സര്‍ക്കാരിന് തിരിച്ചടി: ഹാരിസണ്‍ ഭൂമി ഏറ്റെടുക്കല്‍ നിര്‍ത്തിവയ്ക്കണമെന്ന് ഹൈക്കോടതി

കൊച്ചി: ഹാരിസണ്‍സ് ഭൂമി ഏറ്റെടുക്കല്‍ കേസില്‍ സര്‍ക്കാരിന് തിരിച്ചടിയായി ഹൈക്കോടതി വിധി. 38,000 ഏക്കര്‍ ഭൂമി ഏറ്റെടുക്കാനുള്ള നടപടികള്‍ നിര്‍ത്തിവയ്ക്കാനാണ് ഹൈക്കോടതി ഉത്തരവിട്ടത്. സ്‌പെഷ്യല്‍ ഓഫീസര്‍ രാജമാണിക്യത്തിന്റെ നടപടികള്‍ റദ്ദാക്കിയ കോടതി കേസുമായി ബന്ധപ്പെട്ട പൊതുതാല്‍പര്യ ഹരജികള്‍ തള്ളുകയും ചെയ്തു. മുന്‍ കെപിസിസി അധ്യക്ഷന്‍ വിഎം സുധീരന്‍, ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ തുടങ്ങിയവര്‍ ഈ കേസുമായി ബന്ധപ്പെട്ട് ഹൈക്കോടതിയില്‍ കക്ഷി ചേര്‍ന്നിരുന്നു. ഇവര്‍ ഉന്നയിച്ചിരുന്ന ആവശ്യങ്ങള്‍ കോടതി നിരാകരിച്ചു.300 പേജുകള്‍ വരുന്ന വിധിന്യായമാണ് ജസ്റ്റിസ് കെ വിനോദ് ചന്ദ്രന്‍ ഉള്‍പ്പെടുന്ന ഡിവിഷന്‍ ബെഞ്ച് പുറപ്പെടുവിച്ചത്. പൊതുജനങ്ങളുടെ സമ്മര്‍ദ്ദമോ സമരങ്ങളോ കാരണം സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് തെറ്റായ നടപടികള്‍ ഉണ്ടാകരുതെന്ന പരാമര്‍ശവും കോടതി നടത്തിയിട്ടുണ്ട്.
അതേസമയം വിധി സര്‍ക്കാര്‍ ചോദിച്ചുവാങ്ങിയതാണെന്ന് മുന്‍ റവന്യൂ പ്ലീഡര്‍ സുശീലാ ഭട്ട് പ്രതികരിച്ചു. ഇനി ഒരുതുണ്ട് ഭൂമിപോലും സര്‍ക്കാരിന് തട്ടിപ്പുകാരില്‍ നിന്ന് തിരിച്ചുപിടിക്കാന്‍ സാധിക്കില്ലെന്നും സുശീലാ ഭട്ട് പറഞ്ഞു. ദുരിതമനുഭവിക്കുന്ന ഭൂരഹിതരുടെ അവസ്ഥ തുടരുക തന്നെ ചെയ്യുമെന്നാണ് തനിക്ക് അനുമാനിക്കാനുള്ളതെന്നും അവര്‍ പറഞ്ഞു.

RELATED STORIES

Share it
Top