സര്‍ക്കാര്‍ഭൂമി കൈയേറി മതില്‍ കെട്ടി;അധികൃതര്‍ എത്തി സ്ഥലം ഏറ്റെടുത്തു

കാസര്‍കോട്: ചെമനാട് വില്ലേജിലെ കോളിയാട്ട് പുഴക്കരയില്‍ സ്വകാര്യ വ്യക്തി സര്‍ക്കാര്‍ ഭൂമി കൈയേറി മതില്‍ കെട്ടി. റവന്യു അധികൃതര്‍ എത്തി മതില്‍ പൊളിച്ച് നീക്കി സ്ഥലം സര്‍ക്കാറിലേക്ക് കണ്ടുകെട്ടി. കരിച്ചേരിയിലെ എം കുഞ്ചമ്പു നായരുടെ ഭാര്യ കരിച്ചേരി ബാലാമണിയമ്മയുടെ പേരിലുള്ള കളനാട് വില്ലേജിലെ സര്‍വേ നമ്പര്‍ 5/1 എ1 ല്‍ സര്‍ക്കാര്‍ അധീനതയിലുള്ള രണ്ടേ മുക്കാല്‍ സെന്റ് സ്ഥലമാണ് കൈയേറി മതില്‍ കെട്ടിയത്. റവന്യു വകുപ്പിന്റെ കീഴിലുള്ള പുഴയോരത്തെ സ്ഥലം കൈയേറിയതുമായി ബന്ധപ്പെട്ട് കോടതിയില്‍ കേസ് നിലവിലുണ്ട്. ഈ സ്ഥലമാണ് ഇന്നലെ തഹസില്‍ദാറുടെ നേതൃത്വത്തിലുള്ള സംഘം പോലിസിന്റെ സഹായത്തോടെ എത്തി മതില്‍ പൊളിച്ച് സ്ഥലം സര്‍ക്കാറിലേക്ക് കണ്ടുകെട്ടിയത്. അതിനിടെ ചന്ദ്രഗിരി പുഴക്കരയില്‍ വ്യാപകമായി സ്ഥലം കൈയേറിയതായി സംശയിക്കുന്നതായി റവന്യു വകുപ്പ് അധികൃതര്‍ അറിയിച്ചു. സര്‍ക്കാര്‍ ഭൂമി തിരിച്ചുപിടിക്കാന്‍ നടപടി സ്വീകരിക്കുമെന്ന് ഡെപ്യൂട്ടി തഹസില്‍ദാര്‍ ജി കൃഷ്ണമൂര്‍ത്തി തേജസിനോട് പറഞ്ഞു.

RELATED STORIES

Share it
Top