സര്‍ക്കാര്‍ ഉത്തരവ് 8000 റേഷന്‍ കടകളെ ഇല്ലാതാക്കുമെന്ന് വ്യാപാരികള്‍

തിരുവനന്തപുരം: റേഷന്‍ കടകളിലെ ഭക്ഷ്യധാന്യ വില്‍പന ശരാശരി 45 ക്വിന്റല്‍ എന്നത് 75 ക്വിന്റല്‍ വേണമെന്ന സര്‍ക്കാര്‍ ഉത്തരവ് സംസ്ഥാനത്തെ 8000 റേഷന്‍കടകളെ ഇല്ലാതാക്കുമെന്ന് ഓള്‍ കേരള റേഷന്‍ ഡീലേഴ്‌സ് അസോസിയേഷന്‍ ആരോപിച്ചു.മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന റേഷന്‍ വ്യാപാരികളുടെ യോഗത്തില്‍ 45 ക്വിന്റല്‍ എന്ന് നിശ്ചയിച്ചിരുന്നു. എന്നാല്‍, സപ്ലൈ ഓഫിസുകളില്‍ ലഭിച്ച പുതിയ ഉത്തരവില്‍ 75 ക്വിന്റല്‍ വില്‍പന വേണമെന്നാണ് പറയുന്നത്. സംസ്ഥാനത്തെ പകുതിയോളം റേഷന്‍കടകളും ഇത്രയും വില്‍പന നടത്താന്‍ പര്യാപ്തമല്ല. മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗതീരുമാനങ്ങള്‍ നടപ്പില്‍വരുത്താതെ ഉദ്യോഗസ്ഥര്‍ അട്ടിമറിക്കുകയാണെന്ന് ദേശീയ ജന. സെക്രട്ടറി ബേബിച്ചന്‍ മുക്കാടന്‍ പറഞ്ഞു. ഉദ്യോഗസ്ഥരെ കയറൂരി വിട്ടാല്‍ ഭക്ഷ്യവകുപ്പ് നാണംകെടലാവും ഫലം. ഇ-പോസ് മെഷീനുകള്‍ സ്ഥാപിക്കുന്നതോടെ ഇഷ്ടമുള്ള റേഷന്‍കടകളില്‍ നിന്ന് സാധനം വാങ്ങാമെന്നായിരുന്നു ആദ്യ നിര്‍ദേശം. എന്നാല്‍, ഈ തീരുമാനവും ഭക്ഷ്യവകുപ്പ് ഉപേക്ഷിച്ചു. തൊഴില്‍ നഷ്ടപ്പെടുന്നതിനാല്‍ കട ഉടമകളും കാര്‍ഡ് അകലെയുള്ള കടയിലേക്ക് മാറ്റുന്നതിനാല്‍ പൊതുജനങ്ങളും പ്രതിഷേധത്തിലാണ്. സംസ്ഥാനത്ത് ഇതുവരെ റേഷന്‍ കാര്‍ഡ് ആധാറുമായി ബന്ധിപ്പിച്ചത്് 39.57 ശതമാനം പേര്‍ മാത്രമാണ്. ജനു. ഒന്നിന് കമ്മീഷന്‍ തടഞ്ഞതില്‍ പ്രതിഷേധിച്ച് ട്രഷറികള്‍ക്ക് മുമ്പില്‍ ധര്‍ണ നടത്തുമെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാന ജനറല്‍ സെക്രട്ടറി സോമന്‍ കിടാരക്കുഴി, വൈസ് പ്രസിഡന്റ് പാറശ്ശാല സന്തോഷ്, ജില്ലാ പ്രസിഡന്റ് ആര്‍ വേണുഗോപാല്‍ പങ്കെടുത്തു.

RELATED STORIES

Share it
Top