സമ്പന്നരാഷ്ട്രം?ലോകത്തിലെ ഏറ്റവും സമ്പന്നമായ രാഷ്ട്രമാണ് അമേരിക്ക എന്ന ധാരണയ്ക്ക് ഇളക്കം വരുത്തുന്ന പഠനങ്ങളാണ് ഈയിടെ വന്നുകൊണ്ടിരിക്കുന്നത്. മാസച്ചുസിറ്റ്‌സ് ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ടെക്‌നോളജിയിലെ ധനശാസ്ത്രജ്ഞനായ പീറ്റര്‍ ടെമിന്‍ ഈയിടെ നൊബേല്‍ സമ്മാനം നേടിയ സാമ്പത്തിക വിദഗ്ധനായ ആര്‍തര്‍ ലൂയിസ് നിര്‍മിച്ച ഒരു വികസനമാതൃക ഉപയോഗിച്ച് അമേരിക്കയില്‍ ഉള്ളവരും ഇല്ലാത്തവരും തമ്മിലുള്ള അന്തരം പരിശോധിച്ചിരുന്നു. അമേരിക്കയിലെ പാലങ്ങള്‍, റോഡുകള്‍, ശുദ്ധജല വിതരണം, ശുചീകരണ സംവിധാനം എന്നിവയുടെ നിലവാരവും ടെമിന്‍ പഠനവിധേയമാക്കി. അമേരിക്കയില്‍ രണ്ടുതരം സമ്പദ്‌വ്യവസ്ഥയാണു പ്രവര്‍ത്തിക്കുന്നതെന്ന് ടെമിന്‍ പറയുന്നു. മൊത്തം ജനസംഖ്യയില്‍ 80 ശതമാനം സാമ്പത്തികമായി താഴോട്ടുപോവുകയാണ്. എന്നാല്‍, ജനസംഖ്യയില്‍ ഒരു ശതമാനത്തിന് 1980കള്‍തൊട്ട് വന്‍ വളര്‍ച്ചയാണ്. മഹാഭൂരിപക്ഷത്തിന്റെ കാര്യം വളരെ പരിതാപകരം തന്നെ. അവര്‍ക്കിടയില്‍ നിന്ന് കോളജ് വിദ്യാഭ്യാസം ലഭിച്ചവരുടെ എണ്ണം കുറഞ്ഞുവരുന്നു. അതിനാല്‍ തന്നെ അവരുടെ ശബ്ദവും ദുര്‍ബലമാവുന്നു. കുറഞ്ഞ കൂലി ലഭിക്കുന്നവരില്‍ അധികവും കറുത്തവംശത്തില്‍പ്പെട്ടവരായതിനാല്‍ ഈ സാമ്പത്തികവ്യവസ്ഥയില്‍ വംശീയത ശക്തമാണെന്നാണ് ടെമിന്‍ അഭിപ്രായപ്പെടുന്നത്. റോഡരികിലും ചര്‍ച്ചുകളിലും രാത്രികഴിക്കാന്‍ നിര്‍ബന്ധിതരാവുന്നവര്‍ കൂടിവരുന്നു. റോഡുകളും പാലങ്ങളുമൊക്കെ പൊട്ടിപ്പൊളിഞ്ഞ് ഏതാണ്ട് ദക്ഷിണ സുദാന് സമാനമായിട്ടുണ്ട്. അമേരിക്ക വളരെ വേഗം വികസ്വര രാഷ്ട്രങ്ങളുടെ പട്ടികയില്‍ സ്ഥാനംപിടിക്കുമെന്നാണ് ടെമിന്റെ പ്രവചനം.

RELATED STORIES

Share it
Top