സര്‍ക്കാരിന്റെ കനിവുതേടി ദുരന്തമുഖത്ത് മഞ്ചേരി അഗ്നിശമന സേന

റജീഷ് കെ സദാനന്ദന്‍
മഞ്ചേരി: അടിസ്ഥാന സൗകര്യങ്ങളും ആധുനിക ഉപകരണങ്ങളുമില്ലാതെ മഞ്ചേരിയില്‍ അഗ്നിശമന സേനയുടെ പ്രവര്‍ത്തനം പ്രതിസന്ധിയില്‍. ഏറെ കാലത്തെ മുറവിളികള്‍ക്കൊടുവില്‍ മഞ്ചേരിയില്‍ കഴിഞ്ഞ യുഡിഎഫ് സര്‍ക്കാറാണ് സേനാ യൂനിറ്റ് അനുവദിച്ചത്. വിസ്തൃതമായ പ്രദേശത്തിന്റെ ചുമതലയുള്ള സ്റ്റേഷന് പക്ഷേ അര്‍ഹിക്കുന്ന പരിഗണന ലഭിക്കുന്നില്ല. വേനലാരംഭത്തില്‍ തന്നെ വലിയ വെല്ലുവിളികളാണ് സേനാംഗങ്ങള്‍ നേരിടുന്നത്.
ഇതിനാവശ്യമായ സംവിധാനങ്ങളും സൗകര്യപ്രദമായ കേന്ദ്രവും ഒരുക്കുന്നതില്‍ തികഞ്ഞ അലംഭാവമാണ് ബന്ധപ്പെട്ടവരുടെ ഭാഗത്തുനിന്നുള്ളത്. അന്‍പത് വാര്‍ഡുകളുള്ള മഞ്ചേരി നഗരസഭയും സമീപത്തുള്ള പതിനൊന്ന് പഞ്ചായത്തുകളും സ്റ്റേഷന്റെ പരിധിയില്‍ ഉള്‍പ്പെടുന്നു. കഴിഞ്ഞ വര്‍ഷം മാത്രം 147 സംഭവങ്ങളില്‍ ദുരന്ത മുഖത്തേക്കെത്തേണ്ടി വന്നു മഞ്ചേരി യൂനിറ്റിലെ സേനാംഗങ്ങള്‍ക്ക്. തീപ്പിടിത്ത ദുരന്തങ്ങളാണ് മേഖലയില്‍ കൂടുതലുണ്ടാവാറുള്ളത്. നഗര പ്രദേശത്തു മാത്രം 15ലധികം അഗ്നിബാധകള്‍ കഴിഞ്ഞ വര്‍ഷം റിപോര്‍ട്ട് ചെയ്തു. നഗരത്തില്‍ തന്നെ സേനയുടെ സാനിധ്യമുള്ളതുകൊണ്ടുമാത്രമാണ് പലപ്പോഴും ദുരന്തങ്ങളുടെ വ്യപ്തി കുറയുന്നത്.
എന്നാല്‍, മതിയായ സൗകര്യങ്ങളില്ലാത്തതിനാല്‍ പ്രതിസന്ധികള്‍ക്കു നടുവിലാണ് സേനയുടെ പ്രവര്‍ത്തനം. മഞ്ചേരിയില്‍ ഫയര്‍‌സ്റ്റേഷന്‍ ആരംഭിച്ച് രണ്ടു വര്‍ഷം തികയാറാവുമ്പോഴും സ്വന്തമായ കെട്ടിടമില്ലാതെ കച്ചേരിപ്പടിയില്‍ നഗരസഭ അനുവദിച്ച ഇന്ദിരാഗാന്ധി ബസ് ടെര്‍മിനലിലെ മുറിയിലാണ് സ്റ്റേഷന്‍ പ്രവര്‍ത്തിക്കുന്നത്. ആരംഭ ഘട്ടില്‍ തന്നെ സ്റ്റേഷന്‍ സ്ഥാപിക്കാനായി തുറക്കലില്‍ ഗവ. ടെക്‌നിക്കല്‍ സ്‌കൂളിനടുത്ത് 50 സെന്റ് ഭൂമി ലഭ്യമാക്കാന്‍ നടപടിയായെങ്കിലും ഇതുവരെ കെട്ടിട നിര്‍മാണം തുടങ്ങിയിട്ടില്ല. ഭൂമിക്കുള്ള എന്‍ഒസി ലഭ്യമായെങ്കിലും മന്ത്രിസഭ തീരുമാനം ലഭിക്കാത്തതിനാല്‍ നടപടികള്‍ വൈകുകയാണ്. പൊതുമരാമത്തു വകുപ്പില്‍ നിന്നു ഇതു സംബന്ധിച്ച ഫയലുകള്‍ നീങ്ങാത്തതാണ് പ്രശ്‌നത്തിനു കാരണമെന്നാണ് വിവരം. വാഹനാപകടങ്ങള്‍ വര്‍ധിക്കുന്ന ജില്ലയിലെ പ്രധാന നഗരങ്ങളിലൊന്നാണ് മഞ്ചേരി. അപകടങ്ങളില്‍ വാഹനങ്ങള്‍ക്കടിയില്‍ കുടുങ്ങുന്നവരെ രക്ഷപ്പെടുത്തുന്നതിനും മറ്റുമുള്ള  ഹൈഡ്രോളിക് ഉപകരണങ്ങള്‍ ഇവിടെയില്ല.
തുരുമ്പെടുത്ത ഒരു വാഹനമാണ് രക്ഷാപ്രവര്‍ത്തനത്തിനുള്ളത്. മൂന്ന് വാഹനങ്ങള്‍ വേണ്ടിടത്താണ് കാലപ്പഴക്കംചെന്ന ഒരു വാഹനംമാത്രം ഉപയോഗിക്കേണ്ടിവരുന്നത്. ദുരന്ത പ്രദേശങ്ങളിലെത്താനും രക്ഷാപ്രവര്‍ത്തനത്തിലേര്‍പ്പെടാനും പര്യാപ്തമായ വാഹനം നേരത്തെ ഇവിടേയ്ക്ക് അനുവദിച്ചിരുന്നുവെങ്കിലും അത് മഞ്ചേരിയില്‍ നിന്നു മാറ്റി തിരുവാലി യൂനിറ്റിലാണെത്തിയത്. പരിമിതമായ സൗകര്യങ്ങള്‍ കാരണം ദുരന്തങ്ങളുണ്ടാവുമ്പോള്‍ മലപ്പുറം, തിരുവാലി, പെരിന്തല്‍മണ്ണ യൂനിറ്റുകളുടെ സഹായം തേടേണ്ട അവസ്ഥയാണ്. ജീവനക്കാരുടം കുറവും സ്റ്റേഷനില്‍ വെല്ലുവിളി തീര്‍ക്കുന്നു. മലപ്പുറത്തും നിലമ്പൂരിലും 40 പേരുടെ നിരയുണ്ടാവുമ്പോള്‍ മഞ്ചേരി അഗ്‌നിശമന സേനയില്‍ 16 ഉദ്യോഗസ്ഥരുടെ അംഗബലം മാത്രമാണ്.
ജില്ലാ കോടതികള്‍, മെഡിക്കല്‍ കോളജ്, മിനി സിവില്‍ സ്റ്റേഷന്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, നൂറുകണക്കിനു വ്യാപാര സ്ഥാപനങ്ങള്‍ തുടങ്ങിയവ പ്രവര്‍ത്തിക്കുന്ന നഗരത്തില്‍ അഗ്നിശമന സുരക്ഷ യൂനിറ്റ് വേണമെന്നാവശ്യം വ്യാപാരികളില്‍ നിന്നാണ് ശകതമായുയര്‍ന്നത്. സ്റ്റേഷന്‍ അനുവദിച്ചെങ്കിലും വാഹനങ്ങളും ഉപകരണങ്ങളും ലഭ്യമാവാന്‍ വൈകുമ്പോള്‍ സ്വന്തമൊരു കെട്ടിടമെങ്കിലും യുദ്ധകാലാടിസ്ഥാനത്തില്‍ സജ്ജമാക്കണമെന്ന ആവശ്യം ജനങ്ങള്‍ക്കിടയിലും ശക്തമാണ്.

RELATED STORIES

Share it
Top