സര്‍ക്കാരുകള്‍ മല്‍സ്യത്തൊഴിലാളികളെ പൗരന്‍മാരായി കാണുന്നില്ല: പ്രഫ. എ മാര്‍ക്‌സ്‌

സ്വന്തം  പ്രതിനിധി

തിരുവനന്തപുരം: മല്‍സ്യത്തൊഴിലാളികളെ കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ രാജ്യത്തിന്റെ പൗരന്‍മാരായി പോലും കണക്കാക്കാത്തതിനാലാണ് ഓഖി ചുഴലിക്കാറ്റ് വന്‍ ദുരന്തമായതെന്ന് എന്‍സിഎച്ച്ആര്‍ഒ ദേശീയ ചെയര്‍മാന്‍ പ്രഫ. എ മാര്‍ക്‌സ്. സര്‍ക്കാരുകള്‍ ഓഖി ദുരന്തത്തില്‍പ്പെട്ടവരോട് അവഗണന തുടരുന്ന സാഹചര്യത്തില്‍ കടലിന്റെ മക്കള്‍ക്ക് ഐക്യദാര്‍ഢ്യവുമായി എന്‍സിഎച്ച്ആര്‍ഒ ഗാന്ധി പാര്‍ക്കില്‍ സംഘടിപ്പിച്ച സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
മല്‍സ്യത്തൊഴിലാളികളോടുള്ള അവഗണനയാണു സര്‍വ സന്നാഹങ്ങളുമുണ്ടായിട്ടും രക്ഷാപ്രവര്‍ത്തനം വൈകിയതിനു കാരണം. ക്രിസത്യന്‍ പുരോഹിതന്‍മാര്‍ അവര്‍ക്കു വേണ്ടി ശബ്ദമുയര്‍ത്തിയപ്പോള്‍ അതൊരു മതപ്രശ്‌നമാക്കി ഉയര്‍ത്താനാണു തമിഴ്‌നാട് സര്‍ക്കാര്‍ ശ്രമിച്ചത്. തീരദേശത്തെ പരമ്പരാഗത മല്‍സ്യത്തൊഴിലാളികളെ അകറ്റിനിര്‍ത്തി കോ ര്‍പറേറ്റുകള്‍ക്കു സഹായം ചെയ്യുന്ന കേന്ദ്ര പദ്ധതി സാഗര്‍മാലയുടെ ആദ്യ ചുവടാണ് ഇത്തരം അവഗണനയെന്നു സംശയിക്കുന്നതായി അദ്ദേഹം പറഞ്ഞു. കേന്ദ്രത്തില്‍ ഫിഷറീസിന് പ്രത്യേക മന്ത്രാലയം കൊണ്ടുവരുമെന്ന വാഗ്ദാനം നല്‍കാന്‍ പോലും ദുരന്തമുണ്ടായിട്ടും പ്രധാനമന്ത്രി തയ്യാറായിട്ടില്ല. ഭരണകൂടം ആസൂത്രിതമായി നടപ്പാക്കിയ കടല്‍ക്കൊലയാണ് ഓഖി ദുരന്തമെന്ന് അധ്യക്ഷത വഹിച്ച എന്‍സിഎച്ച്ആര്‍ഒ സംസ്ഥാന പ്രസിഡന്റ്് വിളയോടി ശിവന്‍കുട്ടി പറഞ്ഞു. കേന്ദ്രവും സംസ്ഥാനവും മനുഷ്യജീവന്‍ തട്ടിക്കളിക്കുകയായിരുന്നു. ദുരിതബാധിതര്‍ക്ക് എന്‍സിഎച്ച്ആര്‍ഒ താങ്ങുംതണലുമാവുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു. രാജ്യം റെഡ് അലര്‍ട്ട് പ്രഖ്യാപിക്കേണ്ട ദുരന്തമായിട്ടു പോലും അധികാരികള്‍ ഇപ്പോഴും ആലസ്യത്തിലാണെന്നു മുഖ്യ പ്രഭാഷണം നടത്തിയ തിരുവനന്തപുരം ലത്തീന്‍ രൂപത വികാരി ജനറല്‍ ഫാ. യൂജിന്‍ എച്ച് പെരേര പറഞ്ഞു. ദുരന്തമുഖത്തു സഹായങ്ങള്‍ നല്‍കുന്നതിലും മല്‍സ്യത്തൊഴിലാളികളെ രക്ഷിക്കുന്നതിലും സര്‍ക്കാരുക ള്‍ക്കു വന്‍ വീഴ്ച പറ്റിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഓഖി ദുരന്തത്തില്‍ ജീവന്‍ നഷ്ടമായവര്‍ക്കു സമ്മേളനം ആദരാഞ്ജലി അര്‍പ്പിച്ചു.
ചടങ്ങില്‍ എന്‍സിഎച്ച്ആര്‍ഒ ദേശീയ സെക്രട്ടറി റെനി ഐലിന്‍, ദേശീയ സമിതിയംഗം പോണ്ടിച്ചേരി സുകുമാരന്‍, ഡോ. ജോണ്‍സണ്‍ ജെര്‍മയ്ന്റ് (സമുദ്ര ശാസ്ത്രജ്ഞന്‍), സിന്ധുമരിയ നെപ്പോളിയന്‍ (ഗവേഷക വിദ്യാര്‍ഥി ഹൈദരാബാദ് യൂനിവേഴ്‌സിറ്റി), പാച്ചല്ലൂര്‍ അബ്ദുല്‍ സലിം മൗലവി, ടി പീറ്റര്‍ (നാഷനല്‍ ഫിഷര്‍മെന്‍ ഫോറം), അബ്ദുല്‍ സലാം സംസാരിച്ചു.

RELATED STORIES

Share it
Top