സര്‍ക്കാരിനെ അസ്ഥിരപ്പെടുത്താന്‍ ക്രിസ്ത്യന്‍ സഭകള്‍ ഗൂഢാലോചന നടത്തുന്നു: വിഎച്ച്പി

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള ബിജെപി സര്‍ക്കാരിനെ അസ്ഥിരപ്പെടുത്താന്‍ വത്തിക്കാനുമായി ചേര്‍ന്ന് രാജ്യത്തെ ക്രിസ്ത്യന്‍ സഭകള്‍ ഗൂഢാലോചന നടത്തുന്നതായി വിശ്വഹിന്ദു പരിഷത്ത്. ഇന്ത്യന്‍ ഭരണഘടന അപകടാവസ്ഥയിലാണെന്ന് ഗോവ ആര്‍ച്ച് ബിഷപ് ഫാദര്‍ ഫിലിപ് നെരിഫെറോ ഇടയലേഖനത്തിലൂടെ അടുത്തിടെ വ്യക്തമാക്കിയിരുന്നു. ഈ പശ്ചാത്തലത്തിനാണ് വിഎച്ച്പിയുടെ പ്രസ്താവന. രാജ്യത്തെ ക്രിസ്ത്യന്‍ പള്ളികള്‍ ഇന്ത്യന്‍ സര്‍ക്കാരിനെതിരേ അവിശ്വാസത്തിന്റെ അന്തരീക്ഷം സൃഷ്ടിക്കാനാണ് ശ്രമിക്കുന്നത്. സഭകളുടെ രാഷ്ട്രീയ നിലപാടുകള്‍ക്കും മതപരിവര്‍ത്തനത്തിനും എതിരായതിനാലാണ് അവര്‍ ഭരണഘടന അപകടത്തിലാണെന്നു പറയുന്നതെന്നും വിഎച്ച്പി ജോയിന്റ് സെക്രട്ടറി സുരേന്ദ്ര ജെയിന്‍ പറഞ്ഞു.
അടിയന്തരാവസ്ഥക്കാലത്ത് കശ്മീര്‍ താഴ്‌വരയില്‍ ഹിന്ദുക്കള്‍ ക്രൂരമായി കൊല്ലപ്പെട്ടപ്പോഴും 1984ല്‍ സിഖ് കൂട്ടക്കൊല ഉണ്ടായപ്പോഴും ഈ പള്ളികള്‍ മൗനമാചരിച്ച് ഇരുന്നു. അന്ന് ഭരണഘടന അപകടത്തില്‍ ആയിരുന്നില്ലേ എന്നും അദ്ദേഹം ചോദിച്ചു. ഭരണഘടനയെ സംരക്ഷിക്കാന്‍ വരുന്ന പൊതുതിരഞ്ഞെടുപ്പില്‍ സമ്മതിദാനാവകാശം വിനിയോഗിക്കണമെന്നാണ് ഗോവ ആര്‍ച്ച് ബിഷപ് ഇടയലേഖനത്തിലൂടെ അറിയിച്ചത്. രാജ്യത്ത് ഉടലെടുക്കുന്നത് ഏക സംസ്‌കാര രൂപീകരണ ശ്രമങ്ങളാണ്.
ഭക്ഷണവും ജീവിതശൈലിയും പ്രാര്‍ഥനാ രീതിയും ഇത്തരം ആക്രമണത്തിനു വിധേയമാവുന്നു. വിശ്വാസത്തില്‍ ഉറച്ചുനിന്നുകൊണ്ടുതന്നെ രാഷ്ട്രീയത്തില്‍ ഇടപെടലുകള്‍ നടത്താന്‍ കഴിയണമെന്ന് ബിഷപ് ഗോവ, ദാമന്‍ അതിരൂപതയിലെ വിശ്വാസികള്‍ക്കുള്ള ലേഖനത്തില്‍ വ്യക്തമാക്കി.

RELATED STORIES

Share it
Top