സര്‍ക്കാരിന്റെ നീക്കത്തെ ഒറ്റക്കെട്ടായി ചെറുക്കണമെന്ന് റഷീദലി തങ്ങള്‍

കൊച്ചി: വഖ്ഫ് നിയമനങ്ങള്‍ പിഎസ്‌സിക്ക് വിടുന്നതിനെതിരേ സര്‍ക്കാരിന്റെ കണ്ണുതുറപ്പിക്കാന്‍ ഒറ്റക്കെട്ടായി അണിനിരക്കണമെന്ന് വഖ്ഫ് ബാര്‍ഡ് ചെയര്‍മാന്‍ പാണക്കാട് റഷീദലി ശിഹാബ് തങ്ങള്‍. വഖ്ഫ് നിയമനങ്ങള്‍ പിഎസ്‌സിക്ക് വിടുന്നതിനെതിരേ എറണാകുളം ടൗണ്‍ഹാളില്‍ നടത്തിയ മുസ്‌ലിം സംഘടനകളുടെ കൂട്ടായ്മ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വഖ്ഫ് നിയമപ്രകാരമാണ് നിയമനകാര്യങ്ങള്‍ മുന്നോട്ടുപോവേണ്ടത്. ഓര്‍ഡിനന്‍സ് പുറപ്പെടുവിക്കാന്‍ സര്‍ക്കാര്‍ മുന്നോട്ടുപോവുകയാണ്.അതിനെതിരേ മുസ്‌ലിം സംഘടനകള്‍ ഒരുമിച്ച് നിന്ന് ശക്തമായി നേരിടണം. മുഖ്യമന്ത്രിയെയും ഗവര്‍ണറെയും കണ്ട് കാര്യങ്ങള്‍ ബോധിപ്പിച്ചിട്ടുണ്ട്. അടുത്ത നടപടിയെന്ന നിലയില്‍ ജനുവരി എട്ടിന് സെക്ര—ട്ടേറിയറ്റ് ധര്‍ണ നടത്താന്‍ തീരുമാനിച്ചിട്ടുണ്ട്. ഈ നടപടിയെ തടയാന്‍ നിയമപരമായി ഏതറ്റം വരെ പോവാന്‍ കഴിയുമോ അതുവരെ പോവുമെന്നും അദ്ദേഹം പറഞ്ഞു.നിയമനം പിഎസ്‌സിക്ക് വിടാനുള്ള തീരുമാനം ഭരണഘടനാപരമായി നിലനില്‍ക്കുന്നതല്ലെന്ന് വഖ്ഫ് ബോര്‍ഡ് അംഗം പി വി സൈനുദ്ദീന്‍ വ്യക്തമാക്കി. നിയമന കാര്യങ്ങളില്‍ ബോര്‍ഡിന് സര്‍ക്കാരുമായി കൂടിയാലോചന മാത്രം മതി. ദേവസ്വം നിയമനം പിഎസ്‌സിക്ക് വിടാനുള്ള തീരുമാനം സര്‍ക്കാര്‍ പിന്‍വലിക്കുകയുണ്ടായി. എന്നാല്‍, വഖ്ഫ് നിയമനം പിഎസ്‌സിക്ക് വിടാനുള്ള തീരുമാനവുമായി മുന്നോട്ടുപോവുകയാണ്. വഖ്ഫ് ബോര്‍ഡിനെ തകര്‍ക്കുന്ന നടപടി മതേതര സര്‍ക്കാരിന്റെ കൈത്താങ്ങോടെ സംഭവിക്കരുതെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.കെഎന്‍എം സംസ്ഥാന വൈസ് പ്രസിഡന്റ് ബാബു സേഠ് അധ്യക്ഷത വഹിച്ചു. സമസ്ത കേന്ദ്ര മുശാവറ അംഗം ഹസന്‍ ഫൈസി, കെ എസ് ഹംസ (മുസ്‌ലിംലീഗ്), എം കെ ഷംസുദ്ദീന്‍ ( ഗ്ലോബല്‍ വിസ്ഡം), എന്‍ കെ അലി(മെക്ക), മുഹമ്മദ് അഷ്‌റഫ്, എ എം അബൂബക്കര്‍ (എംഇഎസ്), മജീദ് പറക്കാടന്‍ (കെഎംഇഎ), അബൂബക്കര്‍ ഫാറൂഖി( ജമാഅത്തെ ഇസ്‌ലാമി), എം സി മായിന്‍ ഹാജി, ഫാത്തിമ റോസ്‌ന, (വഖ്ഫ് ബോര്‍ഡ് അംഗങ്ങള്‍), എം പി അബ്ദുല്‍ ഖാദര്‍, എന്‍ കെ നാസര്‍, കെ എം അബ്ദുല്‍ മജീദ്, വി ഇ അബ്ദുല്‍ ഗഫൂര്‍ സംസാരിച്ചു.

RELATED STORIES

Share it
Top