സരസ് മേളയില്‍ കല്ലുകടിയായി വി ടി ബല്‍റാം- മുഹമ്മദ് മുഹ്‌സിന്‍ പോര്

പട്ടാമ്പി: സരസ്‌മേളയില്‍ വി ടി ബല്‍റാം എംഎല്‍എയും മുഹമ്മദ് മുഹ്്‌സിന്‍ എംഎല്‍എയും പരസ്യമായി ഏറ്റുമുട്ടിയത് കല്ലുകടിയാവുന്നു. മേളയുടെ ഉദ്ഘാടന ചടങ്ങില്‍ യുഡിഎഫ് എംഎല്‍എ വി ടി ബല്‍റാമിനെ പങ്കെടുപ്പിച്ചിരുന്നില്ല. ഇത് പുകയുന്നതിനിടെയാണ് കഴിഞ്ഞ ദിവസം മേള സന്ദര്‍ശിക്കാന്‍ വി ടി ബല്‍റാം എംഎല്‍എ എത്തിയത്. സന്ദര്‍ശിച്ച ശേഷം മടങ്ങുന്നതിനിടെ മാധ്യമപ്രവര്‍ത്തകരോട് വി ടി ബല്‍റാം സംസാരിച്ചിരുന്നു. ഇതിനിടെ സംഘാകസമിതി ചെയര്‍മാന്‍ കൂടിയായ മുഹമ്മദ് മുഹ്‌സിന്‍ എംഎല്‍എ ഇടപെട്ട് ബല്‍റാം എംഎല്‍എ പറയുന്നത് നുണയാണെന്നും സമാപന പരിപാടിയില്‍ അദ്ദേഹത്തെ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നും വിളിച്ചുപറയുകയായിരുന്നു.
മുഹ്്‌സിന്‍ എംഎല്‍എ അപക്വമായി പെരുമാറിയെന്ന് വി ടി ബല്‍റാം എംഎല്‍എയും പിന്നീട് ആരോപിച്ചു. ബല്‍റാമിനെ മാനിയാക്കെന്ന് വിളിച്ച് മുഹ്‌സിന്‍ പരിഹസിച്ചിരുന്നു. മറുപടിയായി ‘ഏതായാലും ഞാനദ്ദേഹത്തെ തിരിച്ച് മാനിയാക് അഥവാ ഭ്രാന്തന്‍ എന്നൊന്നും വ്യക്തിപരമായി വിളിച്ച് ആക്ഷേപിക്കാന്‍ മുതിരുന്നില്ല’ എന്ന് എംഎല്‍എ ഫേസ്ബുക്കില്‍ പ്രതികരിച്ചു.ഉദ്ഘാടന പരിപാടിയില്‍ ഉള്‍പ്പെടുത്തുന്നതാണെന്ന് സംഘാടകര്‍ അറിയിച്ചിരുന്നുവെന്നും എന്നാല്‍ പിന്നീട് ഔദ്യോഗികമായ ഒരു അറിയിപ്പും സംഘാടകരില്‍ നിന്നോ കുടുംബശ്രീ ഉദ്യോഗസ്ഥരില്‍ നിന്നോ ഉണ്ടായിട്ടില്ലെന്നും വി ടി ബല്‍റാം ഫേസ്ബുക്കില്‍ ആരോപിച്ചു.
സരസ് മേളയില്‍ സന്ദര്‍ശനം നടത്തിയത് ക്ഷണിക്കപ്പെട്ട അതിഥി ആയിട്ടല്ല, കുടുംബത്തോടും സുഹൃത്തുക്കളോടുമൊപ്പം കാഴ്ചക്കാരനെന്ന നിലയിലാണ്. ഇതിനിടെ മുഹ്്‌സിന്‍ എംഎല്‍എ ഇടപ്പെട്ടത് അപക്വമായ സമീപനമാണെന്നും വി ടി ബല്‍റാം പറഞ്ഞു.

RELATED STORIES

Share it
Top