സര്‍ക്കാരിന്റെ അവകാശത്തില്‍ ഇടപെടാനാവില്ല: കോടതി ന്

യൂഡല്‍ഹി: പഞ്ചാബ് നാഷനല്‍ ബാങ്കില്‍ നിന്നും കോടികള്‍ തട്ടി വജ്രവ്യവസായി നീരവ് മോദി രാജ്യം വിട്ട സംഭവം പ്രത്യേക അന്വേഷണസംഘം രൂപീകരിച്ച് ആന്വേഷിക്കണമെന്നു നിര്‍ദേശിക്കാനാവില്ലെന്ന് സുപ്രിംകോടതി. അന്വേഷണം പ്രഖ്യാപിക്കാനുള്ള സര്‍ക്കാരിന്റെ അവകാശത്തില്‍ ഇടപെടാനാവില്ലെന്നും കോടതി വ്യക്തമാക്കി. ഹരജിയില്‍ സര്‍ക്കാരിനു വേണ്ടി ഹാജരായ അറ്റോര്‍ണി ജനറല്‍ കെ കെ വേണുഗോപാലിന്റെ വാദം അംഗീകരിച്ചായിരുന്നു ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ചിന്റെ ഉത്തരവ്.
ചീഫ് ജസ്റ്റിസിനു പുറമേ ജസ്റ്റിസുമാരായ ഡി വൈ ചന്ദ്രചൂഡ്, എ എം ഖാന്‍വില്‍ക്കര്‍ എന്നിവരടങ്ങിയ ബെഞ്ചാണ്  ഹരജി പരിഗണിച്ചത്. കേന്ദ്രസര്‍ക്കാരിനെ പ്രതിനിധീകരിച്ചാണ് ഇവിടെ നില്‍ക്കുന്നത്. കേസില്‍ നിലവില്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും എജി കോടതിയെ ബോധിപ്പിച്ചു. ഈ ഘട്ടത്തില്‍ കേസില്‍ ഇടപെടേണ്ട ആവശ്യമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. തങ്ങള്‍ ഈ ഹരജിയെ എതിര്‍ക്കുന്നു. എന്നാല്‍ ഹരജിയെ എതിര്‍ക്കുന്നു എന്നതുകൊണ്ട് എജി എന്താണ് അര്‍ഥമാക്കുന്നതെന്നു ഹരജിക്കാരനുവേണ്ടി ഹാജരായ അഭിഭാഷകന്‍ ചോദിച്ചു. ഒരു പണക്കാരന്‍ തട്ടിപ്പു നടത്തി പണവുമായി രക്ഷപ്പെടാന്‍ പോവുന്നു.
രാജ്യത്തിന്റെ താല്‍പര്യമാണു തങ്ങളുടെ ഹരജിയെന്നും ഹരജിക്കാരന്‍ പറഞ്ഞു. എന്നാല്‍ പ്രസംഗം കേള്‍ക്കാന്‍ താല്‍പര്യമില്ലെന്ന് ചീഫ് ജസ്റ്റിസും നിങ്ങള്‍ പത്രത്തില്‍ എന്തെങ്കിലും കാണുകയും അത് പൊതുതാല്‍പര്യ ഹരജിയാക്കുകയും ചെയ്യുന്നു. ഇത് ഒരു ഫാഷനായി മാറിയിരിക്കുന്നുവെന്ന് ഡി വൈ ചന്ദ്രചൂഡും പറഞ്ഞു. വൈകാരികമായ അഭിപ്രായപ്രകടനങ്ങള്‍ ഒഴിവാക്കി നിയമപരമായ കാര്യങ്ങള്‍ പറയാമെന്നും ബെഞ്ച് ചൂണ്ടിക്കാണിച്ചു. ഇത് പബ്ലിസിറ്റി താല്‍പര്യമാണെന്ന് സംശയിക്കുന്നതായും ബെഞ്ച് കുറ്റപ്പെടുത്തി. അതേസമയം, ഹരജി മാര്‍ച്ച് 16 ലേക്കു പരിഗണിക്കാന്‍ മാറ്റിവയ്ക്കുകയാണെന്നും ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ച് അറിയിച്ചു. അഭിഭാഷകനായ വിനീത് ധന്‍ഡയാണു ഹരജി ഫയല്‍ ചെയ്തത്. പൊതുജനത്തെയും രാജ്യത്തിന്റെ ഖജനാവിനെയും ഇത്തരം തട്ടിപ്പുകള്‍ ഗുരുതരമായി ബാധിക്കുന്നു. ഇത്തരം കേസുകള്‍ രാഷ്ട്രീയക്കാര്‍ നിയന്ത്രിക്കുന്ന ഏജന്‍സി അന്വേഷിച്ചാല്‍പ്പോര.
റിസര്‍വ് ബാങ്കിന്റെ ധനകാര്യ ചട്ടങ്ങളും നടപടിക്രമങ്ങളും അനുസരിച്ചല്ല പല വായ്പകളും അനുവദിക്കുന്നതെന്നും ആരോപിച്ചായിരുന്നു ഹരജി സമര്‍പ്പിച്ചത്. അതേസമയം, നീരവ് മോദി ഇന്ത്യ വിട്ടതല്ലെന്നും വ്യവസായ ആവശ്യങ്ങള്‍ക്കായി പോയതാണെന്നും അദ്ദേഹത്തിന്റെ അഭിഭാഷകന്‍ വിജയ് അഗര്‍വാള്‍ പറഞ്ഞു. നീരവ് തെറ്റൊന്നും ചെയ്തിട്ടില്ലെന്നു അഗര്‍വാള്‍ കൂട്ടിച്ചേര്‍ത്തു.

RELATED STORIES

Share it
Top