സമ്പൂര്‍ണ ഹൈടെക് വിദ്യാലയമായി കാതോലിക്കേറ്റ് എച്ച്എസ്എസ്

പത്തനംതിട്ട: കാതോലിക്കേറ്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ സമ്പൂര്‍ണ ഹൈടെക് വിദ്യാലയമാവുന്നു. പ്രഖ്യാപനം ഇന്ന് നടക്കുമെന്ന് പ്രിന്‍സിപ്പല്‍ ജെസി തോമസും ഹെഡ്മാസ്റ്റര്‍ കെ പി തോമസുകുട്ടിയും വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
ഹയര്‍ സെക്കന്‍ഡറിയിലെയും ഹൈസ്‌കൂളിലെയുമായി 25 ക്ലാസ് മുറികളാണ് ഹൈടെക്കാക്കിയിരിക്കുന്നത്. ക്ലാസ് മുറികള്‍ നവീകരിച്ച് ഭൗതിക സാഹചര്യം ഒരുക്കിയതോടെ ഹൈടെക് ക്ലാസ്മുറിയിലേക്ക് ആവശ്യമായ ലാപ് ടോപ്പ്, പ്രോജക്ടര്‍, സ്പീക്കര്‍ തുടങ്ങിയവ സര്‍ക്കാര്‍ അനുവദിച്ചു. ഡിജിറ്റലൈസ് സംവിധാനത്തോടെയുള്ള പഠനം ഇനിമുതല്‍ കാതോലിക്കേറ്റ് സ്‌കൂളില്‍ സാധ്യമാകുമെന്നും പ്രിന്‍സിപ്പല്‍ പറഞ്ഞു.
ഹൈടെക് പ്രഖ്യാപനത്തോടനുബന്ധിച്ച് സ്‌കൂളില്‍ നിന്ന് 10, 12 ക്ലാസുകളില്‍ ഉന്നതവിജയം നേടിയ കുട്ടികളെ അനുമോദിക്കും. എസ്എസ്എല്‍സിക്ക് 100 ശതമാനം വിജയവും 10 കുട്ടികള്‍ക്ക് മുഴുവന്‍ എ പ്ലസുമാണ് ലഭിച്ചത്. പ്ലസ്ടുവിന് രണ്ടു വിദ്യാര്‍ഥികള്‍ മുഴുവന്‍ മാര്‍ക്കും കരസ്ഥമാക്കി. 24 കുട്ടികള്‍ക്ക് എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് ലഭിച്ചു. കായിക, ശാസ്ത്ര, സാമൂഹിക ശാസ്ത്ര മേഖലകളില്‍ നേട്ടം കൈവരിച്ച വിദ്യാര്‍ഥികളെയും അനുമോദിക്കും. ഉച്ചയ്ക്ക്് രണ്ടിന് സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ ചേരുന്ന യോഗത്തില്‍ വീണാ ജോര്‍ജ് എംഎല്‍എ സ്‌കൂള്‍ ഹൈടെക് പ്രഖ്യാപനം നടത്തും. കുര്യാക്കോസ് മാര്‍ ക്ലീമിസ് മെത്രാപ്പോലീത്ത അധ്യക്ഷത വഹിക്കും. സ്റ്റാഫ് സെക്രട്ടറി ഡോ.മാത്യു പി ജോര്‍ജ്, അധ്യാപകന്‍ ജേക്കബ് ജോര്‍ജ് കുറ്റിയില്‍ എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

RELATED STORIES

Share it
Top