സര്‍ക്കാര്‍ ആശുപത്രികളെ മികവിന്റെ കേന്ദ്രങ്ങളാക്കും: ആരോഗ്യ മന്ത്രി

ആലപ്പുഴ: ജില്ലയിലെ സര്‍ക്കാര്‍ ആശുപത്രികളുടെ അടിസ്ഥാന സൗകര്യം വര്‍ധിപ്പിച്ച് രോഗീ സൗഹൃദമാക്കി മികവിന്റെ കേന്ദ്രമാക്കാനുള്ള ഊര്‍ജിത ശ്രമം നടന്നുവരുന്നതായി ആരോഗ്യ മന്ത്രി കെകെ ശൈലജ ടീച്ചര്‍.  പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍ മുതല്‍ മെഡിക്കല്‍ കോളജുകള്‍ വരെയുള്ള ആശുപത്രിപത്രികളുടെ ഗുണനിലവാരം വര്‍ധിപ്പിക്കുന്നതിനായി ആരോഗ്യ വകുപ്പ് നിരവധി പദ്ധതികളാണ് ആവിഷ്‌കരിച്ച് നടപ്പാക്കുന്നത്. ജില്ലയില്‍ ആരോഗ്യ വകുപ്പില്‍ പുതുതായി 109 തസ്തികകളും മെഡിക്കല്‍ കോളജില്‍ 76 തസ്തികളും സൃഷ്ടിച്ചതായും മന്ത്രി പറഞ്ഞു. ആലപ്പുഴയിലേയും സമീപ ജില്ലകളിലെയും ജനങ്ങളുടെ പ്രധാന ആശ്രയ കേന്ദ്രമാണ് ആലപ്പുഴ ഗവ. മെഡിക്കല്‍ കോളജ്. മറ്റ് മെഡിക്കല്‍ കോളജുകള്‍ സമീപത്തില്ലാത്തതും വലിയ സ്വകാര്യ ആശുപത്രികളുടെ അഭാവവും ഇവിടെ ചികില്‍സ തേടിയെത്തുന്നവരുടെ എണ്ണത്തില്‍ വലിയ വര്‍ധനവാണുണ്ടാക്കുന്നത്. പ്രതിദിനം 3,300 ലധികം പേര്‍ ഒപിയിലും 450 ലധികം പേര്‍ അത്യാഹിത വിഭാഗത്തിലും ചികില്‍സ തേടിയെത്തുന്നു. മതിയായ ജീവനക്കാരുടേയും അത്യാധുനിക സജ്ജീകരണങ്ങളുടേയും കുറവ് കാരണം മുന്‍കാലങ്ങളില്‍ രോഗികളെ മറ്റ് മെഡിക്കല്‍ കോളജുകളിലേക്ക് പറഞ്ഞയയ്ക്കുകയായിരുന്നു ചെയ്തിരുന്നത്. ഇതിന് മാറ്റം വരുത്താന്‍ സര്‍ക്കാര്‍ തീവ്ര ശ്രമം നടത്തുന്നു. 2016-17 ല്‍ 70 കോടി രൂപയുടേയും 2017-18ല്‍ ഇതുവരെ 13 കോടി രൂപയുടേയും വികസന പ്രവര്‍ത്തനങ്ങളാണ് നടത്തിയത്.  മതിയായ ജീവനക്കാരുടെ തസ്തിക സൃഷ്ടിക്കുകയും മികച്ച അത്യാധുനിക സൗകര്യങ്ങള്‍ ഒരുക്കുകയും ചെയ്തു. ഡോക്ടര്‍മാരും നഴ്‌സുമാരും ഉള്‍പ്പെടെ 76 തസ്തികളാണ് മെഡിക്കല്‍ കോളജില്‍ സൃഷ്ടിച്ചത്. ഒപി കൗണ്ടറിലെ ക്യൂ അവസാനിപ്പിക്കുന്നതിനായി 2.5 കോടിയുടെ ഒപി നവീകരണ പ്രവര്‍ത്തനങ്ങള്‍ നടന്നുവരുന്നു. ഒപിയിലെത്തി ഡോക്ടറെ കണ്ട് മടങ്ങുന്നതുവരെ രോഗീസൗഹൃദമാക്കാനുള്ള ഇ-ഹെല്‍ത്ത് ഉള്‍പ്പെടെയുള്ള പദ്ധതികളാണ് ആവിഷ്‌കരിക്കുന്നത്. ഓണ്‍ലൈന്‍ വഴി ഒപിടിക്കറ്റെടുത്ത് വരാന്‍ പറ്റുന്ന സാങ്കേതിക വിദ്യയും നടപ്പാക്കും. ട്രോമകെയറിന പ്രാധാന്യം നല്‍കി എമര്‍ജന്‍സി മെഡിസിന്‍ വിഭാഗം ഒരുക്കുന്നു. എല്ലാ സ്‌പെഷ്യാലിറ്റി സൗകര്യങ്ങളുമുള്ള ട്രോമകെയര്‍ സംവിധാനമാണ് മെഡിക്കല്‍ കോളജിലൊരുക്കുന്നത്. അത്യാഹിത വിഭാഗത്തില്‍ മെഡിസിന്‍, സര്‍ജറി, ഓര്‍ത്തോപീഡിക്‌സ് തുടങ്ങിയ പല വിഭാഗങ്ങളുണ്ടെങ്കിലും അവയുടെ ഏകീകരണമില്ലാത്തതിനാല്‍ പലപ്പോഴും ചികില്‍സയ്ക്ക് കാലതാമസമെടുക്കാറുണ്ട്. ഇത് മനസ്സിലാക്കി ഇവയെല്ലാം ഏകോപിച്ചൊരു ചികില്‍സാ സമ്പ്രദായം ലഭ്യമാക്കാനാണ് എമര്‍ജന്‍സി മെഡിസിന്‍ വിഭാഗം പുതുതായി തുടങ്ങുന്നത്. 16 കോടി രൂപയാണ് ട്രോമകെയറിനായി ഇതുവരെ ചെലവഴിച്ചത്.11 കോടി രൂപയുടെ മള്‍ട്ടി ഡിസിപ്ലിനറി ഐസിയു., ഉയര്‍ന്ന സാങ്കേതികവിദ്യയുള്ള ഐസിയു അറ്റാച്ച്ഡ് കാത്ത്‌ലാബ്, 24 മണിക്കൂര്‍ അത്യാഹിത വിഭാഗ ഫാര്‍മസി, ഒപി ലാബ് എന്നിവയും പ്രവര്‍ത്തനസജ്ജമായി.  12 കോടിയുടെ എംആര്‍ഐ സ്‌കാന്‍, 3 കോടിയുടെ സിടി സ്‌കാന്‍, 50 ലക്ഷത്തിന്റെ എച്ച്ഡിയുഎസ്ജി, 44 ലക്ഷത്തിന്റെ ഇലക്‌ട്രോ ഫിസിയോളജി യൂനിറ്റ്, 24 ലക്ഷത്തിന്റെ ടിഎംടി മെഷീന്‍, 28 ലക്ഷത്തിന്റെ എക്കോ മെഷീന്‍ എന്നിവയും സജ്ജമാക്കിക്കൊണ്ടിരിക്കുന്നതായും മന്ത്രി അറിയിച്ചു.

RELATED STORIES

Share it
Top