സര്‍ക്കാരിനെ വീണ്ടും വിമര്‍ശിച്ച് ജേക്കബ് തോമസ്

തിരുവനന്തപുരം: ഓഖി ദുരന്തത്തില്‍ സര്‍ക്കാരിനെ വിമര്‍ശിച്ചതിനെ തുടര്‍ന്ന് ഐഎംജി ഡയറക്ടര്‍ സ്ഥാനത്തുനിന്നു സസ്‌പെന്‍ഡ് ചെയ്യപ്പെട്ട ഡിജിപി ജേക്കബ് തോമസ് സര്‍ക്കാരിനെതിരേ വിമര്‍ശനവുമായി വീണ്ടും രംഗത്ത്. പാഠം രണ്ട് മുന്നോട്ടുള്ള കണക്ക് എന്ന തലക്കെട്ടില്‍ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ജേക്കബ് തോമസിന്റെ വിമര്‍ശനം. സസ്‌പെന്‍ഷനിലായ ശേഷം പാഠം 1 കണക്കിലെ കളികള്‍ എന്ന തലക്കെട്ടിലുള്ള ജേക്കബ് തോമസിന്റെ വിമര്‍ശനം ഏറെ വിവാദമായിരുന്നു. ഇതിന്റെ തുടച്ചയെന്നോണമാണ് വീണ്ടും വിമര്‍ശനവുമായി അദ്ദേഹം രംഗത്തുവന്നത്. വാര്‍ഷികാഘോഷ പരസ്യത്തിനും ഫഌക്‌സ് വയ്ക്കലിനും സര്‍ക്കാര്‍ ചെലവാക്കിയ കോടിക്കണക്കിനു രൂപയുടെ കണക്കാണ് ഇക്കുറി പോസ്റ്റിലുള്ളത്. കാലാവസ്ഥാ മുന്നറിയിപ്പ് ഫണ്ട് വകയിരുത്താത്തതും ഓഖി ദുരന്തത്തില്‍പ്പെട്ട് കാണാതായവരെക്കുറിച്ച് കൃത്യമായ വിവരം സര്‍ക്കാരിന്റെ പക്കല്‍ ഇല്ലാത്തതും പരിഹാസത്തിലൂടെ ചൂണ്ടിക്കാട്ടുന്നുണ്ട്. വാര്‍ഷികാഘോഷ പരസ്യം 3 കോടി, ഫഌക്‌സ് വയ്ക്കല്‍ 2 കോടി, ജനതാല്‍പര്യം അറിയാന്‍ റിയാലിറ്റിഷോ 3 കോടി, കാലാവസ്ഥാ മുന്നറിയിപ്പ് ഫണ്ട് കണക്കിലുണ്ട്, ക്രിസ്മസിന് വന്നവര്‍ ഭാഗ്യവാന്‍മാര്‍, കാണാതായവര്‍ കടലിനോട് ചോദിക്കണം, പരസ്യ പദ്ധതികള്‍ ജനക്ഷേമത്തിന് എന്നുപറഞ്ഞാണ് പോസ്റ്റ് അവസാനിക്കുന്നത്. നേരത്തേ ഓഖി പുനരധിവാസ പാക്കേജായി സര്‍ക്കാര്‍ കേന്ദ്രത്തിന് സമര്‍പ്പിച്ച കണക്കുകളെ കളിയാക്കിക്കൊണ്ടുള്ള ജേക്കബ് തോമസിന്റെ പോസ്റ്റ് ഏറെ വിവാദമായിരുന്നു. മന്ത്രിമാരായ തോമസ് ഐസക്കും മേഴ്‌സിക്കുട്ടിയമ്മയും രൂക്ഷമായ ഭാഷയില്‍ ജേക്കബ് തോമസിനു മറുപടിയും നല്‍കിയിരുന്നു.

RELATED STORIES

Share it
Top