സമാധാനശ്രമങ്ങളെ കാറ്റില്‍ പറത്തി വീണ്ടും അരുംകൊലകണ്ണൂര്‍: സംസ്ഥാന സ്‌കൂള്‍ കലോല്‍സവനാളില്‍ ബിജെപി പ്രവര്‍ത്തകന്‍ അണ്ടല്ലൂര്‍ സന്തോഷ്‌കുമാറിനെ വെട്ടിക്കൊലപ്പെടുത്തിയ ശേഷം മുഖ്യമന്ത്രിയുടെ സാന്നിധ്യത്തില്‍ നടന്ന സര്‍വകക്ഷി സമാധാന യോഗത്തിനും ഗൃഹസന്ദര്‍ശനങ്ങള്‍ക്കും ശേഷം വീണ്ടുമൊരു അരുംകൊല. സമാധാനശ്രമങ്ങള്‍ താഴേത്തട്ടിലെത്തിക്കാന്‍ ജില്ലാഭരണകൂടവും പോലിസും കിണഞ്ഞുശ്രമിക്കുന്നതിനിടെയാണ്, എല്ലാം കാറ്റില്‍പ്പറത്തി പയ്യന്നൂര്‍ മേഖലയില്‍ ആര്‍എസ്എസ് പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടത്. ഒരു വര്‍ഷം മുമ്പ് കുന്നരുവില്‍ സിപിഎം പ്രവര്‍ത്തകന്‍ സി വി ധനരാജിനെ വെട്ടിക്കൊലപ്പെടുത്തിയ കേസിലെ 12ാം പ്രതിയും ആര്‍എസ്എസ് മണ്ഡല്‍ കാര്യവാഹ് പയ്യന്നൂര്‍ എട്ടിക്കുളം കക്കംപാറ മൊട്ടക്കുന്നിലെ ചൂരക്കാടന്‍ ടി പി ബിജു(32) ആണ് ഇന്നലെ കൊല്ലപ്പെട്ടത്. ബൈക്കില്‍ സുഹൃത്തിനൊപ്പം യാത്ര ചെയ്യവേ ഇന്നോവ കാറിലെത്തിയ സംഘം ഇടിച്ചുവീഴ്ത്തി കഴുത്തറുത്ത് കൊലപ്പെടുത്തുകയായിരുന്നു. ഇതോടെ, ജില്ല വീണ്ടും സംഘര്‍ഷത്തിലേക്കു നീങ്ങുമെന്ന ആശങ്ക വര്‍ധിച്ചു. സമാധാനശ്രമങ്ങളുമായി സഹകരിക്കുകയും ഗൃഹസന്ദര്‍ശനം ഉള്‍പ്പെടെയുള്ളവയില്‍ എല്ലാ രാഷ്ട്രീയപ്പാര്‍ട്ടികളും പങ്കാളികളാവുകയും ചെയ്തിട്ടും ആസൂത്രിതമായുണ്ടായ കൊലപാതകം പോലിസിനെയും പ്രതിക്കൂട്ടിലാക്കും. സംഭവത്തെ തുടര്‍ന്ന് സംഘര്‍ഷാവസ്ഥ നിലനില്‍ക്കുന്നതിനാല്‍ ഉത്തരമേഖലാ ഐജി മഹിപാല്‍ യാദവ് ഉള്‍പ്പെടെയുള്ളവര്‍ സ്ഥലത്തെത്തിയിട്ടുണ്ട്. മേഖലയില്‍ മാത്രമല്ല, ജില്ലയുടെ വിവിധ ഭാഗങ്ങളിലും സംഘര്‍ഷസാധ്യതയുണ്ടെന്നാണു പോലിസ് രഹസ്യാന്വേഷണ വിഭാഗത്തിന്റെ മുന്നറിയിപ്പ്. ഇന്നത്തെ ഹര്‍ത്താലിലും സംഘര്‍ഷ സാധ്യത നിലനില്‍ക്കുകയാണ്. കൊലപാതകത്തില്‍ ഭരണകക്ഷിയായ സിപിഎം തന്നെ പ്രതിക്കൂട്ടിലായതിനാല്‍ മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ളവര്‍ സമാധാനം പറയേണ്ടിവരും. ബിജെപിയാവട്ടെ വിഷയം ആളിക്കത്തിച്ച് ഗവര്‍ണറെ സമീപിക്കുകയും ചെയ്തിട്ടുണ്ട്. സിപിഎം-ബിജെപി സംഘര്‍ഷം പതിവാകുകയും കൊലപാതകങ്ങള്‍ ആവര്‍ത്തിക്കുകയും ചെയ്തതോടെയാണ്, മുഖ്യമന്ത്രി പിണറായി വിജയന്റെ സാന്നിധ്യത്തില്‍ സര്‍വകക്ഷി യോഗം വിളിച്ച് സമാധാനത്തിനു വിവിധ കര്‍മപദ്ധതികള്‍ തയ്യാറാക്കിയത്. ഇതനുസരിച്ച് രാത്രി അക്രമമുണ്ടായാല്‍ പിറ്റേന്നു രാവിലെ തന്നെ സര്‍വകക്ഷി സംഘം വീട് സന്ദര്‍ശിക്കാന്‍ ധാരണയായിരുന്നു. ഇതനുസരിച്ച് സിപിഎം പ്രവര്‍ത്തകരാല്‍ കൊല്ലപ്പെട്ട ബിജെപി പ്രവര്‍ത്തകന്‍ അണ്ടല്ലൂരിലെ സന്തോഷ്    കുമാറിന്റെ വീട് സിപിഎം-ബിജെപി നേതാക്കളുള്‍പ്പെടെയുള്ള സംയുക്ത സംഘം സന്ദര്‍ശിക്കുകയും ചെയ്തിരുന്നു. ഇതിനുശേഷവും വിവിധ പ്രദേശങ്ങളില്‍ വീടാക്രമണവും ബോംബേറും തുടര്‍ന്നെങ്കിലും കൊലപാതകം ആദ്യമാണ്. ഏതായാലും പുതിയ പോലിസ് മേധാവിക്കു കീഴില്‍ ജില്ലയിലെ സംഘര്‍ഷം ഒഴിവാക്കാനുള്ള തീവ്രശ്രമത്തിലാണ് പോലിസ്.

RELATED STORIES

Share it
Top