സര്‍ക്കാര്‍ ഇരയോടൊപ്പം: ഇ പി ജയരാജന്‍

കണ്ണൂര്‍: ബിഷപ്പിന്റെ അറസ്റ്റില്‍ സര്‍ക്കാരിന്റേത് ശരിയായ നിലപാടാണെന്നു വ്യവസായമന്ത്രി ഇ പി ജയരാജന്‍. സര്‍ക്കാര്‍ സമരം ചെയ്യുന്ന കന്യാസ്ത്രീകളോടൊപ്പമാണ്. ഒരു കുറ്റവാളിയും രക്ഷപ്പെടാനുള്ള നിലപാട് സര്‍ക്കാരിന്റെ ഭാഗത്തുനിന്നുണ്ടാവില്ല. ഏതു പ്രശ്‌നങ്ങളിലും സര്‍ക്കാരിന്റേത് ശരിയായ നിലപാടാണെന്നതാണ് ബിഷപ്പിന്റെ അറസ്റ്റും വ്യക്തമാക്കുന്നത്. എല്ലാ തെളിവുകളും ഉറപ്പുവരുത്തിയാണ് അറസ്റ്റ് ചെയ്തത്.
ഏതു സാഹചര്യങ്ങളെയും ദുരുപയോഗപ്പെടുത്താനുള്ള സാഹചര്യം കണക്കിലെടുക്കണമെന്നാണ് കോടിയേരി സൂചിപ്പിച്ചത്. വസ്തുതയില്ലാതെ പറയുന്ന ആളല്ല അദ്ദേഹം. കോടിയേരിയുടെ അഭിപ്രായം അടര്‍ത്തിയെടുത്തു വായിക്കുന്നതാണു പ്രശ്‌നം. മുഴുവനായി വായിക്കുമ്പോള്‍ വസ്തുത മനസ്സിലാവും. എല്ലാ വസ്തുതകളും പരിശോധിച്ച ശേഷമേ സര്‍ക്കാരിന് അഭിപ്രായം പറയാനാവൂ. രാഷ്ട്രീയപ്പാര്‍ട്ടികള്‍ അവരുടെ നിരീക്ഷണത്തിന്റെ അടിസ്ഥാനത്തില്‍ അഭിപ്രായം പറയും. ഒരു ബിഷപ്പുമായും കൂടിയാലോചനയ്ക്ക് സമയം നിശ്ചയിച്ചിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. കണ്ണൂരില്‍ കൈത്തറിത്തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് ആനുകൂല്യവിതരണം ഉദ്ഘാടനം ചെയ്യാനെത്തിയതായിരുന്നു മന്ത്രി.

RELATED STORIES

Share it
Top