സര്‍ക്കാര്‍ കക്ഷിയായ കേസുകളില്‍ വര്‍ധന

ന്യൂഡല്‍ഹി: സുപ്രിംകോടതിയില്‍ സര്‍ക്കാര്‍ കക്ഷിയായ കേസുകളുടെ എണ്ണം കഴിഞ്ഞവര്‍ഷം കുതിച്ചുയര്‍ന്നു. നോട്ട് നിരോധനവും ചരക്കു സേവന നികുതിയുമാണ് കേസുകള്‍ വര്‍ധിക്കാന്‍ കാരണമെന്നാണ് നിയമ മന്ത്രാലയം പറയുന്നത്.
കഴിഞ്ഞ വര്‍ഷം ജനുവരി ഒന്നു മുതല്‍ ഡിസംബര്‍ 31 വരെ സര്‍ക്കാര്‍ കക്ഷിയായ 4,2229 കേസുകളാണ് സുപ്രിംകോടതിയില്‍ ഫയല്‍ ചെയ്തത്. 2016ല്‍ ഇത് 3,497 ആയിരുന്നുവെന്ന് നിയമ മന്ത്രാലയത്തിന്റെ ഏറ്റവും പുതിയ രേഖകളില്‍ പറയുന്നു.
2014ല്‍ എന്‍ഡിഎ സര്‍ക്കാര്‍ അധികാരത്തില്‍ വരുമ്പോള്‍ സര്‍ക്കാര്‍ കക്ഷിയായ കേസുകള്‍ 4,748 ആയിരുന്നു. എന്നാല്‍, 2015ല്‍ അത് 3,909 ആയി കുറഞ്ഞു. ഈ വര്‍ഷം ജനുവരി ഒന്നു മുതല്‍ ഫെബ്രുവരി 22 വരെ സര്‍ക്കാര്‍ കക്ഷിയായ 859 കേസുകള്‍ സുപ്രിംകോടതിയില്‍ ഫയല്‍ ചെയ്തിട്ടുണ്ടെന്ന് രേഖയില്‍ പറയുന്നു.
കേസുകളുടെ എണ്ണം കൂടിയെങ്കിലും കോടതിയില്‍ കേന്ദ്ര സര്‍ക്കാരിനെ പ്രതിനിധീകരിക്കുന്ന അഭിഭാഷകരുടെ എണ്ണം കുറഞ്ഞിരിക്കുകയാണ്. അവരുടെ എണ്ണം അടുത്ത മാസം ആറില്‍ നിന്ന് എട്ടായി വര്‍ധിക്കുമെങ്കിലും അടുത്ത സോളിസിറ്റര്‍ ജനറല്‍ ആരായിരിക്കുമെന്ന് വ്യക്തമായിട്ടില്ല. അഡീഷനല്‍ സോളിസിറ്റേഴ്‌സ് ജനറലായി അമന്‍ ലേഖി, മാധവി ദിവാന്‍, സന്ദീപ് സേഥി, ബിക്രംജിത് ബാനര്‍ജി എന്നിവരുടെ പേരുകള്‍ നിയമ മന്ത്രാലയം ശുപാര്‍ശ ചെയ്തിട്ടുണ്ട്. ശുപാര്‍ശ ഇപ്പോള്‍ പ്രധാനമന്ത്രിയുടെ ഓഫിസിലാണ്. ഇവരുടെ നിയമനത്തില്‍ നിയമനകാര്യ മന്ത്രിസഭാ ഉപസമിതി അടുത്താഴ്ച തീരുമാനമെടുത്തേക്കുമെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു.

RELATED STORIES

Share it
Top