സമ്പൂര്‍ണ പ്ലാസ്റ്റിക് കാരി ബാഗ് നിരോധനംസര്‍ക്കാര്‍ തയ്യാറല്ലെങ്കില്‍ കോടതി ചെയ്യുമെന്നു ഹൈക്കോടതി

കൊച്ചി: സംസ്ഥാനത്തു സമ്പൂര്‍ണ പ്ലാസ്റ്റിക് കാരി ബാഗ് നിരോധനം ഏര്‍പ്പെടുത്താന്‍ സര്‍ക്കാര്‍ തയ്യാറല്ലെങ്കില്‍ കോടതി അതു ചെയ്യുമെന്ന് ഹൈക്കോടതി. നിലപാട് വ്യക്തമാക്കി സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ സര്‍ക്കാരിനു കോടതി അവസാന അവസരം നല്‍കി.
പ്ലാസ്റ്റിക് മാലിന്യ നിര്‍മാര്‍ജന ചട്ടം അതേപടി നടപ്പാക്കുന്നതിനെ സര്‍ക്കാര്‍ എതിര്‍ക്കുകയാണെന്നു ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് പുറപ്പെടുവിച്ച ഉത്തരവ് നിരീക്ഷിക്കുന്നു. പ്ലാസ്റ്റിക് നിര്‍മാര്‍ജനവുമായി ബന്ധപ്പെട്ടു കേന്ദ്ര സര്‍ക്കാര്‍ 2016 ല്‍ പുറപ്പെടുവിച്ച ചട്ടങ്ങളില്‍ ഗ്രാമപ്പഞ്ചായത്ത്, മാലിന്യം ഉണ്ടാക്കുന്നവര്‍, നിര്‍മാതാക്കള്‍, ഇറക്കുമതിക്കാര്‍, ബ്രാന്‍ഡ് ഓണര്‍മാര്‍ തുടങ്ങിയവരുടെ ചുമതല വിശദീകരിച്ചിട്ടുണ്ട്. കാരി ബാഗുകളുടെ നിര്‍മാണം, ഇറക്കുമതി, വിതരണം, വില്‍പന, ഉപയോഗം എന്നിവ സംബന്ധിച്ചും നിരവധി നിബന്ധനകളുണ്ട്. പക്ഷേ, സംസ്ഥാന സര്‍ക്കാ ര്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ ഇതുമായി ബന്ധപ്പെട്ട വിവരങ്ങളൊന്നുമില്ലെന്നു കോടതി ചൂണ്ടിക്കാട്ടി. തുടര്‍ന്നാണ് കാരി ബാഗ് നിരോധനത്തിന് സര്‍ക്കാര്‍ തയ്യാറല്ലെങ്കില്‍ ഉത്തരവിറക്കുമെന്ന് കോടതി വ്യക്തമാക്കിയത്.
പ്ലാസ്റ്റിക് മാലിന്യനിര്‍മാര്‍ജന ചട്ടങ്ങള്‍ പൂര്‍ണമായും നടപ്പാക്കാന്‍ സ്വീകരിച്ച നടപടികള്‍, തദ്ദേശ ഭരണ സ്ഥാപനങ്ങള്‍ സ്വീകരിച്ച നടപടികള്‍, ഇവ ഉറപ്പാക്കാന്‍ സര്‍ക്കാര്‍ രൂപീകരിച്ച നിരീക്ഷണ സംവിധാനത്തിന്റെ പ്രവര്‍ത്തനം എന്നിവ വ്യക്തമാക്കി സത്യവാങ്മൂലം നല്‍കാനും നിര്‍ദേശം നല്‍കി. പ്ലാസ്റ്റിക് മാലിന്യ നിര്‍മാര്‍ജന ചട്ടങ്ങള്‍ ലംഘിച്ചതിന് സ്വീകരിച്ച നിയമ നടപടികളുടെ വിവരങ്ങളും സമര്‍പ്പിക്കണം. സംസ്ഥാനത്ത് ഒറ്റയടിക്ക് സമ്പൂര്‍ണ പ്ലാസ്റ്റിക് കാരി ബാഗ് നിരോധനം നടപ്പാക്കരുതെന്നാണ് സര്‍ക്കാര്‍ നേരത്തെ സത്യവാങ്മൂലം നല്‍കിയിരുന്നത്. പ്ലാസ്റ്റിക് കാരി ബാഗിന് വില കുറഞ്ഞതും പ്രകൃതിയില്‍ ജീര്‍ണിക്കുന്നതുമായ ബദല്‍ സ്ഥാപിക്കാന്‍ സമയം വേണ്ടിവരും.
പ്ലാസ്റ്റിക് കത്തിക്കുന്നത് നിയന്ത്രിക്കാനും അതു കുറ്റകരമാക്കാനും നടപടികള്‍ സ്വീകരിച്ചുകഴിഞ്ഞു. പ്ലാസ്റ്റിക് കാരി ബാഗിന് ബദലായി തുണി, പേപ്പര്‍ വബാഗുകള്‍ ഉണ്ടാക്കാന്‍ കുടുംബശ്രീ യൂനിറ്റുകള്‍ക്ക് പ്രോല്‍സാഹനം നല്‍കുന്നതായും സത്യവാങ്മൂലത്തില്‍ സര്‍ക്കാര്‍ വ്യക്തമാക്കി. പ്ലാസ്റ്റിക് മാലിന്യങ്ങളുടെ നിയന്ത്രണത്തിനു നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ഓള്‍ കേരള റിവര്‍ പ്രൊട്ടക്ഷന്‍ കൗണ്‍സില്‍ ജനറല്‍ സെക്രട്ടറി പ്രഫ. എസ് സീതാരാമനടക്കം സമര്‍പ്പിച്ച ഹരജികളാണു കോടതിയുടെ പരിഗണനയിലുള്ളത്.

RELATED STORIES

Share it
Top