സര്‍ക്കാര്‍ അറിയാതെ പോലിസ് ആസ്ഥാനത്ത് നിയമനം ; വിവാദമായപ്പോള്‍ ഉദ്യോഗസ്ഥനെ മാറ്റി സെന്‍കുമാര്‍തിരുവനന്തപുരം: സര്‍ക്കാരിനെ അറിയിക്കാതെ പോലിസ് ആസ്ഥാനത്ത് സുപ്രധാന നിയമനം നടത്തിയ ഡിജിപി സെന്‍കുമാറിന്റെ നടപടി വിവാദമായതോടെ ഉത്തരവില്‍ സ്വയം തിരുത്തല്‍ വരുത്തി ഡിജിപി. സ്റ്റുഡന്റ്‌സ് പോലിസ് നോഡല്‍ ഓഫിസറായി ഐജി വിജയനെ നിയമിച്ചുകൊണ്ട് കഴിഞ്ഞദിവസം പുറത്തിറക്കിയ ഉത്തരവാണ് ആഭ്യന്തരവകുപ്പിന്റെ വിമര്‍ശനത്തെ തുടര്‍ന്ന് സെന്‍കുമാര്‍ തിരുത്തിയത്. പുതിയ നോഡല്‍ ഓഫിസറായി ഷെഫിന്‍ അഹമ്മദിനെ നിയമിച്ചുകൊണ്ട് പുതുക്കിയ ഉത്തരവ് ഇന്നലെ ഡിജിപി പുറത്തിറക്കി. സ്റ്റുഡന്റ്‌സ് പോലിസിന്റെ ചുമതല വഹിച്ചിരുന്ന ആനന്ദകൃഷ്ണന്‍ ട്രാന്‍സ്‌പോ ര്‍ട്ട് കമ്മീഷണറായി നിയമിതനായപ്പോള്‍ പകരം ചുമതല എഡിജിപി ബി സന്ധ്യയ്ക്കായിരുന്നു. ഈ ഉത്തരവില്‍ തിരുത്തല്‍ വരുത്തിയ സെന്‍കുമാര്‍ മുമ്പ് ഒഴിവാക്കിയ സ്‌റ്റേറ്റ് നോഡല്‍ ഓഫിസറെന്ന തസ്തിക വീണ്ടും സൃഷ്ടിച്ചാണ് പി വിജയനെ പദ്ധതിയുടെ തലപ്പത്തേക്ക് കൊണ്ടുവന്നത്. എന്നാല്‍, ഇക്കാര്യം വകുപ്പ് മന്ത്രികൂടിയായ മുഖ്യമന്ത്രിയെ ഡിജിപി സെന്‍കുമാര്‍ അറിയിച്ചിരുന്നില്ല. ഇതില്‍ ആഭ്യന്തരവകുപ്പ് ശക്തമായ വിയോജിപ്പ് രേഖപ്പെടുത്തിയതോടെ തന്റെ മുന്‍ ഉത്തരവ് സെന്‍കുമാര്‍തന്നെ തിരുത്താന്‍ നിര്‍ബന്ധിതനാവുകയായിരുന്നു. ചെയര്‍മാന്‍ സ്ഥാനത്ത് ഉണ്ടായിരുന്ന എഡിജിപി പത്മകുമാറിന് പകരമായി ദക്ഷിണമേഖലാ എഡിജിപി ബി സന്ധ്യക്ക് ചുമതല നല്‍കുകയും ചെയ്തിട്ടുണ്ട്. സിഐ റാങ്കിന് മുകളിലുളള ഉദ്യോഗസ്ഥരുടെ തൊഴില്‍ വിഭജനം നടത്താനും ചുമതലകള്‍ നല്‍കാനുമുളള പൂര്‍ണ അധികാരം സര്‍ക്കാരിന് ആണെന്നിരിക്കേ സ്റ്റുഡന്റ്‌സ്് പോലിസ് കേഡറ്റിന്റെ നോഡല്‍ ഓഫിസറായി വിജയനെ തീരുമാനിച്ച സെന്‍കുമാറിന്റെ നടപടി വിവാദമായിരുന്നു. നേരത്തേ സ്റ്റുഡന്റ്‌സ് കേഡറ്റ് നോഡല്‍ ഓഫിസറായിരുന്നു വിജയന്‍. സ്റ്റുഡന്റ്‌സ് പോലിസിന്റെ ഫണ്ട് വിനിയോഗത്തില്‍ ക്രമക്കേട് ഉണ്ടായതിന്റെ അടിസ്ഥാനത്തിലായിരുന്നു നോഡല്‍ ഓഫിസറായിരുന്ന പി വിജയനെ സര്‍ക്കാര്‍ മാറ്റിയത്. തുടര്‍ന്ന് സര്‍ക്കാര്‍ വിജിലന്‍സ് അന്വേഷണവും പ്രഖ്യാപിച്ചിരുന്നു. വിജയനെതിരേ വിജിലന്‍സ് അന്വേഷണം നടക്കുമ്പോഴായിരുന്നു വീണ്ടും നിയമനം. മുഖ്യമന്ത്രിയുടെ ഓഫിസ് അറിയാതെ നടത്തിയ നിയമനത്തില്‍ സെന്‍കുമാറിനെതിരേ വകുപ്പുതല നടപടി വന്നേക്കാമെന്ന സൂചന ലഭിച്ചതോടെയാണ് തന്റെതന്നെ ഉത്തരവ് ഭേഭഗതി ചെയ്ത് സെ ന്‍കുമാര്‍ തടി രക്ഷിച്ചത്.

RELATED STORIES

Share it
Top