സര്‍ക്കാര്‍ അവഗണിച്ചു; പട്ടിണി സഹിച്ചും അവരെത്തി

സി  കെ  ഷാനു

തിരുവനന്തപുരം: ഓഖി ചുഴലിക്കാറ്റിനെ തുടര്‍ന്നു മഹാരാഷ്ട്ര തീരത്തണഞ്ഞ മലയാളികളോട് അവഗണന കാട്ടി സര്‍ക്കാര്‍. വാഗ്ദാനം ചെയ്ത ഇന്ധനവും ചെലവിനുള്ള തുകയും നല്‍കാതെ പാതിവഴിയില്‍ ഇറക്കിവിടുകയാണു ദുരന്തമുഖത്തു നിന്നു കഷ്ടിച്ചു രക്ഷപ്പെട്ടവരോടു സംസ്ഥാന സര്‍ക്കാര്‍ ചെയ്തത്.പുന്തുറ സ്വദേശികളായ മല്‍സ്യത്തൊഴിലാളികള്‍ ഇന്നലെ തിരുവനന്തപുരത്ത് എത്തിയപ്പോള്‍ തീര്‍ത്തും അവശരായിരുന്നു. മൂന്നു ദിവസമായി പട്ടിണിയിലാണെന്നും ഇവര്‍ പറഞ്ഞു. ഓഖി ദുരന്തത്തില്‍ കൂടുതല്‍ അത്യാഹിതങ്ങള്‍ റിപോര്‍ട്ട് ചെയ്യവെ 60ല്‍പരം ബോട്ടുകള്‍ മഹാരാഷ്ട്ര തീരത്ത് സുരക്ഷിതരായി എത്തിയെന്ന റിപോര്‍ട്ടുകള്‍ ഏറെ ആശ്വാസത്തോടെയാണു കേരളം കേട്ടത്. തുടര്‍ന്നു രക്ഷപ്പെട്ട മലയാളികളെ തിരിച്ച് കേരളത്തിലെത്തിക്കുമെന്നു മഹാരാഷ്ട്ര സര്‍ക്കാരും സംസ്ഥാന സര്‍ക്കാരും അറിയിച്ചു. എന്നാല്‍ തങ്ങളുടെ ഉപജീവന മാര്‍ഗമായ ബോട്ടുകള്‍ ഉപേക്ഷിച്ചു മടങ്ങില്ലെന്നു മല്‍സ്യത്തൊഴിലാളികള്‍ പറഞ്ഞതോടെ സര്‍ക്കാര്‍ സഹായം വാഗ്ദാനം ചെയ്തു. താല്‍ക്കാലിക ആശ്വാസമായി 2,500 രൂപയും കേരളത്തിലെത്താനുള്ള 1000 ലിറ്റര്‍ ഇന്ധനവും ബോട്ടുകള്‍ക്ക് നല്‍കാന്‍ തീരുമാനിച്ചു. കേരളത്തിലേക്കു തിരിച്ചുകൊണ്ടുവരാനുള്ള നടപടികള്‍ ഊര്‍ജിതമാക്കുന്നതിന് പോലിസ് സംഘത്തെ മഹാരാഷ്ട്രയിലേക്ക് അയക്കാനും തീരുമാനമായി. എന്നാല്‍ കേരളത്തില്‍ നിന്നു പുറപ്പെട്ട രക്ഷാസംഘത്തില്‍ നിന്ന് കയ്പു നിറഞ്ഞ അനുഭവമാണ് ഇവര്‍ക്ക് നേരിടേണ്ടിവന്നത്. 1000 ലിറ്റര്‍ ഇന്ധനവും 2500 രൂപയും നല്‍കാന്‍ മഹാരാ്രഷ്ടയില്‍ എത്തിയ അധികൃതര്‍ തയ്യാറായില്ല. പകരം 420 രൂപയും 600 ലിറ്റര്‍ ഇന്ധനവുമാണു നല്‍കിയത്. കേരളത്തിലെത്താന്‍ കൂടുതല്‍ ഇന്ധനം അത്യാവശ്യമാണെന്നു പറഞ്ഞ മല്‍സ്യത്തൊഴിലാളികളോട് ഇത്ര മാത്രമേ അനുവദിക്കാനാവൂഎന്നാണ് ഉദ്യോഗസ്ഥര്‍ പറഞ്ഞത്. ഇതോടെ ലഭിച്ച ഇന്ധനവുമായി ഇവര്‍ ഉറ്റവരെ തേടി ബോട്ടില്‍ യാത്ര പുറപ്പെടുകയായിരുന്നു. തുടര്‍ന്ന് ബോട്ട് കര്‍ണാടകയിലെ മലപ്പ തീരത്തെത്തിയപ്പോള്‍ ഡീസല്‍ തീര്‍ന്നു.  ഉറ്റവരെ കാണാനുള്ള ആഗ്രഹത്താല്‍ ബോട്ട് സുരക്ഷിത സ്ഥാനത്ത് ഏല്‍പ്പിച്ച് ട്രെയിനിലും ബസ്സിലുമായാണ് ഇവര്‍ തിരുവനന്തപുരത്തെത്തിയത്.

RELATED STORIES

Share it
Top