സമ്പൂര്‍ണ വിദ്യാലയ പ്രവേശനം;ജീവനക്കാര്‍ കോളനികള്‍ സന്ദര്‍ശിക്കുംകല്‍പ്പറ്റ: പൊതുവിദ്യാലയങ്ങളെ ശാക്തീകരിക്കുന്നതിനും പട്ടികവര്‍ഗ വിദ്യാര്‍ഥികളെ സ്‌കൂളിലെത്തിക്കുന്നതിനും കുട്ടികളുടെ ആരോഗ്യ പരിരക്ഷ ഉറപ്പാക്കുന്നതിനും ജില്ലയിലെ മുഴുവന്‍ ആദിവാസി കോളനികളിലും എംഎല്‍എമാരുടെയും ജനപ്രതിനിധികളുടെയും വിവിധ വകുപ്പ് ഉദ്യോഗസ്ഥരുടെയും നേതൃത്വത്തില്‍ 28ന് കോളനി സന്ദര്‍ശന പരിപാടി നടത്തും. സമ്പൂര്‍ണ വിദ്യാലയ പ്രവേശനത്തിനായി ജില്ലയിലെ മുഴുവന്‍ സര്‍ക്കാര്‍ ജീവനക്കാരും അധ്യാപകരും സന്നദ്ധ സംഘടനാ പ്രവര്‍ത്തകരും വിവിധ വിദ്യാലയങ്ങളില്‍ കേന്ദ്രീകരിച്ച് സംഘങ്ങളായി ഗൃഹസന്ദര്‍ശനവും കുട്ടികളുടെ കണക്കെടുപ്പും നടത്തണം. എംഎല്‍എമാരുടെ ക്ഷണക്കത്തുകള്‍ ഇവര്‍ കോളനികള്‍ തോറും വിതരണം ചെയ്യും. സ്‌കൂള്‍ തുറക്കുന്നതിന് മുമ്പ് മുഴുവന്‍ ആദിവാസി കോളനികളിലും അധികൃതര്‍ സന്ദര്‍ശനം പൂര്‍ത്തിയാക്കി സര്‍വേ റിപോര്‍ട്ടുകള്‍ അതതു വിദ്യാലയങ്ങളിലെ പ്രധാനാധ്യാപകരെ ഏല്‍പ്പിക്കണം. വകുപ്പിലെ ഒരോ ജീവനക്കാരും ഏതൊക്കെ പ്രദേശത്താണ് യജ്ഞത്തില്‍ പങ്കാളികളായത് എന്നതിന്റെ വിശദാംശങ്ങള്‍ ജില്ലാ കലക്ടര്‍ക്ക് നല്‍കണം. സന്നദ്ധസംഘടനാ പ്രവര്‍ത്തകര്‍, കടുംബശ്രീ, ആശവാര്‍ക്കര്‍മാര്‍ എന്നിവരുടെയും സഹകരണവും പൊതുവിദ്യാഭ്യാസ യജ്ഞത്തിലുണ്ടാവും. വാഹനസൗകര്യം ഇല്ലാത്തവര്‍ക്കും വന്യമൃഗശല്യം നേരിടുന്ന പ്രദേശത്തും കുട്ടികളെ വിദ്യാലയങ്ങളിലെത്തിക്കാനുള്ള ഗോത്രസാരഥി പദ്ധതി ഇത്തവണയും തുടരും. തിരഞ്ഞെടുത്ത തൊഴിലധിഷ്ഠിത കോഴ്‌സുകളില്‍ രണ്ടാം വര്‍ഷം പഠനം നടത്തുന്ന 223 പട്ടികവര്‍ഗ വിദ്യാര്‍ഥികള്‍ക്ക് ലാപ്‌ടോപ്പുകള്‍ വിതരണം ചെയ്യും. 73 ലക്ഷം രൂപ ഇതിനായി ചെലവഴിച്ചു. പട്ടികവര്‍ഗ വികസന വകുപ്പിന്റെ കീഴില്‍ വിദ്യാര്‍ഥികള്‍ക്ക് താമസിച്ചു പഠിക്കുന്നതിനായുള്ള 11 ഹോസ്റ്റലുകളിലെ വിദ്യാഭ്യാസ ചെലവുകള്‍ക്കുമായി 10 ലക്ഷം രൂപയാണ് ചെലവഴിച്ചത്.

RELATED STORIES

Share it
Top