈക്കോടതിയില്‍ കാര്യക്ഷമമായും ഫലപ്രദമായും കേസ് നടത്തിയ അഡ്വ. സുശീല ഭട്ടിനെ സ്‌പെഷ്യല്‍ ഗവ. പ്ലീഡര്‍ സ്ഥാനത്തു നിന്നു നീക്കം ചെയ്യലായിരുന്നു. ഹാരിസണ്‍, ടാറ്റ തുടങ്ങിയ വന്‍കിടക്കാരെ സംരക്ഷിക്കുന്നതിനു സര്‍ക്കാര്‍ തലത്തില്‍ നടന്ന ഗൂഢാലോചനയുടെ ഫലമായിട്ടുള്ള ആദ്യ നടപടിയായിരുന്നു അത്. ഹാരിസണിന് വേണ്ടി വിദഗ്ധമായിട്ടാണ് ഇടതുപക്ഷ നേതാക്കളും സര്‍ക്കാരും കരുക്കള്‍ നീക്കിയതെന്നും സുധീരന്‍ പറഞ്ഞു.

RELATED STORIES

Share it
Top