സര്‍ക്കാര്‍ ആശുപത്രികളില്‍ പുതിയ പദ്ധതികളൊരുങ്ങുന്നു

തിരുവനന്തപുരം: ആരോഗ്യവകുപ്പിന്റെ നേതൃത്വത്തില്‍ സംസ്ഥാനത്തെ സര്‍ക്കാര്‍ ആശുപത്രികളില്‍ പുതിയ പദ്ധതികള്‍ വരുന്നു. പ്രമേഹം മൂലമുള്ള അന്ധത വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ അന്ധത പരിശോധിക്കുന്നതിന് നൂതന സാങ്കേതികവിദ്യകള്‍ ഉപയോഗിച്ചുള്ള നേത്രചികില്‍സയ്ക്ക് സംവിധാനമൊരുക്കും. ചികില്‍സ ആവശ്യമായവര്‍ക്ക് ജില്ലാ, താലൂക്ക് ആശുപത്രികളില്‍ ലേസര്‍ ചികില്‍സ ലഭ്യമാക്കുന്ന പദ്ധതി ജൂണില്‍ ആരംഭിക്കും. എറണാകുളം ഗവ. മെഡിക്കല്‍ കോളജില്‍ സൂപ്പര്‍ സ്‌പെഷ്യാലിറ്റി ബ്ലോക്ക് നിര്‍മാണപ്രവര്‍ത്തനങ്ങള്‍ ജൂണില്‍ ആരംഭിക്കും. 44 താലൂക്ക് ആശുപത്രികളില്‍ ഡയാലിസിസ് യൂനിറ്റുകള്‍ ഘട്ടംഘട്ടമായി ആരംഭിക്കും.
ഹൃദ്രോഗികളുടെ ആശങ്കാജനകമായ വര്‍ധന പരിഗണിച്ച് സംസ്ഥാനത്തെ 10 ജില്ലാ ആശുപത്രികളില്‍ മികവുറ്റ ഹൃദ്രോഗ ചികില്‍സാകേന്ദ്രങ്ങള്‍ ആരംഭിക്കാനും ആരോഗ്യവകുപ്പ് തീരുമാനമായി. ഇടുക്കി, പത്തനംതിട്ട, വയനാട്, കണ്ണൂര്‍ ജില്ലകള്‍ ഒഴികെയുള്ള 10 ജില്ലകളിലെ ജില്ലാ ആശുപത്രികളിലാണ് ആധുനിക സംവിധാനങ്ങളുള്ള ഹൃദ്രോഗ ചികില്‍സാകേന്ദ്രങ്ങള്‍ ആരംഭിക്കുന്നത്. ആന്റി മൈക്രോബിയല്‍ റസിസ്റ്റന്‍സ് കൈകാര്യം ചെയ്യാനുള്ള ആക്ഷന്‍ പ്ലാന്‍ ഉടനെ പ്രഖ്യാപിക്കും.
ഇതിന്റെ ഭാഗമായി എല്ലാ മെഡിക്കല്‍ കോളജിലും ലോകാരോഗ്യസംഘടന നിര്‍ദേശിച്ചിട്ടുള്ള ആറ് ഡ്രഗ് റസിസ്റ്റന്റ് മൈക്രോബുകളുടെ മരുന്നുകളോടുള്ള സെന്‍സിറ്റിവിറ്റി പരിശോധിക്കാനും അതനുസരിച്ച് ആന്റിബയോട്ടിക്കുകളുടെ ഉപയോഗം ക്രമീകരിക്കാനും നടപടി സ്വീകരിച്ചിട്ടുണ്ട്.
ഒപ്പം രാജീവ്ഗാന്ധി സെന്റര്‍ ഫോര്‍ ബയോടെക്‌നോളജിയുടെ നേതൃത്വത്തില്‍ രോഗാണുക്കളുടെ മരുന്നുകളോടുള്ള പ്രതികരണം കണ്ടെത്താനുള്ള ഗവേഷണം ആരോഗ്യവകുപ്പ് കേരള കാര്‍ഷിക സര്‍വകലാശാല, കേരള വെറ്ററിനറി സര്‍വകലാശാല, മഹാത്മാഗാന്ധി സര്‍വകലാശാല, വിവിധ കോര്‍പറേറ്റ് ആശുപത്രികള്‍ എന്നിവയുടെ സഹകരണത്തോടെ നടത്തിവരുകയാണ്. എല്ലാ ജില്ലയിലെയും ഒരു താലൂക്ക് ആശുപത്രിയിലെങ്കിലും പൈലറ്റ് അടിസ്ഥാനത്തില്‍ ഈവനിങ് സ്‌പെഷ്യാലിറ്റി ഒപി സംവിധാനവും ആരംഭിക്കും.

RELATED STORIES

Share it
Top