സര്‍ക്കാര്‍ ഓഫിസുകളെ ബന്ധിപ്പിച്ച് ഓണ്‍ലൈന്‍ തപാല്‍ സംവിധാനം

തൊടുപുഴ: സംസ്ഥാന സര്‍ക്കാരിനു കീഴിലെ മുഴുവന്‍ വകുപ്പുകളെയും ഓഫിസുകളെയും ഏകോപിപ്പിച്ചുകൊണ്ട് പരസ്പരമുള്ള തപാല്‍ കൈമാറ്റം ഡിജിറ്റല്‍ രൂപത്തില്‍ സാധ്യമാക്കുന്ന ഓണ്‍ലൈന്‍ സംവിധാനം ഒരുങ്ങുന്നു. കേരള സംസ്ഥാന ഏകീകൃത കമ്മ്യൂണിക്കേഷന്‍ സര്‍വീസ് എന്നാണ് പുതിയ സംവിധാനത്തിന്റെ പേര്.
സംസ്ഥാനത്തെ 10,000ഓളം വരുന്ന സര്‍ക്കാര്‍ ഓഫിസുകളില്‍ നിലവില്‍ പല വകുപ്പുകളും ഫയല്‍ മാനേജ്‌മെന്റിന് വ്യത്യസ്ത സോഫ്റ്റ്‌വെയര്‍ ആപ്ലിക്കേഷനുകളാണ് ഉപയോഗിക്കുന്നത്. സംസ്ഥാനതലത്തി ല്‍ ഇ-ഓഫിസ്, ജില്ലാതലത്തി ല്‍ ഇ-ഡിസ്ട്രിക്ട്, പോലിസ് സേനയ്ക്കായി ഐ ആപ്പ്‌സ് തുടങ്ങിയ സംവിധാനങ്ങള്‍ നിലവിലുണ്ട്. പ്രത്യേക ഇലക്‌ട്രോണിക് സംവിധാനങ്ങളില്ലാത്ത ഓഫിസുകള്‍ തമ്മിലുള്ള തപാല്‍ കൈമാറ്റം ഇലക്‌ട്രോണിക് മാധ്യമത്തിലൂടെ സാധ്യമല്ലാത്തതിനാല്‍ കത്തുകള്‍ സാധാരണ തപാല്‍ സംവിധാനത്തിലോ ദൂതന്‍ വഴിയോ ആണ് കൈമാറ്റം. ഇത് ഫയല്‍ നടപടിക്രമങ്ങള്‍ക്ക് കാലതാമസം വരുത്തുന്നതിനു പുറമെ തപാല്‍ ചാര്‍ജിനും ഇടയാക്കുന്നു. ഇതൊഴിവാക്കാനാണ് വ്യത്യസ്ത കമ്മ്യൂണിക്കേഷന്‍ സംവിധാനം ഉപയോഗിക്കുന്നതും അല്ലാത്തതുമായ ഓഫിസുകളെ ഒരു സംയോജിത ഇലക്‌ട്രോണിക് തപാല്‍ വിനിമയ ശൃംഖലയിലേക്ക് മാറ്റാന്‍ സംസ്ഥാന ഏകീകൃത കമ്മ്യൂണിക്കേഷന്‍ സര്‍വീസ് (കെസിഎസ്) വഴിയൊരുക്കുന്നത്. ഇങ്ങനെ ഒറ്റശൃംഖലയിലേക്ക് മാറ്റുന്നതു വഴി തപാല്‍ കൈമാറ്റം ചെയ്യുന്നതിലെ കാലതാമസം ഇല്ലാതാവും. സുരക്ഷിതത്വവും ഉത്തരവാദിത്തവും ഉറപ്പു വരുത്താനും ഇതുവഴി ദൈനംദിന ഭരണനിര്‍വഹണത്തില്‍ വിപ്ലവകരമായ മാറ്റവും സാധ്യമാവും. വിശദമായ ഡാഷ്‌ബോര്‍ഡ്, തപാല്‍, ഡെസ്പാച്ച്, തപാല്‍ ട്രാക്കിങ്, ഡെസ്പാച്ച് ട്രാക്കിങ്, റിപോര്‍ട്ട്, രഹസ്യ സ്വഭാവമുള്ള തപാലുകള്‍ കൈകാര്യം ചെയ്യാന്‍ പ്രത്യേക സംവിധാനം തുടങ്ങിയ നിലവില്‍ ഉപയോഗിക്കുന്ന ഡിജിറ്റല്‍ ഫയല്‍ മാനേജ്‌മെന്റ് സംവിധാനങ്ങളെ സംയോജിപ്പിക്കുന്നതിന്  ഒരു ലോഗിന്‍ മതിയാവും. സര്‍ക്കാര്‍ കത്തിടപാടുകള്‍ മുഴുവന്‍ ഓഫിസുകളിലേക്കും നിമിഷങ്ങള്‍ക്കകം എത്തിക്കാന്‍ ഈ സംവിധാനത്തിലൂടെ സാധിക്കും. സര്‍ക്കാര്‍ ഉത്തരവുകള്‍/കത്തുകള്‍ സര്‍ച്ച് ചെയ്തു കണ്ടെത്താനുള്ള സൗകര്യം, അടിസ്ഥാന കംപ്യൂട്ടര്‍ പരിജ്ഞാനമുള്ളവര്‍ക്കും ഉപയോഗിക്കാം. ഭരണസുതാര്യത, കൃത്യത, വിശ്വാസ്യത എന്നിവ ഉറപ്പുവരുത്താമെന്നതും ഈ സംവിധാനത്തിന്റെ സവിശേഷതയാണ്.
സംസ്ഥാന ഏകീകൃത കമ്മ്യൂണിക്കേഷന്‍ സര്‍വീസ് മുഖേന ഒരു തപാല്‍ ഏത് ഓഫിസിലാണെന്ന് ഓരോ ഘട്ടത്തിലും കൃത്യമായി അറിയാം. തപാലുകളുടെ എണ്ണം, മറുപടി നല്‍കിയവ തുടങ്ങി സമയത്തിനും വിഷയാധിഷ്ഠിതമായ മു ന്‍ഗണനയുടെയും അടിസ്ഥാനത്തില്‍ തപാലുകളെ ക്രമപ്പെടുത്താം. ഒരു വകുപ്പില്‍ നിന്നു മറ്റൊരു വകുപ്പിലേക്ക് കൈമാറ്റം ചെയ്യപ്പെട്ട തപാലുകള്‍, തീര്‍പ്പാക്കേണ്ട ദിവസം, തപാല്‍ ഏതു വിഭാഗത്തിലാണ് എന്നിവ അറിയാന്‍ സാധിക്കും. ഏത് ഓഫിസില്‍ നിന്നും മറ്റൊന്നിലേക്ക് തപാല്‍ അയക്കുന്നതിനു പുറമേ മറുപടി നല്‍കുന്നതിനും കീ സര്‍ച്ചിങ് ഓപ്ഷന്‍ മുഖാന്തരം തപാലിന്റെ തല്‍സ്ഥിതി മനസ്സിലാക്കുന്നതിനും ഏകീകൃത കമ്മ്യൂണിക്കേഷന്‍ സര്‍വീസ് വഴി സാധ്യമാവും.
പൊതുഭരണ വകുപ്പിന്റെ നിര്‍ദേശപ്രകാരം സി-ഡിറ്റ് ആണ് സര്‍ക്കാര്‍ ഓഫിസുകളില്‍ ഈ സംവിധാനം നടപ്പാക്കുന്നതിനുള്ള രൂപകല്‍പ്പനയും നിര്‍വഹണവും ഏറ്റെടുത്തിട്ടുള്ളത്. ആറു ലക്ഷത്തോളം വരുന്ന ഉദ്യോഗസ്ഥരും പതിനായിരത്തോളം സര്‍ക്കാര്‍ ഓഫിസുകളുമാണ് ഈ സംരംഭത്തില്‍ കണ്ണിചേര്‍ക്കപ്പെടുന്നത്.

RELATED STORIES

Share it
Top