സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികാഘോഷത്തിനു തുടക്കം : പ്രതിപക്ഷത്തിന് അസ്വസ്ഥതയെന്ന് മുഖ്യമന്ത്രിതിരുവനന്തപുരം: എല്‍ഡിഎഫ് സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികം നിശാഗന്ധി ഓഡിറ്റോറിയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിച്ചു. റവന്യൂമന്ത്രി ഇ ചന്ദ്രശേഖരന്‍ അധ്യക്ഷത വഹിച്ചു. ചടങ്ങില്‍ സ്ത്രീകളും കുട്ടികളും വിവിധ മേഖലകളിലെ പ്രമുഖരും ചേര്‍ന്ന് 1000 മണ്‍ചെരാതുകള്‍ തെളിയിച്ചു. സര്‍ക്കാര്‍ ഒന്നാം വര്‍ഷം പൂര്‍ത്തിയാക്കിയതില്‍ പ്രതിപക്ഷത്തിന് അസ്വസ്ഥതയാണെന്ന് മുഖ്യമന്ത്രി കുറ്റപ്പെടുത്തി. ആഗ്രഹിക്കുന്ന എല്ലാ കാര്യങ്ങളും സര്‍ക്കാരിന് ഒരു വര്‍ഷം കൊണ്ട് നടപ്പാക്കാനാവില്ലെന്നും ആരോഗ്യകരമായ വിമര്‍ശനം ഏതു കോണില്‍ നിന്നു വന്നാലും സ്വാഗതം ചെയ്യുമെന്നും മുഖ്യമന്ത്രി പറഞ്ഞു. പരമ്പരാഗത ഭരണസങ്കല്‍പങ്ങളില്‍ നിന്നും വ്യത്യസ്തമായി ഹ്രസ്വകാലാടിസ്ഥാനത്തിലുള്ള സാമൂഹികക്ഷേമ പദ്ധതികളും ദീര്‍ഘകാലാടിസ്ഥാനത്തിലുള്ള പശ്ചാത്തലസൗകര്യ വികസനവും സന്തുലിതമായി കൊണ്ടുപോവുന്ന ബദല്‍ ഭരണമാതൃകയാണ് ഈ സര്‍ക്കാര്‍ പിന്തുടരുന്നതെന്ന് മുഖ്യമന്ത്രി. കഴിഞ്ഞ ഒരു വര്‍ഷത്തിനുള്ളില്‍, മുടങ്ങിക്കിടന്നിരുന്ന പല വികസന പദ്ധതികള്‍ക്കും പുനരുജ്ജീവനം നല്‍കാന്‍ ഇടതുപക്ഷ ജനാധിപത്യ മുന്നണി സര്‍ക്കാരിനു സാധിച്ചിട്ടുണ്ട്. ദേശീയ ജലപാത വികസനവും ദ്രുതഗതിയില്‍ പുരോഗമിക്കുകയാണ്. ദേശീയ ജലപാതയുടെ നിര്‍മാണം പൂര്‍ത്തീകരിക്കുന്ന മുറയ്ക്ക് കാസര്‍കോട്ടു നിന്നു തിരുവനന്തപുരത്തേക്ക് ബാര്‍ജുകള്‍, ബോട്ട് സര്‍വീസ്, ടൂറിസം ലക്ഷ്യമാക്കിയുള്ള ഉല്ലാസനൗകകള്‍ എന്നീ സേവനങ്ങള്‍ നടപ്പില്‍ വരുത്തും. കേരളത്തിലെ തുറമുഖങ്ങളെ പരസ്പരം ബന്ധിപ്പിക്കുന്നതിനു പുറമേ ലക്ഷദ്വീപ്, ആന്തമാന്‍-നിക്കോബാര്‍ ദ്വീപുസമൂഹങ്ങള്‍ മുതലായ സ്ഥലങ്ങളുമായി കൂടുതല്‍ ബന്ധിപ്പിക്കും. സര്‍ക്കാര്‍ മുന്നോട്ടുവയ്ക്കുന്ന ജനപക്ഷ ബദല്‍ ഭരണമാതൃക ഒരു പുതിയ കേരളത്തിന്റെ സൃഷ്ടി സാധ്യമാക്കുമെന്ന് ഉറപ്പുണ്ട്. ഈ സര്‍ക്കാര്‍ അധികാരത്തിലേറിയതിനു ശേഷം പ്രകൃതിവാതക പൈപ്പ്‌ലൈന്‍ പദ്ധതിയുടെ 503 കിലോമീറ്റര്‍ നീളമുള്ള ലൈനിന്റെ 453 കിലോമീറ്ററിനു വേണ്ട ഭൂമി ഏറ്റെടുക്കല്‍ നടപടികളുടെ ഭാഗമായി നഷ്ടപരിഹാരം തിട്ടപ്പെടുത്തുന്നത് പൂര്‍ത്തിയായിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം ഇതേ സമയം കോഴിക്കോട് ജില്ലയില്‍ ഒരു കിലോമീറ്റര്‍ ഭൂമി പോലും ഏറ്റെടുത്തിട്ടുണ്ടായിരുന്നില്ല. എന്നാല്‍, ഇപ്പോള്‍ 80 കിലോമീറ്ററില്‍ 70 കിലോമീറ്ററോളം ഭൂമിയുടെ നഷ്ടപരിഹാരം തിട്ടപ്പെടുത്തല്‍ പൂര്‍ത്തിയായിട്ടുണ്ട്. എറണാകുളം, തൃശൂര്‍, കാസര്‍കോട് ജില്ലകളില്‍ പൈപ്പ്‌ലൈന്‍ ഇട്ടുതുടങ്ങിയിട്ടുണ്ട്. മലപ്പുറം ഒഴികെയുള്ള ജില്ലകളില്‍ ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തീകരിച്ച് പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചുകഴിഞ്ഞു. ഗാര്‍ഹിക പാചകവാതകലഭ്യത വര്‍ധിപ്പിക്കാനുള്ള നടപടികളും ആരംഭിച്ചിട്ടുണ്ട്. കണ്ണൂര്‍ വിമാനത്താവളവുമായി ബന്ധപ്പെട്ട അപ്രോച്ച് റോഡ്, ഡ്രെയിനേജ് തുടങ്ങിയ അനുബന്ധ നിര്‍മാണവും ദ്രുതഗതിയില്‍ പുരോഗമിക്കുന്നു. കൊച്ചി മെട്രോയുടെ കലൂര്‍ മുതല്‍ കാക്കനാട് വരെയുള്ള എക്‌സ്റ്റന്‍ഷന്റെ പുതുക്കിയ പദ്ധതിക്കുള്ള 2577.25 കോടി രൂപയുടെ നിര്‍ദേശവും അംഗീകരിച്ചിട്ടുണ്ട്. മന്ത്രിമാരായ തോമസ് ഐസക്, തോമസ് ചാണ്ടി, മാത്യു ടി തോമസ്, കടകംപള്ളി സുരേന്ദ്രന്‍, എ സി മൊയ്തീന്‍, കടന്നപ്പള്ളി രാമചന്ദ്രന്‍, എ കെ ബാലന്‍, കെ രാജു, ടി പി രാമകൃഷ്ണന്‍, കെ ടി ജലീല്‍, വി എസ് സുനില്‍ കുമാര്‍,  പി തിലോത്തമന്‍, പ്രഫ. സി രവീന്ദ്രനാഥ്, മേയര്‍ വി കെ പ്രശാന്ത്, നളിനി നെറ്റോ പങ്കെടുത്തു.

RELATED STORIES

Share it
Top