സമരവീര്യം പകര്‍ന്ന് രക്തസാക്ഷി കുടുംബങ്ങള്‍

കണ്ണൂര്‍: കെ സുധാകരന്റെ നിരാഹാര സമരത്തിന് ഐക്യദാര്‍ഢ്യം പകര്‍ന്ന് കോണ്‍ഗ്രസ് രക്തസാക്ഷി കുടുംബങ്ങള്‍ സമരപ്പന്തലില്‍ ഉപവസിച്ചു. ഇന്നലെ രാവിലെ 10 മുതല്‍ വൈകീട്ട് അഞ്ചു വരെയാണു ഉപവാസം. വിവിധ കാലഘട്ടത്തില്‍ രാഷ്ട്രീയ വൈരത്തിന്റെ കൊലക്കത്തിക്ക് ഇരയായവരുടെ ജ്വലിക്കുന്ന ഓര്‍മകളുമായാണ് ബന്ധുക്കള്‍ നിരാഹാരമിരുന്നത്. 1977 ഏപ്രില്‍ 15ന് കൊല്ലപ്പെട്ട എ കെ ഗംഗാധരന്റെ സഹോദരി സുലോചന, 1975 മെയില്‍ കൊല്ലപ്പെട്ട കണാരംവയല്‍ കുഞ്ഞികൃഷ്ണന്റെ മകള്‍ പുഷ്പലത, 1990 ജനുവരി 18ന് കൊല്ലപ്പെട്ട കക്കറ പത്മനാഭന്റെ സേഹോദരന്‍ രാമചന്ദ്രന്‍, 1986ല്‍ കൊല്ലപ്പെട്ട പുതിയാണ്ടി ഭരതന്റെ മകന്‍ പ്രജിത്, 1992 മാര്‍ച്ച് നാലിന് കൊല്ലപ്പെട്ട തേറയില്‍ ബാലകൃഷ്ണന്റെ ഭാര്യ തായമ്പത്ത് ബേബി, 1991 മാര്‍ച്ച് 26ന് കൊല്ലപ്പെട്ട കാപ്പാട് വസന്തന്റെ സഹോദരന്‍ രാമചന്ദ്രന്‍, 1994 നവംബര്‍ 28ന് കൊല്ലപ്പെട്ട കെ ജോസിന്റെ മകന്‍ ജോണ്‍സണ്‍ എന്നിവരാണ് സുധാകരനോടൊപ്പം നിരാഹാരമനുഷ്ഠിച്ചത്. ഇനിയാരും പൈശാചികമായ ഇത്തരം കൊലപാതത്തിന്റെ പേരില്‍ നിരാഹാരമിരിക്കാന്‍ ഇടവരരുതേ എന്നായിരുന്നു ഇവരുടെ പ്രാര്‍ഥന.
ജവഹര്‍ ബാലജനവേദി, മല്‍സ്യത്തൊഴിലാളി യൂനിയന്‍(ഐഎന്‍ടിയുസി), മഹിളാ കോണ്‍ഗ്രസ്, വിവിധ വര്‍ഗ ബഹുജന സംഘടനകള്‍, രാഷ്ട്രീയ പാര്‍ട്ടി നേതാക്കള്‍ എന്നിവരും ഇന്നലെ നിരാഹാര പന്തലിലെത്തി. മുസ്്‌ലിംലീഗ് നേതാവും മുന്‍ മന്ത്രിയുമായ ചെര്‍ക്കളം അബ്ദുല്ല, ആര്‍എംപി നേതാവ് കെ കെ രമ, കേരള കോണ്‍ഗ്രസ്(എം) ജനറല്‍ സെക്രട്ടറി പി ടി ജോസ്, കെ എന്‍ ജയരാജന്‍, ബാലകൃഷ്ണന്‍ പെരിയ, സിനിമാ നടന്‍ ദേവന്‍ തുടങ്ങിയവര്‍ സമരപ്പന്തലിലെത്തി അഭിവാദ്യമര്‍പ്പിച്ചു. സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ഇന്നു മലബാറിലെ കെപിസിസി ഭാരവാഹികളും ചന്ദ്രന്‍ തില്ലങ്കേരിയുടെ നേതൃത്വത്തില്‍ ജില്ലയിലെ ജനശ്രീ കുടുംബാംഗങ്ങളും സമരപ്പന്തലില്‍ ഉപവാസം അനുഷ്ഠിക്കും.

RELATED STORIES

Share it
Top