സമാധാനത്തിലേക്ക് ഒരു ചുവടുവയ്പ്

അപ്പുക്കുട്ടന്‍ വള്ളിക്കുന്ന്
അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപും ഉത്തര കൊറിയന്‍ പ്രസിഡന്റ് കിം ജോങ് ഉന്നും തമ്മില്‍ സിംഗപ്പൂരില്‍ നടന്ന ഉന്നതതല ഉച്ചകോടി ചരിത്രത്തില്‍ ഇടം തേടുക സമാധാനത്തിന്റെ വിജയപ്രതീക്ഷയുമായി ബന്ധപ്പെട്ടാണ്. ഇരു കൊറിയകളുമായി ബന്ധപ്പെട്ടു തുടങ്ങിയ ആ ചരിത്രനിമിഷം അവിടെ മാത്രമല്ല, ഏഷ്യാ ഉപഭൂഖണ്ഡമാകെയും ലോകമാകെയും സമാധാനശ്രമങ്ങളുടെ കരുത്തും പ്രതീക്ഷയും വ്യാപിപ്പിക്കും.
കിമ്മിന്റെയും ഉത്തര കൊറിയയുടെയും വിജയമായാണ് കരാറിനെപ്പറ്റി ട്രംപിന്റെ നാട്ടിലെ പൊതുജനാഭിപ്രായം. 400 വാക്കുകളില്‍ രൂപപ്പെട്ട കരാര്‍ ട്രംപിന്റെയും കിമ്മിന്റെയും വൈചിത്ര്യമുള്ള കൈയൊപ്പുകളാല്‍ ആധികാരികത പകര്‍ന്നിട്ടുണ്ടെങ്കിലും പൊള്ളയായ അക്ഷരങ്ങള്‍ മാത്രമാണെന്നാണ് വിമര്‍ശനം. കിം മടങ്ങിയത് നേട്ടം സ്വന്തമാക്കിയാണെന്നും വിമര്‍ശനമുണ്ട്. ഉപരോധങ്ങളും യുദ്ധഭീഷണിയും കൊണ്ട് കീഴടക്കുകയോ തകര്‍ക്കുകയോ ചെയ്യുമെന്ന മട്ടില്‍ അധികാരമേറ്റ ശേഷം അരങ്ങുതകര്‍ത്ത ട്രംപ് ആണവ നിരായുധീകരണത്തിന്റെയും പരസ്പര സഹകരണത്തിന്റെയും വക്താവായാണ് ഉച്ചകോടിയില്‍ നിന്നു പുറത്തുവന്നത്.
ഇറാഖിനും ഇറാനും അഫ്ഗാനിസ്താനും ശേഷം അമേരിക്കയുടെ വിദേശ സൈനിക നയത്തില്‍ ഇപ്പോള്‍ ഉണ്ടായ മാറ്റം മാത്രമല്ല ഇതില്‍ പ്രകടമാവുന്നത്. നീണ്ട കാലം ലോക സമാധാനം നിലനിര്‍ത്താന്‍ സോവിയറ്റ് യൂനിയന്റെ സാന്നിധ്യം ഫലപ്രദമായതുപോലെ ചൈനയുടെ സാന്നിധ്യം ഉച്ചകോടിയുടെ വിജയത്തില്‍ നിഴലിക്കുന്നുണ്ട്. ചൈനീസ് പ്രസിഡന്റ് ഷി ജിങ് പിങിന്റെ വിശാല സ്വപ്‌നത്തിന്റെ വിജയമാണ് ഉച്ചകോടിയില്‍ ഉണ്ടായതെന്ന വാഷിങ്ടണ്‍ പോസ്റ്റിലെ നിരീക്ഷണം അതിന്റെ ഭാഗമാണ്.
മറ്റാരുടെയും സാന്നിധ്യമില്ലാതെ ഒരു മണിക്കൂര്‍ നേരിലും ഉപദേശക സംഘത്തോടുകൂടി മൂന്നു മണിക്കൂറും നടന്ന ചര്‍ച്ചകള്‍ക്കു ശേഷം കരാറില്‍ ഒപ്പുവച്ച ദിവസം ലോക ചരിത്രത്തിലെ അതിമഹത്തായ ദിനവും നിമിഷവുമാണെന്നാണ് യുഎസ് പ്രസിഡന്റ് വിശേഷിപ്പിക്കുന്നത്. ആര്‍ക്കും യുദ്ധമുണ്ടാക്കാന്‍ കഴിയും; ധീരരായവര്‍ക്കേ സമാധാനമുണ്ടാക്കാന്‍ കഴിയൂ എന്നുകൂടി ട്രംപ് പറഞ്ഞു.
കൊറിയന്‍ അര്‍ധദ്വീപിനെ ലക്ഷ്യമാക്കിയുള്ള യുഎസ്-ദക്ഷിണ കൊറിയ സൈനികാഭ്യാസം കരാറിന്റെ ഭാഗമായി ട്രംപ് നിര്‍ത്തിവയ്പിച്ചു. യുഎസ് സേനയെ കൊറിയയില്‍ നിന്നു പിന്‍വലിക്കാമെന്ന ഉപാധിയും വച്ചു. ഉത്തര കൊറിയന്‍ പ്രസിഡന്റ് കിമ്മിന്റെ ഉള്ളംകൈയില്‍ വച്ചുകൊടുത്ത ട്രംപിന്റെ ഉപാധികള്‍ ദക്ഷിണ കൊറിയയിലും ജപ്പാനിലും അമേരിക്കയില്‍ തന്നെയും ഞെട്ടലിന്റെയും അമ്പരപ്പിന്റെയും മിന്നലുകള്‍ ഉയര്‍ത്തി. ഏഷ്യയിലെ അമേരിക്കന്‍ സൈനിക സാമീപ്യം കുറയ്ക്കണമെന്ന് ഉത്തര കൊറിയ മാത്രമല്ല, ചൈനയും റഷ്യയും ആവശ്യപ്പെട്ടുവരുന്നതാണ്. മുന്‍ അമേരിക്കന്‍ ഭരണകൂടങ്ങളും തലേ ദിവസം വരെ ട്രംപും നിരാകരിച്ചുപോന്നതുമാണ്.
ദക്ഷിണ കൊറിയയിലെയും ജപ്പാനിലെയും അമേരിക്കന്‍ പ്രതിരോധ ആയുധക്കുടകള്‍ പൊളിച്ചുമാറ്റണമെന്ന് ഉത്തര കൊറിയ ആവശ്യപ്പെടുന്നുണ്ട്. അണ്വായുധ പരീക്ഷണ ഇടങ്ങള്‍ നീക്കം ചെയ്യാമെന്നതാണ് ഉത്തര കൊറിയ സമ്മതിച്ച ഉപാധി. അമേരിക്ക നിരായുധീകരണത്തോടൊപ്പം നിര്‍ബന്ധം പിടിച്ചിരുന്ന പരിശോധന നടത്താനുള്ള അനുവാദം, പരീക്ഷണങ്ങളിലേക്ക് തിരിച്ചുപോകില്ലെന്ന ഉറപ്പ്- ഇതേക്കുറിച്ചൊന്നും കരാറില്‍ നേരിട്ട് പരാമര്‍ശമില്ല.
സൈനികാഭ്യാസങ്ങള്‍ നിര്‍ത്തിവയ്ക്കുന്നതുവഴി വലിയ സാമ്പത്തിക ചെലവ് ഒഴിവാക്കാമെന്ന ട്രംപിന്റെ വിശദീകരണം കൂടിയായപ്പോള്‍ ഉത്തര കൊറിയയുടെ ആയുധസംഭരണത്തോടൊപ്പം യുഎസ്-ദക്ഷിണ കൊറിയ സുരക്ഷാബന്ധങ്ങള്‍ കൂടി ഇരുരാജ്യങ്ങളും തമ്മിലുള്ള കൂടിയാലോചനാ വിഷയമാവുമോയെന്ന ആശങ്കയും ദക്ഷിണ കൊറിയക്ക് ഉണ്ടായിട്ടുണ്ട്.
നിരായുധീകരണം ഉറപ്പാക്കി സാമ്പത്തിക സഹകരണത്തിലേക്ക് നീങ്ങുകയെന്ന ട്രംപിന്റെ അജണ്ടയാണ് കരാറിന്റെ അടിസ്ഥാനമെന്നാണ് വാര്‍ത്തകളില്‍ നിന്നു മനസ്സിലാകുന്നത്. ഉത്തര കൊറിയന്‍ പ്രസിഡന്റിനെ വൈറ്റ്ഹൗസിലേക്ക് ട്രംപ് ക്ഷണിച്ചത് തുടര്‍ചര്‍ച്ചകള്‍ക്കാണ്; ഉത്തര കൊറിയ സന്ദര്‍ശിക്കാന്‍ തനിക്ക് താല്‍പര്യമുണ്ടെന്നു പറയുന്നതും. ഭൂമിയില്‍ താന്‍ പോകാന്‍ ആഗ്രഹിക്കുന്ന അവസാനത്തെ ഇടമായിരിക്കും ഉത്തര കൊറിയയെന്ന് ട്രംപ് പറഞ്ഞത് 2013ലാണ്. 2015ലാണ് കിമ്മിനെ കിറുക്കനെന്നും പിന്നീട് അഴകിയ രാവണനെന്നും വിളിച്ചത്.
തന്റെ മുന്‍ഗാമികളായ ഭരണാധികാരികളോടും ഉത്തര കൊറിയയാണ് അമേരിക്കക്കെതിരായ വന്‍ ഭീഷണിയെന്ന് ട്രംപ് ആവര്‍ത്തിച്ചു പറഞ്ഞിരുന്നു. തിരഞ്ഞെടുപ്പിലെ പ്രചാരണ വിഷയങ്ങളിലൊന്ന് അണ്വായുധം കൈയിലുള്ള ഉത്തര കൊറിയയെ സ്വതന്ത്രമായി വിടുന്നതിനെതിരേ ആയിരുന്നു; ചൈനയുടെ പിന്തുണയാണ് ഉത്തര കൊറിയയുടെ ഭീഷണിക്കുള്ള കാരണമെന്നും.
ട്രംപ് അമേരിക്കന്‍ പ്രസിഡന്റായതിനു ശേഷമാണ് 2017 നവംബറില്‍ നോര്‍ത്ത് കൊറിയ പുതിയൊരു ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈല്‍ പരീക്ഷിച്ചത്. അണ്വായുധം ഘടിപ്പിച്ച ആ മിസൈല്‍ അമേരിക്കന്‍ ഭൂഖണ്ഡം ലക്ഷ്യംവയ്ക്കാന്‍ പ്രാപ്തമാണെന്ന് ഉത്തര കൊറിയ വെളിപ്പെടുത്തി. ഹുവാസോങ്-15 തരത്തില്‍പെട്ട ആണവ മിസൈലുകളെ എങ്ങനെ പ്രതിരോധിക്കാമെന്ന് തങ്ങള്‍ ശ്രദ്ധിച്ചോളാം എന്നാണ് ട്രംപ് പ്രതികരിച്ചത്.
സിഐഎയുടെ മുന്‍ ഡയറക്ടര്‍ മൈക്കല്‍ ഹെയ്ഡന്റെ പ്രതികരണം ശ്രദ്ധിക്കേണ്ടതുണ്ട്: ''ഭാവിചര്‍ച്ചകള്‍ക്കുള്ള വാതിലുകള്‍ തുറന്ന ഗുണകരമായ സംഭവം. എന്നാല്‍, അമേരിക്ക മനസ്സിലാക്കേണ്ടത് ഉത്തര കൊറിയ പുതുതായൊന്നും സമ്മതിച്ചിട്ടില്ലെന്നാണ്. നമ്മള്‍ വലിയ വില കൊടുത്തെന്നും തിരിച്ചറിയേണ്ടതുണ്ട്.''
ആണവപരീക്ഷണങ്ങള്‍ പൂര്‍ണമായും നിര്‍ത്തിവയ്ക്കാന്‍ ഉത്തര കൊറിയക്ക് ആറു മാസ കാലാവധി കരാറില്‍ വ്യവസ്ഥ ചെയ്തിട്ടുണ്ട്. ചുരുങ്ങിയത് ആറു മാസക്കാലത്തേക്കെങ്കിലും കൊറിയന്‍ മേഖല സമാധാനപരമായി നിലകൊള്ളുമെന്നും യുദ്ധഭീഷണി ഉയരില്ലെന്നും ഉറച്ചു വിശ്വസിക്കാം.
ലോക ചരിത്രഗതി സംബന്ധിച്ച നെഹ്‌റുവിന്റെ രണ്ടു നിരീക്ഷണങ്ങള്‍ കൊറിയയും ചൈനയും ജപ്പാനും ഉള്‍പ്പെടുന്ന ഈ സംഘര്‍ഷം സംബന്ധിച്ച് പ്രസക്തമാണ്. ഏഷ്യക്കാരെ ശരിക്കും മനസ്സിലാക്കാന്‍ കഴിയാത്തവരാണ് അമേരിക്കന്‍ സാമ്രാജ്യത്വം എന്നതാണ് അതിലൊന്ന്. രണ്ടാമത്തേത്, ഏഷ്യയും യൂറോപ്പും മറ്റും എന്നത് കേവലം ഭൂമിശാസ്ത്രപരമായ പ്രകടനങ്ങളാണെന്നും ഓരോ രാജ്യവും അഭിമുഖീകരിക്കുന്നത് ലോകത്തിന്റെ പ്രശ്‌നങ്ങളാണെന്നതും. താല്‍ക്കാലിക പ്രതിസന്ധികളെ അതിജീവിച്ച് ലോക സമാധാനത്തിനു വേണ്ടി ഇന്ത്യയും ചൈനയും അടക്കമുള്ള രാജ്യങ്ങള്‍ നിലകൊള്ളുന്ന കാലം വരുമെന്നും നെഹ്‌റു വിശ്വസിച്ചു.                                        ി

(കടപ്പാട്: വള്ളിക്കുന്ന്ഓണ്‍ലൈന്‍.
വേര്‍ഡ്പ്രസ്.കോം)

RELATED STORIES

Share it
Top