സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ ആക്രമിച്ചാല്‍ കടുത്തശിക്ഷ

തിരുവനന്തപുരം: സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കും അവരുടെ കുടുംബാംഗങ്ങള്‍ക്കും എതിരായ ആക്രമണങ്ങള്‍ക്കും രാഷ്ട്രീയ പാര്‍ട്ടികള്‍, രജിസ്റ്റര്‍ ചെയ്ത സാമൂഹിക സംഘടനകള്‍ എന്നിവയുടെ ഓഫിസുകള്‍ക്കും മറ്റ് വസ്തുവകകള്‍ക്കും നാശം വരുത്തുന്നതിനെതിരേയുള്ള ശിക്ഷ കൂടുതല്‍ കര്‍ക്കശമാക്കുന്നതിന് ഇന്ത്യന്‍ ശിക്ഷാനിയമത്തിലും ക്രിമിനല്‍ നടപടിച്ചട്ടത്തിലും ഭേദഗതി കൊണ്ടുവരാനുള്ള കരട് ബില്ല് മന്ത്രിസഭ അംഗീകരിച്ചു. സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ കുടുംബാംഗങ്ങള്‍ക്കെതിരേ വൈരാഗ്യപൂര്‍വം ആക്രമണം നടത്തിയെന്നു തെളിഞ്ഞാല്‍ മൂന്നുവര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കുന്നതാണ് ഭേദഗതി.
മാരകമായ പരിക്കുകള്‍ ഏല്‍പ്പിച്ചുവെന്ന് തെളിഞ്ഞാല്‍ പത്തുവര്‍ഷംവരെ തടവ് ശിക്ഷ ലഭിക്കും. രാഷ്ട്രീയ പാര്‍ട്ടികളുടെയും സന്നദ്ധസംഘടനകളുടെയും വസ്തുവകകള്‍ നശിപ്പിച്ചാല്‍ അഞ്ചുവര്‍ഷംവരെ തടവ് ശിക്ഷ ലഭിക്കും. സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെയോ അവരുടെ കുടുംബാംഗങ്ങളുടെയോ വസ്തുവകകള്‍ക്ക് നാശനഷ്ടമുണ്ടാക്കിയാലും അഞ്ചുവര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കും. എല്ലാ കേസുകളിലും പിഴ ഈടാക്കാനും കരട് ബില്ലില്‍ വ്യവസ്ഥയുണ്ട്.
പതിനഞ്ചാം ധനകാര്യ കമ്മീഷന് സമര്‍പ്പിക്കാന്‍ തയ്യാറാക്കിയ നിവേദനത്തിലെ നിര്‍ദേശങ്ങളും ശുപാര്‍ശകളും മന്ത്രിസഭ അംഗീകരിച്ചു. കമ്മീഷന്റെ പരിഗണനാ വിഷയങ്ങളിലെ പല നിര്‍ദേശങ്ങളും സംസ്ഥാനത്തിന് ആശങ്ക ഉളവാക്കുന്നതാണ്. നികുതി വിഭജനം 2011ലെ സെന്‍സസ് അടിസ്ഥാനമാക്കി നടത്തണമെന്ന നിര്‍ദേശം കേരളത്തിന് ദോഷകരമാണ്. അതിനാല്‍ 1971ലെ സെന്‍സസ് പ്രകാരം നികുതി വിഭജനം നടത്തണമെന്ന് സംസ്ഥാനം ആവശ്യപ്പെടും. 14ാം ധനകാര്യകമ്മീഷന്‍ കേരളത്തിന് ശുപാര്‍ശ ചെയ്ത നികുതി വിഹിതത്തില്‍ കുറവ് വരാത്ത രീതിയില്‍ നികുതി വിഭജന മാനദണ്ഡം സ്വീകരിക്കേണ്ടതാണ്. റവന്യൂ കമ്മി നികത്തുന്നതിന് ഗ്രാന്‍ഡ് നല്‍കുന്നതിനുള്ള വ്യവസ്ഥ പുനപ്പരിശോധിക്കാനുള്ള നിര്‍ദേശം നടപ്പായാല്‍ സംസ്ഥാനത്തിന്റെ മൂലധനവികസന ചെലവുകള്‍ വെട്ടിച്ചുരുക്കേണ്ടി വരും. അതിനാല്‍, ആ നിര്‍ദേശം പിന്‍വലിക്കണം.
സംസ്ഥാനങ്ങള്‍ക്ക് വിഭജിച്ചുനല്‍കുന്ന കേന്ദ്രനികുതി വിഹിതം 42 ശതമാനത്തില്‍ നിന്ന് 50 ശതമാനമായി ഉയര്‍ത്തണമെന്ന് ആവശ്യപ്പെടും. ധനക്കമ്മി സംസ്ഥാന ആഭ്യന്തര വരുമാനത്തിന്റെ 3 ശതമാനമായി നിലനിര്‍ത്താന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണ്. ധനക്കമ്മി ജിഎസ്ഡിപിയുടെ 1.7 ശതമാനമായി നിജപ്പെടുത്താനുള്ള ശുപാര്‍ശ കേരളത്തിന് ദോഷം ചെയ്യും. അതിനാല്‍, നിലവിലുള്ള നിയമത്തില്‍ ഒരു മാറ്റവും വരുത്തരുത്.
തീരസംരക്ഷണം, റബര്‍ കര്‍ഷകര്‍ക്ക് ആശ്വാസം, വനസംരക്ഷണം, തിരിച്ചുവരുന്ന പ്രവാസികളുടെ ക്ഷേമത്തിനുള്ള പദ്ധതികള്‍, നൈപുണ്യവികസനം എന്നിവയ്ക്ക് പ്രത്യേക ഗ്രാന്‍ഡ് നല്‍കണമെന്നും സംസ്ഥാനം ആവശ്യപ്പെടും.

RELATED STORIES

Share it
Top