സമസ്ത കലാമേള : മലപ്പുറം ഈസ്റ്റും വെസ്റ്റും ജേതാക്കള്‍കാസര്‍കോട്: മൂന്നു രാപകലുകളിലായി കാസര്‍കോട് മലബാര്‍ ഇസ്‌ലാമിക് കോംപ്ലക്‌സ് കാംപസില്‍ നടന്ന സമസ്ത കേരള ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ സംസ്ഥാന ഇസ്‌ലാമിക കലാസാഹിത്യ മല്‍സരം സമാപിച്ചു. വിദ്യാര്‍ഥി കലാമേളയില്‍ 283 പോയിന്റ് നേടി മലപ്പുറം ഈസ്റ്റും മുഅല്ലിം കലാമേളയില്‍ 88 പോയിന്റ് നേടി മലപ്പുറം വെസ്റ്റും ഓവറോള്‍ ചാംപ്യന്മാരായി. വിദ്യാര്‍ഥി കലാമേളയില്‍ 237 പോയിന്റ് നേടിയ ആതിഥേയ ജില്ലയായ കാസര്‍കോടും മുഅല്ലിം കലാമേളയില്‍ 73 പോയിന്റ് നേടിയ മലപ്പുറം ഈസ്റ്റുമാണ് റണ്ണേഴ്‌സ്അപ്. കന്നഡ വിഭാഗത്തില്‍ 160 പോയിന്റ് നേടിയ ദക്ഷിണ കന്നഡ ജില്ലയും തമിഴ് വിഭാഗത്തില്‍ 48 പോയിന്റ് നേടി കോയമ്പത്തൂര്‍ ജില്ലയും ജേതാക്കളായി. സൂപ്പര്‍ സീനിയര്‍ വിഭാഗത്തില്‍ 99 പോയിന്റ് നേടി കാസര്‍കോട് ജില്ലയും സീനിയര്‍, ജൂനിയര്‍ വിഭാഗങ്ങളില്‍ 89, 76 പോയിന്റുകള്‍ വീതം നേടി മലപ്പുറം ഈസ്റ്റും സബ് ജൂനിയര്‍ വിഭാഗത്തില്‍ 51 പോയിന്റ് നേടി മലപ്പുറം വെസ്റ്റും ജേതാക്കളായി.സൂപ്പര്‍ സീനിയര്‍ വിഭാഗത്തില്‍ കണ്ണൂര്‍ ജില്ലയിലെ കൂത്തുപറമ്പ് മുഹമ്മദിയ്യാ മദ്‌റസയിലെ പി പി മുഹമ്മദ് അസ്ഫാനും സീനിയര്‍ വിഭാഗത്തില്‍ നീലഗിരി ജില്ലയിലെ നന്തല്ലൂര്‍ നൂറുല്‍ ഹുദാ മദ്‌റസയിലെ പി എം നസീമും ജൂനിയര്‍ വിഭാഗത്തില്‍ മലപ്പുറം വെസ്റ്റിലെ പരപ്പനങ്ങാടി നൂറാനിയ മദ്‌റസയിലെ പി കെ ഷമീറലിയും സബ്ജൂനിയര്‍ വിഭാഗത്തില്‍ കാസര്‍കോട് ജില്ലയിലെ പള്ളിക്കര ഇസ്സത്തുല്‍ ഇസ്‌ലാം മദ്‌റസയിലെ പി വി മുര്‍ഷിദും കലാപ്രതിഭകളായി. മുഅല്ലിം വിഭാഗത്തില്‍ കണ്ണൂര്‍ ജില്ലയിലെ ചാലാട് അന്‍ജുമന്‍ ഇല്‍ഫത്തുല്‍ ഇസ്‌ലാം മദ്‌റസയിലെ മുസ്തഫ അസ്ഹരിയും ദക്ഷിണ കന്നഡ ജില്ലയിലെ കുമ്പ്ര നുസ്‌റത്തുല്‍ ഇസ്‌ലാം മദ്‌റസയിലെ മുഹമ്മദ് മുസ്‌ല്യാരും കലാപ്രതിഭാ പട്ടം പങ്കിട്ടു. സമാപന സമ്മേളനം പി ബി അബ്ദുര്‍റസാഖ് എംഎല്‍എ ഉദ്ഘാടനം ചെയ്തു. ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ സെന്‍ട്രല്‍ കൗണ്‍സില്‍ പ്രസിഡന്റ് സി കെ എം സാദിഖ് മുസ്‌ല്യാര്‍ അധ്യക്ഷത വഹിച്ചു. യു എം അബ്ദുര്‍റഹ്മാന്‍ മൗലവി, അബ്ദുര്‍റഹ്മാന്‍ മുസ്‌ല്യാര്‍, എം എ ചേളാരി, മൊയ്തീന്‍ കുട്ടി മുസ്‌ല്യാര്‍, ഇബ്രാഹീം മുസ്‌ല്യാര്‍ എന്നിവര്‍ വിജയികള്‍ക്ക് ട്രോഫികള്‍ വിതരണം ചെയ്തു.

RELATED STORIES

Share it
Top