സമാധാന ശ്രമം:കൊറിയന്‍ ചര്‍ച്ചയ്ക്ക് തുടക്കം

സോള്‍: സമാധാന ശ്രമവുമായി ഉത്തര കൊറിയ- ദക്ഷിണ കൊറിയ ചര്‍ച്ചയ്ക്ക് തുടക്കം. രണ്ടുവര്‍ഷത്തിനു ശേഷം നടക്കുന്ന ദക്ഷിണ കൊറിയ-ഉത്തര കൊറിയ ചര്‍ച്ചയ്ക്ക് ഇന്നലെ അതിര്‍ത്തിയിലെ സൈനികരഹിത മേഖലയിലെ പാന്‍മുഞ്ചോം ഗ്രാമത്തിലാണ് തുടക്കമായത്. രാവിലെ 9.30ഓടെയാണ് ഉത്തര കൊറിയയില്‍ നിന്ന് അഞ്ചു പ്രതിനിധികള്‍ ദക്ഷിണ കൊറിയയില്‍ എത്തുന്നത്. യുഎന്‍ രക്ഷാ സമിതി പ്രമേയം കണക്കിലാക്കാതെ അണ്വായുധ പരീക്ഷണങ്ങള്‍ തുടരുമെന്ന് ഉത്തര കൊറിയ വെല്ലുവിളി നടത്തിയതിനെ തുടര്‍ന്ന് ആകാംക്ഷയോടെയാണ് ചര്‍ച്ചയെ നോക്കിക്കാണുന്നത്. കൊറിയന്‍ ഉപദ്വീപിനെച്ചൊല്ലിയുള്ള സംഘര്‍ഷം ലഘൂകരിക്കാന്‍ ഈ ചര്‍ച്ചയിലൂടെ സാധിക്കുമെന്നാണ് വിശ്വാസം. 1950ല്‍ കൊറിയന്‍ യുദ്ധം അവസാനിച്ചെങ്കിലും സമാധാന ഉടമ്പടിയില്‍ ഉത്തര കൊറിയയും ദക്ഷിണ കൊറിയയും ഒപ്പുവച്ചിരുന്നില്ല. ഇതേത്തുടര്‍ന്ന്, ആറു ദശകങ്ങളായി ഇരു രാജ്യങ്ങളും ശീതയുദ്ധത്തിലായിരുന്നു. സമ്മര്‍ ഒളിംപിക്‌സില്‍ 1972 മുതല്‍ തുടര്‍ച്ചയായി ഉത്തര കൊറിയയുടെ സാന്നിധ്യമുണ്ട്. 1984ലെ ലോസ് ആഞ്ചലസ് ഒളിംപിക്‌സും (യുഎസ്) 1988ലെ സോള്‍ ഒളിംപിക്‌സുമാണ് ഇതിനിടയില്‍ ഉത്തര കൊറിയ ബഹിഷ്‌കരിച്ചത്. 1988ലെ ഒളിംപിക്‌സ് ഇരു കൊറിയകളും ഒരുമിച്ചു നടത്താം എന്ന ആലോചനയുണ്ടായിരുന്നെങ്കിലും ചര്‍ച്ച പരാജയപ്പെട്ടു.

RELATED STORIES

Share it
Top