സമസ്തയിലെ 'സ്വൈര്യം കെടുത്തി'കളെ നേരിടാനുറച്ച് ലീഗ് നേതൃത്വംറസാഖ്  മഞ്ചേരി

മലപ്പുറം: സമസ്തയിലെ 'സ്വൈര്യംകെടുത്തി'കളെ ലീഗ് നേതൃത്വം നേരിടാനൊരുങ്ങുന്നു. പാണക്കാട് റഷീദലി ശിഹാബ് തങ്ങള്‍, മുനവ്വറലി ശിഹാബ് തങ്ങള്‍ എന്നിവര്‍ മുജാഹിദ് സംസ്ഥാന സമ്മേളനത്തില്‍ പങ്കെടുത്തതുമായി ബന്ധപ്പെട്ടുണ്ടായ വിവാദങ്ങളുടെ പശ്ചാത്തലത്തിലാണു ലീഗ് നേതൃത്വം കടുത്ത നടപടിക്ക് തയ്യാറെടുക്കുന്നത്. സമുദായത്തിനകത്തെ അവാന്തര വിഭാഗങ്ങളുമായി സഹകരിക്കാനനുവദിക്കാതെ ലീഗ് നേതാക്കളെയും പാണക്കാട് കുടുംബാംഗങ്ങളെയും പ്രതിസന്ധിയിലാക്കുന്ന സമസ്തയിലെ ചില രണ്ടാംനിര നേതാക്കളെ അടക്കിനിര്‍ത്താനുള്ള തീരുമാനമാണ് ഉന്നതങ്ങളില്‍ കൈക്കൊണ്ടിട്ടുള്ളത്. മുജാഹിദ്, എപി വിഭാഗം സുന്നികള്‍ എന്നിവരുമായി സഹകരിക്കാനോ പരിപാടികളില്‍ പങ്കെടുക്കാനോ അനുവദിക്കാതിരിക്കുന്ന സമസ്ത യുവനിരയുടെ ദുശ്ശാഠ്യം അസഹനീയമായ പശ്ചാത്തലത്തിലാണു പുതിയ തീരുമാനം. എപി വിഭാഗത്തിന്റെ വേദികളില്‍ പങ്കെടുത്തതിന്റെ പേരില്‍ അന്തരിച്ച കേന്ദ്ര സഹമന്ത്രി ഇ അഹമ്മദ്, ഇ ടി മുഹമ്മദ് ബഷീര്‍, എം കെ മുനീര്‍ തുടങ്ങിയ നേതാക്കള്‍ക്കെതിരേ നേരത്തേ പ്രചാരണം നടത്തിയ സംഘം തന്നെയാണു പുതിയ വിവാദങ്ങള്‍ക്കും പിന്നിലെന്നാണു കണ്ടെത്തല്‍. ഇ അഹമ്മദിനെതിരേ പട്ടിക്കാട് കൂക്കുവിളിപോലും നടന്നിരുന്നു. മുജാഹിദ് സമ്മേളനത്തില്‍ മുനവ്വറലിയും റഷീദലിയും പങ്കെടുക്കാതിരിക്കാന്‍ മുന്‍കൂട്ടി പ്രസ്താവന ഇറക്കിയതിനു പിന്നില്‍ പ്രവര്‍ത്തിച്ചവരെ ഇനിയും വച്ചുപൊറുപ്പിക്കാനാവില്ലെന്നാണു ലീഗ് നേതൃത്വത്തിന്റെ നിലപാട്.പ്രസ്താവനയെ അവഗണിച്ച് ഇരുവരും പങ്കെടുത്തു. ലീഗ് നേതൃത്വത്തിന്റെയും പ്രസിഡന്റിന്റെയും ആശീര്‍വാദത്തോടെയാണ് അവര്‍ പരിപാടിയില്‍ പങ്കെടുത്തത്. സമുദായത്തിനകത്തെ വിവിധ ആശയക്കാരെ ഉള്‍ക്കാള്ളുന്ന പൊതു പ്ലാറ്റ്‌ഫോമായി നില്‍ക്കാന്‍ ലീഗിനെ അനുവദിക്കാത്തത് രാഷ്ട്രീയ പ്രതിസന്ധി സൃഷ്ടിക്കുന്നുവെന്നാണ് ലീഗിന്റെ വിലയിരുത്തല്‍. സാമൂഹിക മാധ്യമങ്ങളില്‍ വിവാദങ്ങള്‍ സജീവമാവുന്നത് പാര്‍ട്ടി അണികളില്‍ വിഭാഗീയ ചിന്തയ്ക്ക് വിത്തുപാകും.ഒരുവിഭാഗം വിലപേശല്‍ നയം സ്വീകരിക്കുന്നുവെന്നാണ് നേതൃത്വം മനസ്സിലാക്കുന്നത്. കോഴിക്കോട്, മലപ്പുറം ജില്ലക്കാരായ ചില ഫൈസാ ബിരുദധാരികളും ഒരു ഉത്തരേന്ത്യന്‍ ബിരുദധാരിയുമാണു പുതിയ വിവാദങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ കത്തിച്ചത്. ലീഗിന്റെ അറിവോടെ ഇവര്‍ അച്ചടക്കനടപടിക്ക് വിധേയരായിരുന്നു.

RELATED STORIES

Share it
Top