സര്‍ക്കാര്‍ ആശുപത്രികള്‍ സ്മാര്‍ട്ടാവും

മലപ്പുറം: സംസ്ഥാന ആരോഗ്യവകുപ്പിന്റെ ഇ-ഹെല്‍ത്ത് പദ്ധതി ജില്ലയില്‍ നടപ്പിലാക്കുന്നതിനുള്ള നടപടികള്‍ തുടങ്ങി. ആധാര്‍ കാര്‍ഡുമായി ബന്ധിപ്പിച്ചുകൊണ്ട്  ഇ ഹെല്‍ത്ത് പദ്ധതി പൂര്‍ത്തീകരിക്കപ്പെടുമ്പോള്‍ സര്‍ക്കാര്‍ ആശുപത്രികളിലെ സേവനങ്ങള്‍ രോഗികള്‍ക്ക് എളുപ്പത്തില്‍ ലഭ്യമാകും. വീട്ടിലിരുന്ന് തന്നെ സര്‍ക്കാര്‍ ആശുപത്രിയിലെ സേവനങ്ങളെക്കുറിച്ചറിയാനും ഒപി ടിക്കറ്റ് ബുക്ക് ചെയ്യാനും  സാധിക്കുന്ന വിധത്തിലാണ് പദ്ധതി തയ്യാറാക്കുന്നത്.
ഇതിനായി 17 മുതല്‍ മെയ് 16 വരെ ഇ ഹെല്‍ത്ത് രജിസ്‌ട്രേഷന്‍ കാംപ് നടത്തും. ആരോഗ്യ ഉപകേന്ദ്രങ്ങള്‍  വഴി ഓരോ വാര്‍ഡിലും പ്രത്യേകം ബൂത്തുകള്‍ സജ്ജീകരിക്കും. ഒരു കുടുംബത്തിലെ ഒരംഗത്തിന് എല്ലാവരുടെയും  ആധാര്‍ കാര്‍ഡുമായി വന്ന്  രജിസ്‌ട്രേഷന്‍ നടത്താവുന്നതാണ്.
ആധാര്‍ രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാകുന്നതോടെ ആരോഗ്യവകുപ്പ് ജീവനക്കാര്‍ കുടുംബാരോഗ്യ സര്‍വേ നടത്തും. കുടുംബത്തിലെ ഓരോ അംഗത്തിന്റെയും ആരോഗ്യ സംബന്ധമായ വിവരങ്ങള്‍  ശേഖരിക്കും. ഈ പ്രക്രിയ പൂര്‍ത്തിയാകുന്നതോടെ ആശുപത്രി സേവനങ്ങള്‍ വിരല്‍ തുമ്പില്‍ ലഭിച്ചുതുടങ്ങും. കുടുംബത്തിന്റെ ആരോഗ്യം, ജീവിതസാഹചര്യം, ഭക്ഷണം, കുടിവെള്ളം, പ്രദേശത്തെ മാലിന്യത്തിന്റെ തോത് തുടങ്ങിയ വിവരങ്ങളും ശേഖരിക്കുന്നുണ്ട്.
രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കുന്നതോടെ ഓരോ വ്യക്തിക്കും പ്രത്യേകം  നമ്പര്‍ നല്‍കും. ഒപിയിലെത്തി നമ്പരും വിരലടയാളവും നല്‍കിയാല്‍ ഡോക്ടര്‍ക്ക് രോഗിയുടെ മുന്‍കാല രോഗവിവരങ്ങള്‍ പോലും ലഭ്യമാകും.
മരുന്നിന്റെ കുറിപ്പ് രോഗിയോ സഹായിയോ ഫാര്‍മസിയില്‍ എത്തും മുമ്പ് തന്നെ ഫാര്‍മസിസ്റ്റിന് കിട്ടും. പരിശോധനാഫലവും ഓണ്‍ലൈനില്‍ ലഭിക്കും. രോഗിയെ മറ്റൊരു ആശുപത്രിയിലേക്ക് റഫര്‍ ചെയ്യാനും റഫറല്‍ ആശുപത്രിയില്‍ നിന്നുള്ള സേവനം സുഗമമാക്കാനും ഇ ഹെല്‍ത്ത് സംവിധാനം സഹായകമാകും.
ഇ ഹെല്‍ത്ത് പദ്ധതി നടപ്പിലാക്കുന്നതിനെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ കലക്ടറേറ്റില്‍ ചേര്‍ന്ന യോഗത്തില്‍ ജില്ലാകലക്ടര്‍ അമിത് മീണ അധ്യക്ഷതവഹിച്ചു.  ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ സക്കീന, ഇ ഹെല്‍ത്ത് നോഡല്‍ ഓഫീസര്‍ ഡോ. അഫ്‌സല്‍ പങ്കെടുത്തു.

RELATED STORIES

Share it
Top