സമ്പൂര്‍ണ മനുഷ്യന്‍


ക്രി.ശേ. 632ലാണ് പ്രവാചകന്‍ മുഹമ്മദ് ലോകത്തിനു മനുഷ്യാവകാശങ്ങളെ സംബന്ധിച്ച് ബോധം നല്‍കുന്ന മഹത്തായ ആ പ്രഖ്യാപനം നടത്തിയത്
meelad shareefഉബൈദ്   തൃക്കളയൂര്‍

''നുഷ്യകുലത്തില്‍ ജന്മം കൊണ്ടവരില്‍ വച്ച് ഏറ്റവും സത്യസന്ധനായ മനുഷ്യന്‍ മുഹമ്മദ് മാത്രമാണ്.'' -മേജര്‍ ലൊനാര്‍ഡിന്റെ നിരീക്ഷണമാണ് ഇത്. മുഹമ്മദ് നബി ജീവിച്ചതും മരിച്ചതും മനുഷ്യകുലത്തിനു വേണ്ടിയാണ്. നല്ലതെല്ലാം അദ്ദേഹം മനുഷ്യസമുദായത്തിനു പഠിപ്പിച്ചുതന്നു. ദോഷകരമായതെല്ലാം അദ്ദേഹം വിലക്കി. അറേബ്യയില്‍ ഇസ്‌ലാമിന്റെ സംസ്ഥാപനത്തിനു ശേഷം ചിന്തകരും പണ്ഡിതരും പ്രവാചകന്റെ വ്യക്തിത്വത്തെ അപഗ്രഥനം ചെയ്യാന്‍ തുടങ്ങി. പക്ഷേ, അദ്ദേഹത്തിന്റെ വാക്കും പ്രവൃത്തിയും തമ്മില്‍ വൈരുധ്യം കണ്ടെത്താന്‍ ആര്‍ക്കും സാധിച്ചില്ല. അത്രമാത്രം സത്യസന്ധനായിരുന്നു അദ്ദേഹം.
സാഹോദര്യത്തിന്റെ ഉത്തമ മാതൃകയാണ് മുഹമ്മദ് നബി ലോകത്തിനു സമര്‍പ്പിച്ചത്. പ്രവാചകത്വത്തിന്റെ വളരെ ചുരുങ്ങിയ 23 വര്‍ഷക്കാലം കൊണ്ട് അറേബ്യന്‍ ഉപഭൂഖണ്ഡത്തെ മുഴുവനും അദ്ദേഹം വിഗ്രഹാരാധനയില്‍ നിന്നും ഏകദൈവത്തിലേക്ക് പരിവര്‍ത്തിപ്പിച്ചു. നിരന്തരമായ ഗോത്രകലഹങ്ങളില്‍നിന്ന് അവരെ ഐക്യത്തിലേക്ക് ആനയിച്ചു. അവിശ്വസ്തതയില്‍നിന്നു സത്യസന്ധതയിലേക്ക്, അധാര്‍മികതയില്‍നിന്നു ധര്‍മനിഷ്ഠയിലേക്ക് അധപ്പതനത്തില്‍നിന്ന് ആത്മീയതയിലേക്ക് അവരെ അദ്ദേഹം ഉയര്‍ത്തിക്കൊണ്ടുവന്നു. മനുഷ്യചരിത്രത്തില്‍ തുല്യതയില്ലാത്ത പരിവര്‍ത്തനമായിരുന്നു അത്. വ്യക്തിയുടെ പദവിയും വിശ്വാസവും ഭക്തിയുമൊക്കെ ഇഹലോകത്തും പരലോകത്തും വിലയിരുത്തപ്പെടുന്നത് അയാളുടെ കര്‍മങ്ങള്‍ക്കനുസരിച്ചാണെന്ന് അദ്ദേഹം പഠിപ്പിച്ചു.

ജനാധിപത്യത്തിന്റെ പൂര്‍ണമാതൃക
ജന്മനാടായ മക്കയില്‍ അദ്ദേഹം, തന്റെ ദൗത്യം ആരംഭിച്ച ഘട്ടത്തില്‍ ബഹുദൈവാരാധകരായ ഗോത്രങ്ങള്‍ അന്ധവിശ്വാസങ്ങളിലും അനാചാരങ്ങളിലും കൂപ്പുകുത്തി കിടക്കുകയായിരുന്നു. തന്റെ ദൗത്യത്തോട് പ്രവാചകന്റെ പ്രതിബദ്ധത അനിര്‍വചനീയമായിരുന്നു. അതിദാരുണമായ അനന്തരഫലങ്ങളെപ്പറ്റി ഭീഷണിയുണ്ടായപ്പോള്‍ അദ്ദേഹം പതറിയില്ല. ഇസ്‌ലാമിക പ്രചാരണത്തില്‍നിന്ന് അദ്ദേഹത്തെ പിന്തിരിക്കാന്‍ അവിശ്വാസികള്‍ പിതൃവ്യന്‍ അബൂ ത്വാലിബിനെ സമീപിച്ച വിവരം ലഭിച്ചപ്പോള്‍ നല്‍കിയ പ്രതികരണം പ്രവാചകന്റെ മനക്കരുത്തും സ്വഭാവവിശേഷവും പ്രകടമാക്കുന്നതായിരുന്നു. അദ്ദേഹം പറഞ്ഞു:  ''പ്രിയ മൂത്താപ്പാ... ഇവര്‍ തന്റെ വലതുകൈയില്‍ സൂര്യനെയും ഇടതുകൈയില്‍ ചന്ദ്രനെയും വച്ചു തന്നാലും ഈ ദൗത്യത്തില്‍നിന്നു ഞാന്‍ പിന്‍മാറുകയില്ല. ഈ മാര്‍ഗത്തില്‍ എന്റെ ജീവന്‍ തന്നെ  നഷ്ടപ്പെട്ടാലും''nabidhinamമദീനയില്‍, ജൂതന്മാരുടെയും കപടവിശ്വാസികളുടെയും നിരവധി പീഡനങ്ങളും ഗൂഢാലോചനകളും അദ്ദേഹത്തിന് അഭിമുഖീകരിക്കേണ്ടിവന്നു. ശക്തിയും കഴിവുമുണ്ടായിട്ടും അവര്‍ക്കെതിരേ അദ്ദേഹം നിയന്ത്രണം അടിച്ചേല്‍പ്പിച്ചില്ല.  വ്യത്യസ്താഭിപ്രായങ്ങള്‍ക്കും വിമര്‍ശനങ്ങള്‍ക്കും അദ്ദേഹം സ്വാതന്ത്ര്യം നല്‍കുകയായിരുന്നു ചെയ്തത്. ലോകം മുഴുവനും ഏകാധിപത്യഭരണം അടക്കിവാഴുമ്പോള്‍, മുഹമ്മദ് നബി തിരുമേനി ജനാധിപത്യത്തിന്റെ പരിപൂര്‍ണമാതൃക ലോകസമക്ഷം പ്രാവര്‍ത്തികമാക്കി കാണിച്ചു കൊടുത്തു.

വനിതകളുടെ വിമോചകന്‍
മനുഷ്യചരിത്രത്തില്‍ ആദ്യമായി സ്ത്രീകള്‍ക്ക് അഭൂതപൂര്‍വമായി സമത്വവും സ്വാതന്ത്ര്യവും നീതിയും വകവച്ചുകൊടുത്തത് മുഹമ്മദ് നബിയാണ്. നാഗരികസമൂഹം മനുഷ്യചരിത്രത്തിലെ ഇരുണ്ട യുഗമെന്നു വിശേഷിപ്പിച്ച ആ കാലഘട്ടത്തില്‍ യൂറോപ്പില്‍ പോലും സ്ത്രീകള്‍ കുട്ടികളെ ഉണ്ടാക്കുന്ന യന്ത്രങ്ങളായാണ് പരിഗണിച്ചിരുന്നത്. സ്ത്രീസ്വാതന്ത്ര്യത്തിന്റെയും ലിംഗസമത്വത്തിന്റെയും പേരില്‍ ഇസ്‌ലാമിനെ അപഹസിക്കുന്നവര്‍ക്കെതിരേ എക്കാലത്തും ഉയര്‍ന്നുനില്‍ക്കും പ്രവാചകന്റെ പ്രഖ്യാപനങ്ങള്‍. അദ്ദേഹം പറഞ്ഞു: ''ജനങ്ങളേ... നിങ്ങള്‍ക്ക് നിങ്ങളുടെ സ്ത്രീകളില്‍ ചില അവകാശങ്ങളുണ്ട് എന്നതു ശരിതന്നെ. എന്നാല്‍, അവര്‍ക്ക് നിങ്ങളിലും അവകാശങ്ങളുണ്ട്. നിങ്ങളുടെ അവകാശങ്ങള്‍ അവര്‍ നിങ്ങള്‍ക്ക് വകവച്ചുതരുന്നുണ്ടെങ്കില്‍, അവര്‍ക്ക് ഭക്ഷണവും വസ്ത്രവും നല്‍കാന്‍ നിങ്ങളും ബാധ്യസ്ഥരാണ്. നിങ്ങളുടെ സ്ത്രീകളോട് നിങ്ങള്‍ നല്ല നിലയില്‍ പെരുമാറുക; അവരോട് ദയ കാണിക്കുക; കാരണം അവര്‍ നിങ്ങളുടെ ജീവിതപങ്കാളികളും സഹകാരികളുമാണ്. നിങ്ങള്‍ അംഗീകരിക്കാത്ത ആരുമായും അവര്‍ സൗഹൃദമുണ്ടാക്കരുതെന്നതും ഒരിക്കലും പരപുരുഷസംഗമം നടത്തരുതെന്നതും നിങ്ങളുടെ അവകാശമാണ്.''
ആദ്യത്തെ മനുഷ്യാവകാശ പ്രഖ്യാപനം
സാധുക്കള്‍ക്കും വൃദ്ധര്‍ക്കും അനാഥര്‍ക്കും അഗതികള്‍ക്കും വേണ്ടി മനുഷ്യാവകാശങ്ങള്‍ നിലനില്‍ക്കണമെന്ന് തന്റെ വിടവാങ്ങല്‍ പ്രസംഗത്തില്‍ അദ്ദേഹം വ്യക്തമാക്കി. ജനങ്ങളുടെ ജീവന്‍, സ്വത്ത്, അഭിമാനം എന്നിവയ്‌ക്കെതിരേയുള്ള കൈയേറ്റങ്ങള്‍ കടുത്ത മനുഷ്യാവകാശ ലംഘനങ്ങളായി അദ്ദേഹം പ്രഖ്യാപിച്ചു. ജീവനും സമ്പത്തും അഭിമാനവും പരസ്പരം പവിത്രമായി കരുതണമെന്ന് അദ്ദേഹം പഠിപ്പിച്ചു. 1215ല്‍ മാഗ്നാകാര്‍ട്ടയില്‍ രേഖപ്പെടുത്തപ്പെടുന്നതിനു മുമ്പ് 1628ലെ അവകാശ പ്രഖ്യാപനത്തിനു മുമ്പ്, 1679ലെ വ്യക്തി സ്വാതന്ത്ര്യ നിയമങ്ങള്‍ക്കു മുമ്പ്, 1776ല്‍ സ്വാതന്ത്ര്യത്തിന്റെ അമേരിക്കന്‍ പ്രഖ്യാപനത്തിനു മുമ്പ് 1789ലെ മാനുഷിക പൗരാവകാശ ചാര്‍ട്ടറിനു മുമ്പ്, 1948ലെ അന്താരാഷ്ട്ര മനുഷ്യാവകാശ പ്രഖ്യാപനത്തിനുമുമ്പ് ക്രി.ശേ. 632ലാണ് പ്രവാചകന്‍ മുഹമ്മദ് ലോകത്തിനു മനുഷ്യാവകാശങ്ങളെ സംബന്ധിച്ച് ബോധം നല്‍കുന്ന മഹത്തായ പ്രഖ്യാപനമായിരുന്നു ഇത്.

ന്യൂനപക്ഷ സമീപനം
ഇസ്‌ലാമിക വ്യവസ്ഥിതിയില്‍ അമുസ്‌ലിം സഹോദരന്‍മാരുടെ അവകാശങ്ങള്‍ വ്യക്തമാക്കുകയും അവരുടെ ജീവനും സന്താനങ്ങള്‍ക്കും സ്വത്തിനും അഭിമാനത്തിനും പൂര്‍ണ സംരക്ഷണം ഗാരന്റി നല്‍കുകയും ചെയ്തു പ്രവാചകന്‍. നീപ്പാള്‍, സ്‌പെയിന്‍ തുടങ്ങിയ രാജ്യങ്ങളില്‍നിന്നു സര്‍വമാനുഷിക തത്ത്വങ്ങളെയും ലംഘിച്ചുകൊണ്ട് മുസ്‌ലിംകള്‍ കൂട്ടമായി നാടുകടത്തപ്പെടുന്ന ഇന്നത്തെ കാലത്തും നിരവധി മുസ്‌ലിം രാജ്യങ്ങളില്‍ ജൂതന്മാരും ക്രിസ്ത്യാനികളുമായ പൗരന്മാര്‍ സമാധനത്തോടും സുരക്ഷിതത്വത്തോടും കൂടി ജീവിക്കുന്നുണ്ട്. മനുഷ്യരോട് മാത്രമല്ല, മൃഗങ്ങളോടും പക്ഷികളോടുപോലും കരുണകാണിക്കാന്‍ പ്രവാചകന്‍ മുഹമ്മദ് നിര്‍ദേശിച്ചിട്ടുണ്ട്.
മാനുഷ്യകത്തോട് അദ്ദേഹത്തിന്റെ ദയാവായ്പിന്റെ ഒരു രേഖാചിത്രമാണ്, തന്നെ ആട്ടിയോടിച്ച നാട്ടിലേക്ക് പത്താംവര്‍ഷം വിജയശ്രീ ലാളിതനായി തിരിച്ചുവന്നപ്പോള്‍, തന്നെ ശത്രുവായി കണ്ടിരുന്ന മക്കാനിവാസികളോട് അദ്ദേഹം സ്വീകരിച്ച നിലപാട്. രാജ്യം കീഴടക്കി വരുന്ന വിജയി അത്തരം സന്ദര്‍ഭങ്ങളില്‍ കൂട്ടക്കൊലയ്ക്ക് കല്‍പന പുറപ്പെടുവിക്കുകയാണ് സാധാരണ ചെയ്യുക; പക്ഷേ, കാരുണ്യത്തിന്റെ പ്രവാചകന്‍ മുഹമ്മദ് പ്രഖ്യാപിച്ചു: ''ഇന്ന് നിങ്ങള്‍ക്കെതിരില്‍ പ്രതികാരമില്ല; ശിക്ഷയില്ല. പോവൂ... നിങ്ങളെല്ലാവരും സ്വതന്ത്രരാണ്.''

ലളിതമായ ജീവിതം
വളരെ ലളിതവും വിനയാന്വിതവുമായ ഒരു ജീവിതമാണ് മുഹമ്മദ് നബി നയിച്ചത്. തനിക്കു ശേഷം തന്റെ കുടുംബത്തിന് വേണ്ടി സമ്പത്തോ വസ്തുക്കളോ അദ്ദേഹം വിട്ടേച്ചുപോയില്ല. തന്റെ ജീവിതകാലത്ത് സാമ്പത്തികമായ പിന്‍തുടര്‍ച്ചാവകാശങ്ങളൊന്നും അദ്ദേഹം വീട്ടുകാര്‍ക്കു വേണ്ടി നിലനിര്‍ത്തിയില്ല. സാമൂഹികമായി ഇതര ജനങ്ങളെപ്പോലെ തുല്യപദവിയാണ് പ്രവാചകന്‍ തനിക്കുവേണ്ടി ഇഷ്ടപ്പെട്ടത്. പ്രത്യേകമായ അവകാശങ്ങളൊന്നും അദ്ദേഹം ആസ്വദിച്ചില്ല.

ഭാര്യ ആയിശ നിവേദനം ചെയ്യുന്നു. ''അദ്ദേഹം മറ്റുള്ളവരെപ്പോലെ തന്നെയായിരുന്നു. അദ്ദേഹം സ്വയം തന്നെ തന്റെ വസ്ത്രങ്ങള്‍ വൃത്തിയാക്കി, ആടിനെ കറന്നു, കീറിയ വസ്ത്രങ്ങള്‍ സ്വയം തുന്നിച്ചേര്‍ത്തു, തന്റെ ഷൂവും തോല്‍പാത്രവും സ്വയം കേട് തീര്‍ത്തു. ചുമട് വഹിച്ചു, മൃഗങ്ങള്‍ക്ക് തീറ്റകൊടുത്തു. വേലക്കാരനുണ്ടെങ്കില്‍ അവന്റെ ജോലിയില്‍ പങ്കാളിയായി അങ്ങാടിയില്‍ നിന്ന് സാധനങ്ങള്‍ താന്‍ തന്നെ വാങ്ങി വീട്ടിലെത്തിച്ചു.''
ഈ യാത്രക്കാരന്‍ യാത്രാമധ്യേ മരച്ചുവട്ടില്‍ അല്‍പസമയം വിശ്രമിച്ച് യാത്ര തുടരുന്നതുപോലെയായിരുന്നു പ്രവാചകന്റെ ഭൗതികജീവിതത്തെ സംബന്ധിച്ച പ്രവാചകന്റെ കാഴ്ചപ്പാട്. മനുഷ്യകുലത്തിന് തന്നെ പരിപൂര്‍ണ മാതൃകയാണ് പ്രവാചകന്‍ മുഹമ്മദിന്റെ ജീവിതം.

അതില്‍ തീക്ഷ്ണതയുടെ താപത്തോടൊപ്പം സ്വാഭാവികതയുടെ മിതത്വമുണ്ട്. ആത്മീയതയോടൊപ്പം ഭൗതികതയുണ്ട്. നേതൃത്വത്തോടൊപ്പം വ്യക്തികളെ ആദരിക്കലുമുണ്ട്. എല്ലാ ഘടകങ്ങളും സമ്മിശ്രമായി സമ്മേളിച്ച വ്യക്തിത്വമായിരുന്നു അദ്ദേഹം. മുഹമ്മദിനെപ്പോലെ മനുഷ്യകുലത്തിന് എല്ലാം തികഞ്ഞ ഒരു ഗുണകാംക്ഷി വേറെയില്ല. അദ്ദേഹത്തിന്റെ ഏറ്റവും വലിയ സംഭാവന ഏകദൈവത്തെ ആരാധിക്കുകയെന്ന തത്ത്വത്തില്‍ മനുഷ്യകുലത്തെ ഐക്യപ്പെടുത്തി എന്നതാണ്.

RELATED STORIES

Share it
Top