സമ്പൂര്‍ണ വൈദ്യുതീകരണം: ജില്ല സംസ്ഥാനതലത്തില്‍ ഒന്നാമത്ആലപ്പുഴ: എല്ലാ വീടുകളിലും വൈദ്യുതിയെത്തിക്കാനുള്ള സമ്പൂര്‍ണ വൈദ്യുതീകരണ പദ്ധതി നടപ്പാക്കുന്നതില്‍ ജില്ല സംസ്ഥാനതലത്തില്‍ ഒന്നാമതാണെന്ന് പൊതുമരാമത്ത് മന്ത്രി ജി സുധാകരന്‍ പറഞ്ഞു. സമ്പൂര്‍ണ വൈദ്യുതീകരണവുമായി ബന്ധപ്പെട്ട് കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന അവലോകന യോഗത്തില്‍ ആധ്യക്ഷ്യം വഹിക്കുകയായിരുന്നു മന്ത്രി. ജില്ലയിലെ 94.33 ശതമാനം വീടുകളിലും വൈദ്യുതിയെത്തിക്കാനായി. സമ്പൂര്‍ണമായി വൈദ്യുതീകരിച്ച ജില്ലയെന്ന നേട്ടം ഈ മാസം ആലപ്പുഴ കൈവരിക്കും. സംസ്ഥാനതലത്തില്‍ എറണാകുളമാണ് രണ്ടാമത് 86.22 ശതമാനം. 62.85 ശതമാനം നേട്ടം കൈവരിച്ച തിരുവനന്തപുരമാണ് നിലവില്‍ മൂന്നാമത്. അമ്പലപ്പുഴ, ആലപ്പുഴ, ചേര്‍ത്തലം, കായംകുളം, മാവേലിക്കര നിയമസഭാ മണ്ഡലങ്ങള്‍ സമ്പൂര്‍ണ വൈദ്യുതീകരണ പ്രഖ്യാപനം നടത്തിക്കഴിഞ്ഞു. കുട്ടനാട്, അരൂര്‍, ഹരിപ്പാട്, ചെങ്ങന്നൂര്‍ മണ്ഡലങ്ങള്‍ ഫെബ്രുവരി 25 നകം ഈ നേട്ടം കൈവരിക്കും. ഔദ്യോഗിക പ്രഖ്യാപനം 28ന് നടക്കും. ജില്ല യില്‍ പുതുതായി മൊത്തം 8,647 വൈദ്യുതി കണക്ഷന്‍ നല്‍കി. 138 കണക്ഷനുകള്‍ കൂടിയാണ് നല്‍കാനുള്ളത്. ഇതിനുള്ള നടപടികള്‍ ദ്രുതഗതിയില്‍ പുരോഗമിക്കുന്നു. അമ്പലപ്പുഴ നിയമസഭാ മണ്ഡലത്തില്‍ 693 കണക്ഷനുകളും ആലപ്പുഴയില്‍ 546 ഉം ചേര്‍ത്തലയില്‍ 573 ഉം മാവേലിക്കരയില്‍ 897 ഉം കായംകുളത്ത് 536 ഉം പുതിയ കണക്ഷന്‍ നല്‍കി. കുട്ടനാട്ടില്‍ ഇതിനകം 589 ഉം അരൂരില്‍ 723ഉം ഹരിപ്പാട് 450 ഉം ചെങ്ങന്നൂരില്‍ 516 ഉം കണക്്ഷനുകള്‍ നല്‍കിക്കഴിഞ്ഞു. ജനപ്രതിനിധികളും കെഎസ്ഇബിയും ഇക്കാര്യത്തില്‍ സ്വീകരിച്ച നടപടികള്‍ മാതൃകാപരമാണെന്നു മന്ത്രി പറഞ്ഞു. എംഎല്‍എമാരായ ആര്‍ രാജേഷ്, ക കെ രാമചന്ദ്രന്‍ നായര്‍, ജില്ലാ കലക്ടര്‍ വീണ എന്‍ മാധവന്‍, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ദലീമ ജോജോ, കെഎസ്ഇബി ഡപ്യൂട്ടി ചീഫ് എന്‍ജിനീയര്‍ ബി ഉദയവര്‍മ, ജനപ്രതിനിധികള്‍ പങ്കെടുത്തു.

RELATED STORIES

Share it
Top