സമസ്ത ബാലമാസികയില്‍ വ്യാജ ചരിത്രം

ആബിദ്
കോഴിക്കോട്: ഖിലാഫത്ത് സമരനായകന്‍ ആലി മുസ്‌ല്യാരെക്കൊണ്ട് വന്ദേമാതരം വിൡപ്പിച്ച് ഇ കെ വിഭാഗം സുന്നി ബാല പ്രസിദ്ധീകരണം. സമസ്ത കേരള ഇസ്‌ലാംമത വിദ്യാഭ്യാസ ബോര്‍ഡിന്റെ “കുരുന്നുകള്‍’ ബാലമാസികയാണ് സ്വാതന്ത്ര്യസമര പോരാളിയും മുസ്‌ലിം സമുദായത്തിന്റെ എക്കാലത്തെയും ആവേശവുമായ ആലി മുസ്‌ല്യാരെക്കൊണ്ട് വന്ദേമാതരം ചൊല്ലിച്ചത്. മാസിക 2018 ഫെബ്രുവരി ലക്കം പ്രസിദ്ധീകരിച്ച ആലി മുസ്‌ല്യാര്‍ ചരിത്രം ആസ്പദമാക്കി അഫ്‌സല്‍ വെള്ളിപ്പറമ്പിന്റെ ചിത്രകഥയുടെ 160ാം ഭാഗത്തിലാണ് ആലി മുസ്‌ല്യാര്‍ വന്ദേമാതരം ആലപിക്കുന്നതായി ചിത്രീകരിച്ചത്.
ഏറനാട്ടിലെ ആലി മുസ്‌ല്യാരുടെ പള്ളി വളഞ്ഞ ബ്രിട്ടീഷ് പട്ടാളക്കാര്‍ പള്ളിക്കു നേരെ വെടിയുതിര്‍ക്കുകയും ശേഷം ആലി മുസ്‌ല്യാരോട് കീഴടങ്ങാന്‍ ആവശ്യപ്പെടുകയും ചെയ്യുന്നതാണു രംഗം. ഒരു ഖിലാഫത്ത് ഭടന്‍ പള്ളിയില്‍ വെടിയേറ്റു വീഴുന്നു. ആലി മുസ്‌ല്യാര്‍ പുറത്തേക്കു വന്നില്ലെങ്കില്‍ പള്ളി പൊളിക്കുമെന്നു ബ്രിട്ടീഷ് പട്ടാളം ഭീഷണി മുഴക്കുന്നു. വീണ്ടും പള്ളിക്കു നേരെ വെടിയുതിര്‍ത്തതോടെ കീഴടങ്ങാനായി പുറത്തേക്കു വരുന്ന ആലി മുസ്്‌ല്യാര്‍ “യാ അല്ലാഹ്, എന്നെങ്കിലും ഈ മണ്ണ് സ്വാതന്ത്ര്യം പ്രാപിക്കാന്‍ തുണയ്ക്കണേ. വന്ദേമാതരം.. വന്ദേമാതരം’ എന്നു പറയുന്നതും ഇതുകേട്ട് അനുയായികള്‍ തക്ബീര്‍ മുഴക്കുന്നതുമാണു ചിത്ര കഥയില്‍.
മാസികയില്‍ ഇസ്്‌ലാമിക വിശ്വാസങ്ങള്‍ക്കു വിരുദ്ധമെന്നു വ്യാപകമായി എതിര്‍പ്പുള്ള ഗാനത്തിന്റെ ആദ്യശകലം മുസ്‌ല്യാരുടെ പേരില്‍ ചേര്‍ത്തതിനെതിരേ വ്യാപകമായ പരാതി ഉയര്‍ന്നു. ഫാഷിസ്റ്റുകള്‍ വന്ദേമാതരം ദേശീയഗാനത്തിന് തുല്യമാക്കാന്‍ ശ്രമിച്ചുകൊണ്ടിരിക്കെ ആലി മുസ്്‌ല്യാരെക്കൊണ്ടു ചൊല്ലിക്കുന്നതിലെ സാംഗത്യം സാമൂഹിക മാധ്യമങ്ങളിലുള്‍പ്പെടെ ചോദ്യംചെയ്യപ്പെടുന്നു. വന്ദേമാതരം നിര്‍ബന്ധമാക്കുന്നതിനെതിരേ രാജ്യവ്യാപകമായി വിവിധ മുസ്‌ലിം സംഘടനകള്‍ ശക്തമായ പ്രതിഷേധം ഉയര്‍ത്തുന്നുണ്ട്. ഇതിനിടയിലാണു കേരളത്തിലെ പ്രമുഖ സുന്നി പ്രസിദ്ധീകരണം ചരിത്രത്തെ വളച്ചൊടിച്ചത്. ബങ്കിം ചന്ദ്ര ചാറ്റര്‍ജിയുടെ ആനന്ദമഠം എന്ന ബംഗാളി നോവലിലാണ് വന്ദേമാതരം ആദ്യമായി അവതരിപ്പിക്കപ്പെട്ടത്. 18ാം നൂറ്റാണ്ടിന്റെ അവസാനങ്ങളില്‍ ഉത്തര ബംഗാളില്‍ ഹിന്ദുസന്യാസിമാര്‍ അവിടുത്തെ മുസ്‌ലിം ഭരണാധികാരികള്‍ക്കെതിരേ നടത്തിയ ഒരു കലാപത്തിന്റെ കഥയാണ് ഈ നോവല്‍. ഇതില്‍ മുസ്‌ലിം ഉന്മൂലനത്തിന്റെ വിജയാരവം മുഴക്കുന്ന ഭാഗങ്ങളിലാണ് അമ്മയ്ക്കു പ്രണാമം എന്ന അര്‍ഥം വരുന്ന വന്ദേമാതരം മുഴക്കുന്നത്.
സമസ്തയുടെ കീഴിലുള്ള മദ്്‌റസാ വിദ്യാര്‍ഥികളെ ലക്ഷ്യമിട്ടു പ്രസിദ്ധീകരിക്കുന്ന ബാലമാസികയിലാണു ഗുരുതരമായ പിശക് സംഭവിച്ചതെന്നതു സംഭവത്തിന്റെ ഗൗരവം വര്‍ധിപ്പിക്കുന്നു. നേരത്തെ സമസ്തയ്ക്കു കീഴിലുള്ള “സത്യധാര’ മാസികയില്‍ മമ്പുറം തങ്ങളും ആലി മുസ്‌ല്യാരും ബ്രിട്ടീഷ് വിരുദ്ധ പോരാളികളായിരുന്നില്ലെന്ന തരത്തില്‍ ലേഖനം പ്രസിദ്ധീകരിച്ചതു വിവാദമായിരുന്നു.

RELATED STORIES

Share it
Top