സര്‍ക്കാര്‍ ആശുപത്രികളില്‍ സമ്പൂര്‍ണ സൗജന്യ ചികില്‍സ ലഭ്യമാക്കണം: മന്ത്രിആലപ്പുഴ: മെഡിക്കല്‍ കോളജ് ആശുപത്രികള്‍ വരെയുള്ള മുഴുവന്‍ സര്‍ക്കാര്‍ ആശുപത്രികളിലും സമ്പൂര്‍ണ സൗജന്യ ചികില്‍സ ലഭ്യമാക്കണമെന്ന് മന്ത്രി ജി സുധാകരന്‍ പറഞ്ഞു. സ്വകാര്യ ആശുപത്രികളില്‍ ഫീസ് കുറയാന്‍ ഇത് വഴിയൊരുക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. മാധ്യമ പ്രവര്‍ത്തകര്‍ക്കും കുടുംബാംഗങ്ങള്‍ക്കുമായി ആലപ്പുഴ പ്രസ് ക്ലബ്ബ് തിരുവല്ല ബിലീവേഴ്‌സ് ചര്‍ച്ച് മെഡിക്കല്‍ കോളജിന്റെ സഹകരണത്തോടെ സംഘടിപ്പിച്ച സൗജന്യ മെഗാ മെഡിക്കല്‍ ക്യാംപ് ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. ചികില്‍സാ ചെലവ് അനുദിനം വര്‍ദ്ധിക്കവേ, ഇതു സംബന്ധിച്ച് ചര്‍ച്ച നടക്കുന്നതല്ലാതെ മാറ്റങ്ങളൊന്നും സംഭവിക്കുന്നില്ല. ചില സ്വകാര്യ ആശുപത്രിക്കാര്‍ രോഗി മരിച്ചാലും ദിവസങ്ങളോളം വെന്റിലേറ്ററില്‍ കിടത്തി ബന്ധുക്കളില്‍ നിന്നു പണം പിഴിയുന്നു. ഇത്തരം ചില ആശുപത്രികളെ തനിക്കറിയാം. വീടും പറമ്പും വിറ്റാണ് പാവപ്പെട്ട ആളുകള്‍ ചികില്‍സ നടത്തുന്നത്. ഒടുവില്‍ രോഗി മരിക്കുകയും ചെയ്യുന്നു. വലിയൊരു സാമൂഹിക പ്രശ്‌നമായി ഇത് മാറിയിരിക്കുകയാണെന്നും  മന്ത്രി പറഞ്ഞു. പ്രസ്‌ക്ലബ്ബ് പ്രസിഡന്റ് വി എസ്  ഉമേഷ് അധ്യക്ഷത വഹിച്ചു. ബിലീവേഴ്‌സ് ചര്‍ച്ച് മെഡിക്കല്‍ കോളജ് കാര്‍ഡിയോളജി വിഭാഗം മേധാവി ഡോ. ജോണ്‍ വല്ല്യത്ത് ആരോഗ്യ ബോധവത്കരണ കഌസെടുത്തു. ഡോ. ഏബല്‍ കെ ശാമുവേല്‍ ആമുഖ പ്രഭാഷണവും ക്യാമപ് കോ-ഓഡിനേറ്റര്‍ അവിര ചാക്കോ വിശദീകരണവും നടത്തി.  സെക്രട്ടറി ജി ഹരികൃഷ്ണന്‍ സ്വാഗതവും ആരോഗ്യ കമ്മിറ്റി കണ്‍വീനര്‍ ടി കെ അനില്‍കുമാര്‍ നന്ദിയും പറഞ്ഞു. ഏഴു ഡോക്ടര്‍മാരുടെ സേവനമുണ്ടായിരുന്നു. നൂറോളം പേര്‍ ക്യാംപ് പ്രയോജനപ്പെടുത്തി.

RELATED STORIES

Share it
Top