സര്‍ക്കാരിനെതിരേ ക്രൈസ്തവ സഭ പ്രത്യക്ഷ സമരത്തിന്കെ സനൂപ്

തൃശൂര്‍: പിണറായി സര്‍ക്കാരിന്റെ ക്രിസ്ത്യന്‍ വിരുദ്ധ നയങ്ങള്‍ക്കെതിരേ ക്രൈസ്തവ സഭ പ്രത്യക്ഷ സമരത്തിനൊരുങ്ങുന്നതായി സൂചന. പുതുതായി കൊണ്ടുവന്ന ന്യൂനപക്ഷ കമ്മീഷന്റെ ചര്‍ച്ച് ബില്ലിനെതിരെയാണ് ക്രൈസ്തവസഭ സര്‍ക്കാരിനെതിരേ ശക്തമായ ചെറുത്തുനില്‍പ്പിനൊരുങ്ങുന്നത്. ഭരണഘടനയ്ക്കും വിവിധ മതവിഭാഗങ്ങളുടെ അവകാശങ്ങള്‍ക്കും വിരുദ്ധവും ക്രൈസ്തവരെ തകര്‍ക്കാന്‍ ലക്ഷ്യമിടുന്നതുമാണു ചര്‍ച്ച് ബില്ലെന്നാണ് സഭയുടെ ആരോപണം. സഭാ സ്വത്തുക്കള്‍ പിടിച്ചെടുക്കാനുള്ള ബില്ലിനെതിരേ വന്‍ പ്രതിഷേധം ഉയരണമെന്നു തൃശൂര്‍ അതിരൂപതാ പ്രസിദ്ധീകരണമായ കത്തോലിക്കാസഭ മെയ് ലക്കത്തില്‍ വിശ്വാസികളോട് ആഹ്വാനംചെയ്തിട്ടുണ്ട്. ഇന്നലെ തൃശൂര്‍ ജില്ലയിലെ ഇടവകകളില്‍ ചര്‍ച്ച് ബില്ലിനെതിരേ ഇടയലേഖനം വായിച്ചു. ചര്‍ച്ച് ബില്ലിനെ എന്തു വിലകൊടുത്തും ചെറുക്കുമെന്ന് തൃശൂര്‍ ആര്‍ച്ച് ബിഷപ് മാര്‍ ആന്‍ഡ്രൂസ് താഴത്ത് മുന്നറിയിപ്പു നല്‍കി. പള്ളി, മഠം, സെമിനാരി, സഭയുടെ ആശുപത്രികള്‍ തുടങ്ങിയ സഭാ സ്ഥാപനങ്ങളെ രാഷ്ട്രീയക്കാരുടെ കൈയിലാക്കാനോ അല്ലെങ്കില്‍ ക്രൈസ്തവരെ കേരളത്തില്‍നിന്നു പുകച്ചു പുറത്തുചാടിക്കാനോ വേണ്ടിയാണ് ബില്ലെന്നു സംശയിക്കുന്നെന്നും ആര്‍ച്ച് ബിഷപ് പറഞ്ഞു. ന്യൂനപക്ഷങ്ങളെ സംരക്ഷിക്കാന്‍ ഉത്തരവാദപ്പെട്ട ന്യൂനപക്ഷ കമ്മീഷന്‍ ക്രൈസ്തവരെ മാത്രം തിരഞ്ഞുപിടിച്ച് പൂര്‍ണമായും തകര്‍ക്കാന്‍ നടത്തുന്ന ശ്രമങ്ങള്‍ അപലപനീയമാണ്. ഇക്കാര്യത്തില്‍ ജാഗരൂകരായിരിക്കണമെന്നും വേണ്ടവിധത്തില്‍ പ്രതികരിക്കണമെന്നും മാര്‍ ആന്‍ഡ്രൂസ് താഴത്ത് വിശ്വാസികളെ ആഹ്വാനംചെയ്തു. സംസ്ഥാന സര്‍ക്കാരിനെപ്പോലും അറിയിക്കാതെ ചില നിക്ഷിപ്ത താല്‍പര്യക്കാരുടെയും പ്രസ്ഥാനങ്ങളുടെയും മറവിലാണ് ന്യൂനപക്ഷ കമ്മീഷന്‍  ഭരണഘടനാവിരുദ്ധ ചര്‍ച്ച് ബില്ലുമായി രംഗത്തുവന്നിരിക്കുന്നതെന്ന് അഖില കേരള കാത്തോലിക്കാ കോണ്‍ഗ്രസ് നേതാക്കള്‍ കുറ്റപ്പെടുത്തി. കേരളത്തിലെ ക്രൈസ്തവ സഭകളുടെ മുഴുവന്‍ സ്വത്തുക്കളും പിടിച്ചെടുത്ത് ട്രസ്റ്റ് രൂപീകരിക്കുകയും അതിന്റെ നടത്തിപ്പ് രാഷ്ട്രീയപ്പാര്‍ട്ടികളെ ഏല്‍പ്പിക്കുകയുമാണ് ബില്ലിന്റെ ഗൂഢലക്ഷ്യമെന്നാണ് കത്തോലിക്കാസഭ മാസികയുടെ വിമര്‍ശനം. നിര്‍ദിഷ്ട ബില്ല് ഭരണഘടന അനുവദിക്കുന്ന മതസ്വാതന്ത്ര്യം ഉറപ്പുനല്‍കുന്ന 26ാം വകുപ്പിന്റെ നഗ്നമായ ലംഘനമാണെന്നും വിമര്‍ശനമുണ്ട്. എന്നാല്‍ ഇതിനു വിരുദ്ധമായി അവകാശങ്ങള്‍ക്കുമേലുള്ള കടന്നുകയറ്റമായിട്ടാണ് കത്തോലിക്കാസഭ ബില്ലിനെ വിലയിരുത്തുന്നത്. ആര്‍എസ്എസ് പ്രീണന നയത്തിന്റെ ഭാഗമായാണ് സര്‍ക്കാര്‍ ചര്‍ച്ച് ബില്ല് പൊടിതട്ടിയെടുത്തതെന്നും, നീക്കത്തെ എന്തുവിലകൊടുത്തും ചെറുക്കുമെന്നുള്ള വ്യക്തമായ സൂചനയാണ് ക്രൈസ്തവ സംഘടനകള്‍ നല്‍കുന്നത്.

RELATED STORIES

Share it
Top