സമ്പുഷ്ട കേരളത്തിന് ബഹുമതി

തിരുവനന്തപുരം: സ്ത്രീകളിലെയും കുട്ടികളിലെയും പോഷണക്കുറവ് പരിഹരിക്കാനായി പോഷണ്‍ അഭിയാന്റെ ഭാഗമായി സംസ്ഥാന വനിതാ ശിശുവികസന വകുപ്പ് ആവിഷ്‌കരിച്ച പുതിയ പദ്ധതിയായ സമ്പുഷ്ട കേരളത്തിന് കേന്ദ്രസര്‍ക്കാരിന്റെ ബഹുമതി. പദ്ധതി ഫലപ്രദമായി നടപ്പാക്കുന്നതിന് വിവിധ വകുപ്പുകളുടെ ഏകോപനത്തിനായി ഒരു കണ്‍വര്‍ജന്‍സ് ആക്ഷന്‍ പ്ലാന്‍ തയ്യാറാക്കി കേന്ദ്രത്തിന് അയച്ചിരുന്നു.ആക്ഷന്‍ പ്ലാന്‍ അനുസരിച്ച് സമ്പുഷ്ട കേരളം പദ്ധതി അഭിനന്ദനാര്‍ഹമായ രീതിയില്‍ പ്രാരംഭ പ്രവര്‍ത്തനം നടത്തിയതിനാണ് കേന്ദ്ര വനിത ശിശു വികസന മന്ത്രാലയം ബഹുമതിയും മെഡലും നല്‍കിയത്. കേരളം ആവിഷ്‌കരിച്ച സമ്പുഷ്ട കേരളത്തിനു ശക്തി പകരുന്നതാണ് കേന്ദ്രസര്‍ക്കാരിന്റെ ബഹുമതിയെന്നു മന്ത്രി കെ കെ ശൈലജ പറഞ്ഞു.
ആഗസ്ത് ഒന്നിന് മുലയൂട്ടല്‍ വാരാചരണത്തോടനുബന്ധിച്ച് സമ്പുഷ്ട കേരളം പദ്ധതിയുടെ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമായിരുന്നു. മുലയൂട്ടല്‍, അമിത വണ്ണം തടയുക എന്നീ രണ്ട് അധിക ലക്ഷ്യങ്ങള്‍ കൂടി നടപ്പാക്കിവരുന്നു. ആദ്യഘട്ടത്തില്‍ വയനാട്, മലപ്പുറം, കണ്ണൂര്‍, കാസര്‍കോട് എന്നീ ജില്ലകളെയാണ് ഈ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിരുന്നത്. ഈ ജില്ലകളിലെ 8534 അങ്കണവാടികളിലെ ഗുണഭോക്താക്കള്‍ക്കാണ് ഈ പദ്ധതിയുടെ പ്രയോജനം ലഭിക്കുന്നത്.
അടുത്ത വര്‍ഷം പദ്ധതി മുഴുവന്‍ ജില്ലകളിലേക്കും വ്യാപിപ്പിക്കും. ഇതനുസരിച്ച് എല്ലാ അങ്കണവാടികളിലെയും അങ്കണവാടി വര്‍ക്കര്‍മാര്‍ക്കും ഐസിഡിഎസ് സൂപ്പര്‍വൈസര്‍മാര്‍ക്കും സ്മാര്‍ട്ട് ഫോണുകള്‍ ലഭ്യമാക്കും. ഗുണഭോക്താക്കളെ സംബന്ധിച്ച എല്ലാ വിവരങ്ങളും ഫോണിലെ ആപ്ലിക്കേഷന്‍ വഴിയാണ് വര്‍ക്കര്‍ നല്‍കുന്നത്. കേരളത്തില്‍ ഇതിനായി ആദ്യഘട്ടത്തില്‍ 8500 ഫോണുകളാണ് ലഭ്യമാക്കുന്നത്.

RELATED STORIES

Share it
Top