സമസ്ത ഇസ്‌ലാമിക് കലാമേള : മലപ്പുറം ഈസ്റ്റും കാസര്‍കോടും മുന്നില്‍മാഹിനാബാദ് (കാസര്‍കോട്): സമസ്ത കേരള ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ സംസ്ഥാന കലാമേളയില്‍ മലപ്പുറം ഈസ്റ്റും ആതിഥേയ ജില്ലയായ കാസര്‍കോടും കുതിപ്പ് തുടരുന്നു. മദ്ഹ് ഗീതങ്ങളുടെയും ബൈത്തിന്റെ ഈണങ്ങളുടെയും സ്വരമാധുര്യം നിറഞ്ഞുനിന്ന എട്ടോളം വേദികളില്‍ വാശിയേറിയ മല്‍സരമാണു നടന്നത്. കേരളത്തിനകത്തും പുറത്തും നിന്ന് ഇരുപതോളം ജില്ലകളില്‍ നിന്നുള്ള സര്‍ഗ പ്രതിഭകളാണ് മല്‍സരത്തില്‍ മാറ്റുരച്ചത്. മലയാളത്തിനു പുറമെ ഉര്‍ദു, കന്നഡ, തമിഴ് വിഭാഗങ്ങളിലും മല്‍സരം നടന്നു. മല്‍സരം ഇന്നു വൈകീട്ടോടെ സമാപിക്കും.കലാമേള എസ്‌കെഎസ്എസ്എഫ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് അബ്ബാസലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു. ധാര്‍മിക മൂല്യങ്ങള്‍ നശിച്ചുകൊണ്ടിരിക്കുന്ന ലോകത്ത് കലാസാഹിത്യങ്ങള്‍ നന്മയ്ക്കു വേണ്ടി ഉപയോഗപ്പെടുത്തണമെന്നും അതാണ് പ്രവാചക പാരമ്പര്യമെന്നും അബ്ബാസലി ശിഹാബ് തങ്ങള്‍ പറഞ്ഞു. സമസ്ത പ്രസിഡന്റ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ അധ്യക്ഷത വഹിച്ചു. സയ്യിദ് ടി കെ പൂക്കോയ തങ്ങള്‍ ചന്തേര പ്രാര്‍ഥന നടത്തി. സമസ്ത ഖജാഞ്ചി സി കെ എം സാദിഖ് മുസ്‌ല്യാര്‍, പി കരുണാകരന്‍ എംപി, യു എം അബ്ദുര്‍റഹ്മാന്‍ മൗലവി, എം എ ഖാസിം മുസ്‌ല്യാര്‍, സി കെ കെ മാണിയൂര്‍, എം എ ചേളാരി, ടി പി അലി ഫൈസി, അബൂബക്കര്‍ സാലൂദ് നിസാമി, ഇബ്രാഹീം ഫൈസി ജെഡിയാര്‍, ഖലീല്‍ റഹ്മാന്‍ കാശിഫി സംബന്ധിച്ചു.

RELATED STORIES

Share it
Top