സര്‍ക്കാര്‍ ഉത്തരവുണ്ടായിട്ടും പട്ടയം കിട്ടാതെ കുടുംബങ്ങള്‍

സുല്‍ത്താന്‍ ബത്തേരി: സര്‍ക്കാര്‍ ഉത്തരവുണ്ടായിട്ടും സുല്‍ത്താന്‍ ബത്തേരി ഫെയര്‍ലാന്റ്, സീക്കുന്ന് പ്രദേശങ്ങളിലെ കുടുംബങ്ങള്‍ക്ക് ഇതുവരെ പട്ടയം ലഭിച്ചില്ല. 231 കുടുംബങ്ങളുടെ കാത്തിരിപ്പാണ് അനിശ്ചിതമായി നീളുന്നത്.
കൈവശക്കാര്‍ ഇതിനകം നല്‍കിയ അപേക്ഷകളും പട്ടയാവകാശ സംരക്ഷണ സമിതിയുടെ നേതൃത്വത്തില്‍ നടത്തിയ പ്രക്ഷോഭങ്ങളും ഫലം ചെയ്തില്ല. അപക്ഷിച്ചതില്‍ 45 കുടുംബങ്ങള്‍ക്കു മാത്രമാണ് ഇതിനകം പല ഘട്ടങ്ങളിലായി പട്ടയം അനുവദിച്ചത്. ഒന്നര മാസം മുമ്പാണ് രണ്ടു കുടുംബങ്ങള്‍ക്ക് പട്ടയം ലഭിച്ചത്. ഫെയര്‍ലാന്റിലും സീക്കുന്നിലുമായി 18.8 ഹെക്റ്റര്‍ ഭൂമിയില്‍ പതിറ്റാണ്ടുകളായി താമസിച്ചുവരുന്നതാണ് ഈ കുടുംബങ്ങള്‍. 20 സെന്റില്‍ ചുവടെ ഭൂമി കൈവശം വയ്ക്കുന്നവരാണ് ഇവരില്‍ അധികവും.
മുഴുവന്‍ കൈവശക്കാര്‍ക്കും പട്ടയം നല്‍കാന്‍ 2010 ആഗസ്ത് നാലിനാണ് സര്‍ക്കാര്‍ ഉത്തരവായത്. ഇതു പ്രാവര്‍ത്തികമാക്കുന്നതില്‍ ഉദ്യോഗസ്ഥര്‍ വരുത്തിയ വീഴ്ചയാണ് കൈവശക്കാര്‍ക്കു വിനയായത്. പട്ടയം ഇല്ലാത്തതിനാല്‍ കടുത്ത പ്രയാസങ്ങളാണ് കൈവശക്കാര്‍ അനുഭവിക്കുന്നത്.
റേഷന്‍കാര്‍ഡും വൈദ്യുതി-കുടിവെള്ള കണക്ഷനും കൈവശക്കാര്‍ക്ക് നിഷേധിക്കുകയാണ്. മറ്റുള്ളവരെ അപേക്ഷിച്ച് ഭവന നികുതി മൂന്നിരട്ടിവരെ നല്‍കാനും കൈവശ കുടുംബങ്ങള്‍ നിര്‍ബന്ധിതരാവുകയാണ്.
ഫെയര്‍ലാന്റ്-സീക്കുന്ന് പട്ടയപ്രശ്‌നം പരിഹരിക്കുന്നതിന് 2017 ഒക്ടോബര്‍ 11നു കല്‍പ്പറ്റയില്‍ ജില്ലാ കലക്ടറുടെ അധ്യക്ഷതയില്‍ യോഗം ചേര്‍ന്നിരുന്നു. ഒരു മാസത്തിനകം പ്രശ്‌നം പരിഹരിക്കുമെന്നു യോഗത്തില്‍ കലക്ടര്‍ ഉറപ്പുനല്‍കിയെങ്കിലും വെറുതെയായി.
ഇതേത്തുടര്‍ന്ന്  ഫെബ്രുവരി 12നു സുല്‍ത്താന്‍ ബത്തേരി മിനി സിവില്‍സ്‌റ്റേഷനു മുന്നില്‍ പട്ടയാവകാശ സംരക്ഷണ സമിതിയുടെ നേതൃത്വത്തില്‍ കൈവശ കുടുംബങ്ങള്‍ സമരം ചെയ്തിരുന്നു. അന്നു പ്രശ്‌നത്തില്‍ ഇടപെട്ട ഐ സി ബാലകൃഷ്ണന്‍ എംഎല്‍എയും ഡെപ്യൂട്ടി കലക്ടറും അര്‍ഹരായ മുഴുവന്‍ കൈവശക്കാര്‍ക്കും മാര്‍ച്ച് 30നകം പട്ടയം ലഭിക്കുന്നതിനു നടപടി സ്വീകരിക്കുമെന്ന് ഉറപ്പുനല്‍കിയതും വെറുതെയായി.

RELATED STORIES

Share it
Top