സര്‍ക്കാര്‍ ഉദ്യോഗത്തിലെ പ്രാതിനിധ്യം: കണക്കുകള്‍ സംസാരിക്കുന്നു

പിഎസ്‌സി നിയമനങ്ങള്‍ക്കുള്ള നിലവിലെ റൊട്ടേഷന്‍ ചാര്‍ട്ട് പ്രകാരം ഈഴവ സമുദായം രണ്ടാമതും മുസ്‌ലിം സമുദായം ആറാമതുമാണ്. നിലവിലെ ചാര്‍ട്ടില്‍ ഒന്ന്, മൂന്ന്, അഞ്ച് എന്ന ക്രമത്തില്‍ ഓപണ്‍ കോമ്പറ്റീഷന്‍ (ഒസി) നിയമനങ്ങളും രണ്ട്, നാല്, ആറ് എന്ന ക്രമത്തില്‍ സംവരണ നിയമനങ്ങളുമാണ്. പൂര്‍ണരൂപം ഇങ്ങനെ: 1, ഒസി, 2, ഈഴവ/ബില്ലവ/തിയ്യ, 3, ഒസി, 4, എസ്‌സി, 5, ഒസി, 6, മുസ്‌ലിം, 7, ഒസി, 8, ലത്തീന്‍ കത്തോലിക്കര്‍, 9, ഒസി, 10, ഒബിസി, 11, ഒസി, 12, എസ്‌സി, 13, ഒസി, 14, ഈഴവ/ബില്ലവ/തിയ്യ, 15, ഒസി, 16, മുസ്‌ലിം, 17, ഒസി, 18, ഈഴവ/ബില്ലവ/തിയ്യ, 19, ഒസി, 20, വിശ്വകര്‍മ. ഇരുപത് ഒഴിവുകള്‍ക്ക് ഒരു യൂനിറ്റ് എന്ന മാനദണ്ഡപ്രകാരമുള്ള ഈ ചാര്‍ട്ടില്‍ ഈഴവ സമുദായത്തിന് മൂന്നുതവണ നിയമന അവസരം ലഭിക്കുന്നു. ജനസംഖ്യയുടെ പഴയ കണക്കുവച്ച് മുസ്‌ലിംകള്‍ക്ക് രണ്ടും. മുസ്‌ലിംകളേക്കാള്‍ ഈഴവ സമുദായത്തിന് ഉയര്‍ന്ന സംവരണ അനുപാതം നല്‍കുന്നതാണു കാരണം. ലാസ്റ്റ്‌ഗ്രേഡ് നിയമനങ്ങളില്‍ ഈഴവര്‍ക്ക് 11 ശതമാനവും അല്ലാത്ത നിയമനങ്ങളില്‍ 14 ശതമാനവുമാണു സംവരണം. എന്നാല്‍, മുസ്‌ലിംകള്‍ക്ക് ഇത് 10ഉം 12ഉം ആണ്. മെറിറ്റ് നിയമനങ്ങള്‍ നടത്തുന്ന 50 ശതമാനം കഴിഞ്ഞുള്ള ബാക്കി 50 ശതമാനത്തിന്റെ സംവരണ അനുപാതത്തിന്റെ പൂര്‍ണരൂപം: ലാസ്റ്റ് ഗ്രേഡ്: ഈഴവ/ബില്ലവ/തിയ്യ 11, മുസ്‌ലിം 10, ലത്തീന്‍ കത്തോലിക്കര്‍ 4, വിശ്വകര്‍മ 2, എസ്‌ഐയുസി നാടാര്‍ 2, ധീവര 2, ഹിന്ദു നാടാര്‍ 1 മുകളില്‍ പരാമര്‍ശിക്കാത്ത മറ്റു പിന്നാക്ക വിഭാഗങ്ങള്‍ 6, എസ്‌സി 8, എസ്ടി 2. മറ്റു തസ്തികകള്‍: ഈഴവ/ബില്ലവ/തിയ്യ 14, മുസ്‌ലിം 12, ലത്തീന്‍ കത്തോലിക്കര്‍ 4, വിശ്വകര്‍മ 3, എസ്‌ഐയുസി നാടാര്‍ 1, ധീവര 1, ഹിന്ദു നാടാര്‍ 1, മറ്റു പിന്നാക്ക വിഭാഗങ്ങള്‍ 3, എസ്‌സി 8, എസ്ടി 2.
ജനസംഖ്യ വര്‍ധനയേക്കുറിച്ച് പരിഷത്ത് കണ്ടെത്തിയ വസ്തുത പരിഗണിച്ചാല്‍ ഈ സംവരണ അനുപാതം പുനക്രമീകരിക്കുകതന്നെ വേണം. സര്‍ക്കാര്‍ ഉദ്യോഗത്തിലെ ആനുപാതിക പ്രാതിനിധ്യം മുസ്‌ലിംകള്‍ക്കു കുറവാണെന്നു മാത്രമല്ല നായര്‍ സമുദായത്തിനും മറ്റു മുന്നാക്ക വിഭാഗം ഹിന്ദുക്കള്‍ക്കും ക്രൈസ്തവര്‍ക്കും കൂടുതലാണെ ന്നും കേരളപഠനം കണ്ടെത്തി. 2006 മുതല്‍ 2013 വരെയുള്ള കാലയളവില്‍ അഞ്ചു പതിപ്പുകള്‍ പ്രസിദ്ധീകരിച്ച കേരള പഠനത്തിന്റെ അഞ്ചാം പതിപ്പിലും ഇതാണു കണക്ക്. സ്ഥിതി വിവരത്തില്‍ മാറ്റങ്ങളുണ്ടായെങ്കില്‍ അത് പുതിയ പതിപ്പുകളില്‍ പരാമര്‍ശിക്കപ്പെടുമായിരുന്നു.
ജനസംഖ്യയില്‍ 12.5 ശതമാനമാണ് നായര്‍ സമുദായം. സര്‍ക്കാര്‍ ഉദ്യോഗത്തിലെ പ്രാതിനിധ്യം 21.0 ശതമാനം. ജനസംഖ്യ ആനുപാതികമായി കിട്ടേണ്ടതിലും 40.5 ശതമാനം അധികം. മറ്റു മുന്നാക്ക ഹിന്ദുക്കള്‍ 1.3 ശതമാനവും സര്‍ക്കാര്‍ ഉദ്യോഗ പ്രാതിനിധ്യം 3.1 ശതമാനവുമാണ്. അധികം ലഭിച്ചത് 56.5 ശതമാനം. ജനസംഖ്യയില്‍ 18.3 ശതമാനുള്ള ക്രൈസ്തവര്‍ക്ക് സര്‍ക്കാരുദ്യോഗങ്ങളില്‍ 20.6 ശതമാനമാണു പ്രാതിനിധ്യം. 11.0 ശതമാനം കൂടുതല്‍. മുസ്‌ലിംകളുടെ പ്രാതിനിധ്യം 11.4 ശതമാനം. അതാവട്ടെ ജനസംഖ്യക്ക് ആനുപാതികമായി ലഭിക്കേണ്ടതിലും 136.0 ശതമാനം കുറവ്. ഈഴവ സമുദായത്തിന് 22.7 ശതമാനം പ്രാതിനിധ്യമുണ്ട് സര്‍ക്കാരുദ്യോഗത്തില്‍. കുറവ് 0.02 മാത്രം. അതേക്കുറിച്ച് റിപോര്‍ട്ട് പറയുന്നു: ഈഴവരുടെ പ്രാതിനിധ്യം ഏതാണ്ട് സമതുലിതമാണ്. മറ്റൊന്നുകൂടി പറയുന്നു, മുസ്‌ലിംകളുടെ സാമൂഹിക പിന്നാക്കാവസ്ഥ ജനസംഖ്യ ആനുപാതികമായി കണക്കാക്കിയാല്‍ പട്ടികവര്‍ഗത്തേക്കാള്‍ പിന്നാക്കമാ ണെന്ന്. 'സര്‍ക്കാര്‍ ഉദ്യോഗം എന്നത് സാമൂഹിക, സാമ്പത്തിക അവസ്ഥ നിര്‍ണയിക്കുന്നതില്‍ ഒരു സുപ്രധാന ഘടകമായിരിക്കുന്ന സാഹചര്യത്തില്‍ ഈ അസന്തുലിതാവസ്ഥ അടിയന്തര ശ്രദ്ധ അര്‍ഹിക്കുന്നതാണെ'ന്നും കേരളപഠനം ചൂണ്ടിക്കാട്ടുന്നു.
അനുപാതം കൂടുമ്പോള്‍ റൊട്ടേഷന്‍ ചാര്‍ട്ടും മാറും. കൂടുതലുള്ളവര്‍ക്ക് കൂടുതല്‍ നിയമന അവസരങ്ങള്‍ ലഭിക്കും. ഇതാണ് അഡ്വ. പൂക്കുഞ്ഞിന്റെ ഹരജിയുടെ കാതല്‍. പക്ഷേ, അത് സാമൂഹിക സംഘര്‍ഷത്തിനും സമുദായങ്ങള്‍ തമ്മിലുള്ള പോരിനും അകല്‍ച്ചയ്ക്കും ഉതകുന്ന വിഷയമാക്കി കത്തിക്കാതിരിക്കാനാണ് മുസ്‌ലിം സമുദായം ശ്രദ്ധിച്ചു പോരുന്നത്. കോടതിയും സര്‍ക്കാരും തീരുമാനിക്കട്ടെ എന്ന ഈ വിട്ടുവീഴ്ചയ്ക്ക് കിട്ടേണ്ട മാര്‍ക്ക് നൂറില്‍ നൂറാണ്. എന്നാല്‍, കിട്ടുന്നതോ പൂജ്യവും. രാജ്യത്തെ മുഴുവന്‍ ചര്‍ച്ചകളുടെയും കേന്ദ്രബിന്ദു അസഹിഷ്ണുതയേക്കുറിച്ചുള്ള ഉല്‍ക്കണ്ഠ മാത്രമായി മാറുന്ന കാലത്ത് പരിഗണിക്കപ്പെടാതെ പോവുകയാണ് ഈ സഹിഷ്ണുതയുടെ തിളക്കം.
ജനസംഖ്യാനുപാതികമായി സംവരണ അനുപാതം പുനക്രമീകരിക്കണം എന്ന ആവശ്യം എല്ലാ മുസ്‌ലിം സംഘടനകളും ഇപ്പോള്‍ ഉന്നയിക്കുന്നുണ്ട്, ജനാധിപത്യപരമായ സൂക്ഷ്മതയോടെ മാത്രം. പകരം തെരുവില്‍ ഇറങ്ങി വര്‍ഗീയ വിഷം ചീറ്റുകയാണെങ്കിലോ എന്ന ചോദ്യംതന്നെ അപ്രസക്തം. എന്തുകൊണ്ടെന്നാല്‍ സമൂഹത്തിന്റെയാകെ സമാധാനമാണു പ്രധാനം. ജനാധിപത്യം അതിന്റെ കാവല്‍ക്കാരായി നിശ്ചയിച്ചിട്ടുള്ള ലെജിസ്ലേച്ചറിലും ജുഡീഷ്യറിയിലും എക്‌സിക്യൂട്ടീവിലും വിശ്വസിക്കുകയാണ് അതിന്റെ അനുബന്ധം. അതുകൊണ്ടാണ് ജനപ്രതിനിധികളിലും സര്‍ക്കാരിലും കോടതിയിലും വിശ്വസിച്ച് മുസ്‌ലിംകള്‍ നീതി കാത്തിരിക്കുന്നത്. തൊഴിലില്ലായ്മയുടെ കാര്യത്തില്‍ കേരളത്തിലെ മുസ്‌ലിംകള്‍ മറ്റു സമുദായങ്ങളുടെ മുകളിലാണ്. മാധ്യമ സ്വാധീനത്തിന്റെ കാര്യത്തില്‍ പിന്നിലും. കണക്കുകള്‍ തന്നെയാണ് ഇതും പറയുന്നത്. 18നും 25നും ഇടയില്‍ പ്രായമുള്ള മുസ്‌ലിം ചെറുപ്പക്കാരിലെ തൊഴിലില്ലായ്മ നിരക്ക് 55.2 ശതമാനമാണ്. മുന്നാക്ക ഹിന്ദുക്കളില്‍ ഇത് 39.1ഉം പിന്നാക്ക ഹിന്ദുക്കളില്‍ 40.2ഉം ആണ്. ക്രൈസ്തവരില്‍ 31.9 ശതമാനമാണു തൊഴിലില്ലായ്മ. ഹിന്ദുക്കള്‍ക്ക് 47.8 ശതമാനം പങ്കാളിത്തം ദിനപത്രങ്ങളിലും 30.3 ശതമാനം ആനുകാലികങ്ങളിലുമുണ്ട്. ക്രൈസ്തവര്‍ക്ക് 57.5 ശതമാനം, 34.4 ശതമാനം എന്നിങ്ങനെയാണ് മാധ്യമ സ്വാധീനം. മുസ്‌ലിംകള്‍ക്ക് ഇത് പത്രങ്ങളില്‍ 41.1 ശതമാനവും ആനുകാലികങ്ങളില്‍ 22.1 ശതമാനവും.
മാധ്യമങ്ങളൊക്കെ നിങ്ങളുടെ കൈയിലല്ലേ എന്നും നിങ്ങളുടെ ചെറുപ്പക്കാരൊക്കെ പണം വാരുകയല്ലേ എന്നും വെള്ളാപ്പള്ളി സംഘം. മുസ്‌ലിംകളിലെ വിദ്യാഭ്യാസ പിന്നാക്കാവസ്ഥയും ഉദ്യോഗ പ്രാതിനിധ്യത്തിലെ കുറവും തമ്മില്‍ ചേര്‍ത്തുപറയുന്ന കാലം മാറി. വിദ്യാഭ്യാസമുണ്ട് പക്ഷേ, തൊഴിലില്ല എന്നതാണു സ്ഥിതി. അര്‍ഹതയ്ക്കനുസരിച്ചു കിട്ടുന്നില്ല എന്നുതന്നെ.
മുസ്‌ലിംകളിലേക്കാണ് ഭരണത്തിന്റെ ലൈറ്റ്ഹൗസ് തിരിഞ്ഞിരിക്കുന്നത് എന്നു പരിഹസിക്കുന്നവരെ തിരിഞ്ഞുനോക്കി പരിഹസിക്കുന്ന മറ്റൊന്നാണ് അറബി സര്‍വകലാശാലയെ പുറംകാലുകൊണ്ടു തട്ടിയ സര്‍ക്കാര്‍ നടപടി. മുന്നാക്ക സമുദായ സ്‌കോളര്‍ഷിപ്പിന് 15 കോടി രൂപ സര്‍ക്കാര്‍ മാറ്റിവച്ചതും അറബി സര്‍വകലാശാലയോടു മുഖംതിരിച്ചുനിന്ന തും ഏതാണ്ട് അടുത്തടുത്ത സമയത്താണ്. അറബി സര്‍വകലാശാല എന്നാല്‍ മുസ്‌ലിം പ ള്ളിയോ മദ്‌റസയോ അല്ല. പക്ഷേ, അറബി എന്നു കേട്ടതും അതിന് ഭരണത്തില്‍ നിന്നു പാര വന്നു. അറബി സര്‍വകലാശാലയോ, എങ്കില്‍ ഒരു അരാമിയാ സര്‍വകലാശാല കുടിയായാ ലോ എന്ന് മുന്‍ ധനമന്ത്രി കെ എം മാണിക്കു പരിഹാസം. അതിന് അനുകൂലമായി ഫയലില്‍ നോട്ടെഴുതി ചീഫ് സെക്രട്ടറി ജിജി തോംസണും അഡീഷനല്‍ ചീഫ് സെക്രട്ടറി (ധനകാര്യം) ഡോ. കെ എം എബ്രഹാമും ഔദ്യോഗികമായിത്തന്നെ അതില്‍ പങ്കുചേര്‍ന്നു. മുസ്‌ലിംലീഗിന് നിര്‍ണായക സ്വാധീനമുള്ള ഭരണത്തിലാണിത്. വെള്ളാപ്പള്ളി പറയുന്നതുപോലെ മലപ്പുറത്തേക്കാണ് എല്ലാം പോവുന്നതെങ്കില്‍ ജില്ലയിലെ ഏറ്റവും വലിയ പാര്‍ട്ടി ഈ അറബി സര്‍വകലാശാലയും കൊണ്ടുപോയേനെ അങ്ങോട്ട്. പക്ഷേ, 'വര്‍ഗീയാരോപണപ്പേടി' തട്ടിയ ലീഗ് സംഭവിക്കുന്നതൊന്നും അറിയാത്ത മട്ടില്‍ കടലാസില്‍ പടംവരച്ചുകൊണ്ടിരുന്നു.
(തുടരും)

RELATED STORIES

Share it
Top