സര്‍ക്കാരിനെയും സിപിഎമ്മിനെയും രൂക്ഷമായി വിമര്‍ശിച്ച് സിപിഐ

കോട്ടയം: എല്‍ഡിഎഫ് സര്‍ക്കാരിനെയും സിപിഎമ്മിനെയും രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ചു സിപിഐയുടെ പ്രവര്‍ത്തന റിപോര്‍ട്ട്. യുഡിഎഫ് നേതാക്കള്‍ക്കെതിരായ കേസുകള്‍ കാര്യക്ഷമമായി മുന്നോട്ടു കൊണ്ടുപോവാന്‍ സര്‍ക്കാരിനു കഴിയുന്നില്ല എന്നതാണു പ്രധാന വിമര്‍ശനം.
യുഡിഎഫ് സര്‍ക്കാരിന്റെ അവസാന മന്ത്രിസഭായോഗത്തിലെ 1000ത്തിലധികം തീരുമാനങ്ങള്‍ അഴിമതിയാണെന്നു കണ്ടെത്തിയതിനെ തുടര്‍ന്ന് നടപടിയെടുക്കാന്‍ മന്ത്രിസഭാ ഉപസമിതിയെ നിയോഗിക്കുകയും ചെയ്തിരുന്നു. എന്നാല്‍, തുടര്‍ നടപടിയൊന്നുമുണ്ടായില്ല. കെ ബാബുവിനും കെ എം മാണി—ക്കുമെതിരേ യുഡിഎഫ് ഭരണകാലത്ത് വിജിലന്‍സ് സ്വീകരിച്ച തരത്തിലുള്ള നടപടി പോലും എല്‍ഡിഎഫ് ഭരണത്തിലുണ്ടാവുന്നില്ലെന്നും സിപിഐ കോട്ടയം ജില്ലാ സമ്മേളനത്തില്‍ ജില്ലാ സെക്രട്ടറി സി കെ ശശിധരന്‍ അവതരിപ്പിച്ച റിപോര്‍ട്ടില്‍ കുറ്റപ്പെടുത്തുന്നു. കഴിഞ്ഞദിവസങ്ങളില്‍ നടന്ന സിപിഎം സമ്മേളനങ്ങളില്‍ സിപിഐ—ക്കെതിരേ നടത്തിയ രൂക്ഷ വിമര്‍ശനങ്ങള്‍ക്കു മറുപടിയെന്നോണമാണു സംഘടനാ റിപോര്‍ട്ട് തയ്യാറാക്കിയിരിക്കുന്നത്. സിപിഐ മന്ത്രിമാര്‍ അഴിമതിക്കാരാണെന്നും സിപിഐ ദുര്‍ബലമാണെന്നുമായിരുന്നു വിമര്‍ശനങ്ങളുയര്‍ന്നത്. ഇതിനു മുഖ്യമന്ത്രിയെ ഉന്നംവച്ച് ആഭ്യന്തര വകുപ്പിനെതിരേയാണു കുറ്റപ്പെടുത്തല്‍ നടത്തിയിരിക്കുന്നത്.
സര്‍ക്കാരിന്റെ ജനക്ഷേമ പ്രവര്‍ത്തനങ്ങളുടെ ശോഭ കെടുത്തുന്ന തരത്തിലുള്ള നടപടികള്‍ സിപിഎമ്മിന്റെ ഭാഗത്തു നിന്ന് ഉണ്ടാവുന്നുവെന്നായിരുന്നു മറ്റൊരു വിമര്‍ശനം. ഒരു ഭാഗത്ത് അന്യാധീനപ്പെട്ട ഭൂമി തിരികെപ്പിടിക്കുമെന്നു പറയുകയും മറു ഭാഗത്ത് കൈയേറ്റക്കാരെ സഹായിക്കുന്ന തരത്തിലുമാണു സിപിഎം നിലപാടുകള്‍. അഴിമതിക്കാരനായ മാണിയെ മുന്നണിയിലെടുത്ത് അതിലൂടെ വിജയിച്ചും മുഖ്യമന്ത്രിയായി തുടരണമെന്ന ചിന്തയാണു കെ എം മാണി—ക്കും സിപിഎമ്മിനുമുള്ളതെന്നും റിപോര്‍ട്ട് കുറ്റപ്പെടുത്തുന്നു.
റിപോര്‍ട്ടിലുള്ള ചര്‍ച്ചയിലും സിപിഎമ്മിനെതിരേ രൂക്ഷമായ ആക്രമണമാണു പ്രതിനിധികള്‍ നടത്തിയത്. സിപിഎം എകാധിപത്യ പ്രവണത കാട്ടുകയാണ്. സര്‍ക്കാരിന്റെ ജനക്ഷേമപ്രവര്‍ത്തനങ്ങളുടെ ശോഭ കെടുത്തുന്ന നടപടികളാണു സിപിഎം ചെയ്യുന്നത്. മന്ത്രി വി എസ് സുനില്‍ കുമാര്‍ പിണറായി വിജയന്റെ ഏജന്റാണെന്നും പ്രതിനിധികള്‍ ആരോപിച്ചു.
ഓഖി ദുരിതാശ്വാസ പ്രവര്‍ത്തനത്തില്‍ സര്‍ക്കാരിനു വീഴ്ചപറ്റിയെന്നും മുഖ്യമന്ത്രി സങ്കുചിത ചിന്താഗതിക്കാരനാണെന്നും വിമര്‍ശനമുയര്‍ന്നു. അതേസമയം, കേരളാ കോണ്‍ഗ്രസ്സി (എം)നെ മുന്നണിയിലെടുക്കാനുള്ള നീക്കത്തിനെതിരേ നിലപാട് കടുപ്പിച്ച് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ രംഗത്തെത്തി. കേരളാ കോണ്‍ഗ്രസ്സു (എം) മായി യോജിച്ച് ഇടതുമുന്നണിയില്‍ മുന്നോട്ടുപോവുകയെന്നതു സിപിഐയെ സംബന്ധിച്ച് പ്രയാസമുള്ള കാര്യമാണെന്ന് അദ്ദേഹം വ്യക്തമാക്കി. ബാക്കി എന്തുവേണമെന്ന് അവര്‍ക്കു തീരുമാനിക്കാം. ബിജെപിക്കും സംഘപരിവാരത്തിനുമെതിരേ ചെറുത്തുനില്‍പ്പിന്റെ വിശാലമായ ജനകീയ പൊതുവേദി ഉയര്‍ന്നുവരണമെന്നും കാനം പറഞ്ഞു.RELATED STORIES

Share it
Top