സര്‍ക്കാരിനെതിരേ യുദ്ധമുഖം തുറക്കാന്‍ ശ്രമം: കാനം

കോഴിക്കോട്/കൊച്ചി: സുപ്രിംകോടതി പുറപ്പെടുവിച്ച ഉത്തരവിന്റെ മറവില്‍ സംസ്ഥാനസര്‍ക്കാരിനെതിരേ യുദ്ധമുഖം തുറക്കാനുള്ള ശ്രമമാണ് ബിജെപിയും കോണ്‍ഗ്രസ്സും നടത്തുന്നതെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. സംസ്ഥാനസര്‍ക്കാരിനെതിരായ രാഷ്ട്രീയ നീക്കത്തിന്റെ ഭാഗമായി സുപ്രിംകോടതിയുടെ അഞ്ചംഗ ഭരണഘടനാ ബെഞ്ചിന്റെ വിധിയെ മാറ്റാന്‍ കഴിയുമോ എന്നാണു ചിലര്‍ നോക്കുന്നത്.
കോടതി വിധിയെ സ്വാഗതംചെയ്ത ആര്‍എസ്എസിന് ഇപ്പോഴും അതേ നിലപാട് തന്നെയാണുള്ളത്. ഇങ്ങനെയുള്ളവരാണ് സംസ്ഥാന സര്‍ക്കാരിനെതിരേ പ്രതിഷേധവുമായി രംഗത്തുവന്നിട്ടുള്ളത്. ശബരിമലയിലെ സ്ത്രീ പ്രവേശനം ബുദ്ധിമുട്ടാണെങ്കിലും കോടതി വിധി നടപ്പാക്കുന്നത് സര്‍ക്കാരിന്റെ ഉത്തരവാദിത്തമാണ്. ഇക്കാര്യത്തില്‍ വേറെ എന്താണ് ചെയ്യാന്‍ കഴിയുകയെന്ന് പ്രക്ഷോഭം നടത്തുന്നവര്‍ വ്യക്തമാക്കട്ടേയെന്നും കാനം പറഞ്ഞു.
സുപ്രിംകോടതി വിധിയില്‍ ബിജെപിയും ആര്‍എസ്എസും കോണ്‍ഗ്രസ്സും നടത്തിവരുന്നത് കള്ളപ്രചാരണങ്ങളാണെന്നും ഇത് അവസാനിപ്പിക്കണമെന്നും മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ആവശ്യപ്പെട്ടു. സത്യം മറച്ചുവച്ച് സംസ്ഥാനത്ത് ഇവര്‍ അരാജകത്വം അഴിച്ചുവിടുകയാണ്.
യഥാര്‍ഥത്തില്‍ സുപ്രിംകോടതിയില്‍ ഉണ്ടായത് എന്താണെന്ന് മറച്ചുവച്ചാണ് ആര്‍എസ്എസ്, ബിജെപി, കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കള്ളപ്രചാരണം നടത്തുന്നതെന്നും കടകംപള്ളി വ്യക്തമാക്കി.അതേസമയം, കടകംപള്ളി സുരേന്ദ്രന്‍ പങ്കെടുത്ത യോഗത്തില്‍ ബിജെപി-യുവമോര്‍ച്ച പ്രവര്‍ത്തകര്‍ പ്രതിഷേധം നടത്തി. പ്രതിഷേധത്തിനെത്തിയ ബിജെപി-യുവമോര്‍ച്ച പ്രവര്‍ത്തകരെ പോലിസ് അറസ്റ്റ് ചെയ്തു നീക്കി. തുറവൂരിന് സമീപം ഒരു സഹകരണ സ്ഥാപനത്തിന്റെ നവീകരിച്ച കെട്ടിടത്തിന്റെ ഉദ്ഘാടനത്തിനെത്തിയപ്പോഴായിരുന്നു സംഭവം.
പരിപാടി നടക്കുന്ന വേദിക്ക് മുന്നില്‍ യുവമോര്‍ച്ചാ പ്രവര്‍ത്തകര്‍ കയറിയിരുന്നു. ഇതേത്തുടര്‍ന്ന് സ്ഥലത്തുണ്ടായിരുന്ന കുത്തിയതോട് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടറും സബ് ഇന്‍സ്‌പെക്ടറും ചേര്‍ന്ന് പ്രതിഷേധക്കാരുമായി ചര്‍ച്ചനടത്തിയെങ്കിലും ഇവര്‍ പിന്‍മാറാന്‍ തയ്യാറാവാഞ്ഞതിനെ തുടര്‍ന്ന് ഇവരെ അറസ്റ്റ് ചെയ്ത് നീക്കുകയായിരുന്നു. മന്ത്രിക്ക് നേരെ പ്രതിഷേധക്കാര്‍ കരിങ്കൊടി വീശി.

RELATED STORIES

Share it
Top