സര്‍ക്കാരിന്റെ ഉദ്ദേശ്യശുദ്ധി ചോദ്യം ചെയ്യപ്പെടുന്നു

സി എ സജീവന്‍
തൊടുപുഴ: മൂന്നാര്‍ സ്‌പെഷ്യല്‍ ട്രൈബ്യൂണലിന്റെ പ്രവര്‍ത്തനം നിര്‍ത്തുന്നതിനുള്ള സര്‍ക്കാര്‍ തീരുമാനത്തിനു പിന്നില്‍ മൂന്നാര്‍ ഭൂമി കൈയേറ്റ മാഫിയയുടെ ഇടപെടലെന്ന് സംശയം. മൂന്നാറിലെ ഭൂമി കൈയേറ്റവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളില്‍ നിര്‍ണായകമാവുന്നതാണ് സിപിഎമ്മിന്റെ ഈ രാഷ്ട്രീയ തീരുമാനമെന്നാണ് വിലയിരുത്തപ്പെടുന്നത്. കൈയേറ്റ മാഫിയക്ക് വളരെ ഗുണകരമാവുന്ന ഈ തീരുമാനത്തിലൂടെ സംസ്ഥാനത്തിന് വന്‍ നഷ്ടമാണ് ഉണ്ടാവുകയെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.
ഭൂമിയുടെ ഉടമസ്ഥത സംബന്ധിച്ച തര്‍ക്കങ്ങള്‍ വേഗത്തിലും കാര്യക്ഷമമായും തീര്‍പ്പാക്കുന്നതിനായി രൂപീകരിച്ച പ്രത്യേക ട്രൈബ്യൂണലിന്റെ എല്ലാ വിധികളിലും വിജയം സര്‍ക്കാരിനായിരുന്നു. ഈ പശ്ചാത്തലത്തില്‍ ട്രൈബ്യൂണല്‍ നിര്‍ത്തലാക്കുന്നതിന്റെ ഉദ്ദേശ്യശുദ്ധിയാണ് ചോദ്യംചെയ്യപ്പെടുന്നത്. വ്യാജ പട്ടയങ്ങള്‍ യഥേഷ്ടമുണ്ടെന്നു സര്‍ക്കാര്‍ തന്നെ അംഗീകരിച്ചിട്ടുള്ള മൂന്നാറില്‍ ഈ പട്ടയങ്ങളുടെ സാധുത സംബന്ധിച്ച കേസുകളാണ് ട്രൈബ്യൂണല്‍ കൂടുതലും പരിഗണിച്ചത്. അവയിലെ എതിര്‍കക്ഷികളുടെ പരാജയം സര്‍ക്കാരിന് ഊര്‍ജം നല്‍കുന്നതായിരുന്നു.
എന്നാല്‍, ഭൂമി കൈയേറ്റ മാഫിയയുമായി കെട്ടുപിണഞ്ഞ ഇടുക്കിയുടെ ഇടതു രാഷ്ട്രീയ നേതൃത്വം അടിസ്ഥാനരഹിതമായ കാര്യങ്ങള്‍ ഉയര്‍ത്തിക്കാട്ടി ട്രൈബ്യൂണലിന്റെ പ്രവര്‍ത്തനം നിര്‍ത്താനാണ് ശുപാര്‍ശ ചെയ്തത്. ട്രൈബ്യൂണലില്‍ നിന്നുണ്ടായ എല്ലാ വിധികളും സര്‍ക്കാരിന് അനുകൂലമായിരുന്നെന്ന് മുന്‍ സര്‍ക്കാര്‍ അഭിഭാഷകര്‍ സാക്ഷ്യപ്പെടുത്തുന്നു. മൂന്നു ജില്ലാ ജഡ്ജിമാര്‍ അടങ്ങിയ പാനല്‍ വിചാരണ ചെയ്ത് നല്‍കുന്ന വിധിയുടെ നിയമവശങ്ങള്‍ മാത്രമേ ഹൈക്കോടതിയില്‍ ചോദ്യം ചെയ്യാനാവുമായിരുന്നുള്ളൂ. വസ്തുതാപരമായ പിശകിന്റെ പേരില്‍ ഹൈക്കോടതിയില്‍ പോകാനാവുമായിരുന്നില്ല. ഇക്കാരണത്താലാണ് കൈയേറ്റ മാഫിയ ഇതിനെതിരായി ചരടുവലികള്‍ നടത്തിയത്.
ജില്ലയിലെ സിപിഎം നേതൃത്വം ഒളിഞ്ഞും തെളിഞ്ഞും നേതൃത്വം നല്‍കുന്ന കൈയേറ്റ ലോബി ട്രൈബ്യൂണലിനെതിരേ പരസ്യമായ നിലപാട് എടുത്തിരുന്നു. ഏറ്റവും ഒടുവില്‍ ജില്ലയിലെ ഭൂമിപ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ വിളിച്ച യോഗത്തിലും വിഷയം സിപിഎം ഉന്നയിച്ചിരുന്നു. സര്‍വീസിലുള്ള ജില്ലാ ജഡ്ജി ചെയര്‍മാനും റിട്ട. ജില്ലാ ജഡ്ജി, ജില്ലാ ജഡ്ജിയുടെ ഒപ്പം സീനിയോറിറ്റിയുള്ള മുതിര്‍ന്ന അഭിഭാഷകന്‍ എന്നിവരടങ്ങിയ പാനലാണ് കേസുകള്‍ പരിഗണിച്ചിരുന്നത്. മൂന്നു ജില്ലാ കോടതി ജഡ്ജിമാര്‍ തലനാരിഴ കീറി പരിശോധിച്ചു വിധി പറഞ്ഞ കേസുകളില്‍ അപ്പീല്‍ സാധ്യത വിരളമായിരുന്നു.
അതേസമയം, ഈ കേസുകളുടെ നടത്തിപ്പിനെ സഹായിക്കുന്ന നിലപാടായിരുന്നില്ല റവന്യൂ അധികാരികള്‍ സ്വീകരിച്ചിരുന്നത്. ഉന്നയിക്കുന്ന സംശയങ്ങള്‍ക്ക് യഥാസമയം മറുപടി നല്‍കാതെയും ആവശ്യമായ രേഖകള്‍ ഹാജരാക്കാതെയും കൈയേറ്റക്കാരെ സഹായിക്കുന്ന നിലപാടായിരുന്നു അവര്‍ സ്വീകരിച്ചത്. ഇതിനെതിരേ ജില്ലാ ഭരണകൂടത്തെ സമീപിച്ചിട്ടും ഫലമുണ്ടായില്ല. ചെയര്‍മാന്‍ ഇല്ലാത്തതിനാല്‍ ഒരു വര്‍ഷമായി ട്രൈബ്യൂണലിനു കേസുകളില്‍ തീരുമാനമെടുക്കാന്‍ കഴിയുമായിരുന്നില്ല. ചെയര്‍മാനെ നിയോഗിക്കണമെന്നും ആവശ്യത്തിനു ജീവനക്കാരെ നിയമിക്കണമെന്നും നിരന്തരമായി രജിസ്ട്രാര്‍ ആവശ്യപ്പെട്ടിരുന്നെങ്കിലും അനുകൂല തീരുമാനം എടുത്തില്ല. 39 ജീവനക്കാരുടെ തസ്തികയുള്ള ട്രൈബ്യൂണലില്‍ മൂന്നു പേര്‍ മാത്രമാണ് ഉണ്ടായിരുന്നത്. ചെയര്‍മാനില്ലാതെ ഒരു വര്‍ഷം പിന്നിട്ടിട്ടും പുതിയ ആളെ നിയമിക്കാതെ പിരിച്ചുവിടലിനു വഴിയൊരുക്കുകയായിരുന്നു സര്‍ക്കാര്‍.
2011 ഫെബ്രുവരിയിലാണ് ഉടുമ്പന്‍ചോല, ദേവികുളം താലൂക്കുകളിലെ എട്ടു വില്ലേജുകളിലുള്ള ഭൂമിതര്‍ക്കങ്ങള്‍ പരിഹരിക്കുന്നതിനു പ്രത്യേക ട്രൈബ്യൂണല്‍ സ്ഥാപിച്ചത്. പ്രത്യേക ട്രൈബ്യൂണലിന്റെ എല്ലാ വിധികളിലും വിജയം സര്‍ക്കാരിനായിരുന്നു. ഈ പശ്ചാത്തലത്തിലും ട്രൈബ്യൂണല്‍ നിര്‍ത്തലാക്കുന്നതിന്റെ ഉദ്ദേശ്യശുദ്ധിയാണ് ചോദ്യം ചെയ്യപ്പെടുന്നത്.

RELATED STORIES

Share it
Top