സമ്പൂര്‍ണ പ്ലാസ്റ്റിക് രഹിത വാര്‍ഡായി ഇടവെട്ടിച്ചിറ

തൊടുപുഴ: ഇടവെട്ടി പഞ്ചായത്തിലെ ഇടവെട്ടിച്ചിറ ഒന്നാം വാര്‍ഡ് സമ്പൂര്‍ണ പ്ലാസ്റ്റിക് രഹിത വാര്‍ഡ് എന്ന ലക്ഷ്യം കൈവരിച്ചു. തൊണ്ടിക്കുഴ ഗവ. ഹൈസ്‌കൂളില്‍ നടന്നുവരുന്ന തൊടുപുഴ അപ്ലൈഡ് സയന്‍സ് കോളജിന്റെ സപ്തദിന ക്യാംപിനോടനുബന്ധിച്ചാണ് വാര്‍ഡ് പ്ലാസ്റ്റിക് രഹിതമാക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുത്തത്.
വാര്‍ഡിലെ ഓരോ വീടും കേന്ദ്രീകരിച്ച് ബോധവല്‍കരണവും സമഗ്ര ആരോഗ്യ സര്‍വേയും  നടത്തിയിരുന്നു. കുടുംബശ്രീ അംഗങ്ങള്‍, വാര്‍ഡ് വികസന സമിതി അംഗങ്ങള്‍, ജനപ്രതിനിധികള്‍, എന്‍എസ്എസ് വോളന്റിയര്‍മാര്‍ എന്നിവര്‍ പങ്കെടുത്ത സെമിനാറില്‍ വാര്‍ഡ് പ്ലാസ്റ്റിക് രഹിതമാക്കാനുള്ള കര്‍മ പദ്ധതിക്കും രൂപം നല്‍കി.   പ്ലാസ്റ്റിക് ബാഗുകളുടെ ഉപയോഗം കുറയ്ക്കുക എന്ന ലക്ഷ്യത്തോടെ മുഴുവന്‍ വീടുകളിലും പ്രതിരോധ ബാഗുകളും സൗജന്യമായി വിതരണം ചെയ്തുകൊണ്ടാണ് വാര്‍ഡ് സമ്പൂര്‍ണ പ്ലാസ്റ്റിക് രഹിതമായി പ്രഖ്യാപിച്ചത്. ഇനി മുതല്‍ വീടുകളില്‍ എത്തി പ്ലാസ്റ്റിക് മാലിന്യങ്ങള്‍ ശേഖരിക്കുന്നതിന് വാര്‍ഡ്തല ഹരിത കര്‍മ സേനയ്ക്കും രൂപം നല്‍കി. ഏഴു ദിവസം നീണ്ടുനിന്ന പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് ലത്തീഫ് മുഹമ്മദ് നിര്‍വഹിച്ചു. കോളജ് പ്രിന്‍സിപ്പല്‍ എസ്.സിന്ധു അധ്യക്ഷത വഹിച്ചു. ആലക്കോട് സഹകരണ ബാങ്ക് പ്രസിഡന്റ് തോമസ് കക്കുഴി, തൊടുപുഴ സഹകരണ ബാങ്ക് പ്രസിഡന്റ് കെ.എം.ബാബു, മണക്കാട് സഹകരണ ബാങ്ക് പ്രസിഡന്റ് വി.ബി.ദിലീപ്കുമാര്‍, ഹരിത കേരളം ജില്ലാ കോ- ഓഡിനേറ്റര്‍ ഡോ. ജി എസ് മധു, ജനകീയാസൂത്രണം ജില്ലാ കോ- ഓഡിനേറ്റര്‍ എം എം ഷാഹുല്‍ ഹമീദ്, എം എന്‍ മനോഹര്‍, വാര്‍ഡ് മെംബര്‍ ടി എം മുജീബ്, പ്രോഗ്രാം ഓഫിസര്‍ അജയ് ചെറിയാന്‍, എം കെ നാരായണ മേനോന്‍, സി എസ് ശശീന്ദ്രന്‍ സംസാരിച്ചു.

RELATED STORIES

Share it
Top