സരസ് മേളയില്‍ റെക്കോഡ് വില്‍പന

പട്ടാമ്പി: പട്ടാമ്പിയില്‍ നടക്കുന്ന സരസ് മേളയില്‍ ആദ്യ രണ്ട് ദിനങ്ങള്‍ പിന്നിടുമ്പോള്‍ റെക്കോര്‍ഡ് വില്‍പന. ഇന്ത്യയിലെ ഇരുപത്തിയൊന്‍പത് സംസ്ഥാനങ്ങളില്‍ നിന്നായി ഇരുന്നൂറ്റി നാല്‍പ്പത് സ്റ്റാളുകളാണ് സരസ് മേളയില്‍ പ്രദര്‍ശന വിപണനത്തിനായി എത്തിയിട്ടുള്ളത്.
വിവിധയിനം തുണിത്തരങ്ങള്‍, കരകൗശല വസ്തുക്കള്‍, തുകല്‍ ഉല്‍പ്പന്നങ്ങള്‍, ഭക്ഷണ സാധനങ്ങള്‍, ചെരുപ്പുകള്‍, ബാഗുകള്‍ തുടങ്ങി ഒട്ടനവധി ഉല്‍പ്പന്നങ്ങളാണ് സരസ് മേളയില്‍ പൊതുജനങ്ങള്‍ക്കായി ഒരുക്കിയിട്ടുള്ളത്. സരസ് മേളയിലെ പ്രദര്‍ശന വിപണന സ്റ്റാളുകള്‍ കഴിഞ്ഞാന്‍ നേരെ പോകുന്നത് കുടുംബശ്രീ ഫുഡ് കോര്‍ട്ടിലേക്കാണ്. കൊതിയൂറും വിഭവങ്ങളുമായി ഉദ്ഘാടന ദിവസം വൈകീട്ട് മാത്രം തുറന്ന് പ്രവര്‍ത്തിച്ച ഫുഡ്‌കോര്‍ട്ടില്‍ ഒരു ലക്ഷത്തോളം രൂപയ്ക്കാണ് വില്‍പ്പന നടന്നത്.
ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളുടെ വ്യത്യസ്ത ഭക്ഷണങ്ങളും, ലക്ഷദ്വീപ് സ്‌പെഷലും കേരളത്തിലെ വിവിധ സംസ്ഥാനങ്ങളുടെ വ്യത്യസ്തമാര്‍ന്ന ഭക്ഷണങ്ങളും ഫുഡ് കോര്‍ട്ടിലുണ്ട്. ഇരുപത്തിരണ്ട് സ്റ്റാളുകളാണ് ഫുഡ് കോര്‍ട്ടില്‍ ഉളളത്. ഇതില്‍ പകുതി അയല്‍ സംസ്ഥാനങ്ങളില്‍ നിന്നുളള ഭക്ഷണശാലകളാണ്.
ചത്തീസ്ഗഢ്, രാജസ്ഥാന്‍, കര്‍ണ്ണാടക, ആന്ധ്രപ്രദേശ്, മഹാരാഷ്ട്ര, ഗോവ, ബിഹാര്‍, ജാര്‍ഖണ്ഡ് ഭക്ഷണ രുചികള്‍ക്കൊപ്പം പാലക്കാട്, തൃശ്ശൂര്‍, മലപ്പുറം, കാസര്‍ഗോഡ്, കണ്ണൂര്‍, കോഴിക്കോട്, ആലപ്പുഴ എന്നിവിടങ്ങളില്‍ നിന്നുളള വിഭവങ്ങളും ഫുഡ് കോര്‍ട്ടില്‍ ലഭ്യമാണ്. കൂടാതെ പട്ടുറുമാല്‍ ഫെയിം അര്‍ഷിത കമാലിന്റെ നേതൃത്വത്തില്‍ ഗാനവിരുന്നും, പാലക്കാട് മെഹ്ഫില്‍ ഗ്രൂപ്പിന്റെ നേതൃത്വത്തില്‍ പഴയഗാനങ്ങളെ കോര്‍ത്തിണക്കി “മധുരിക്കും ഓര്‍മ്മകളെ” ഗാനവിരുന്നും അരങ്ങേറി.

RELATED STORIES

Share it
Top