സമരത്തില്‍ ബലിയാടായത് പാവപ്പെട്ട രോഗികള്‍

ഇ രാജന്‍

കോഴിക്കോട്: പെന്‍ഷന്‍ പ്രായം വര്‍ധിപ്പിച്ചതിനെതിരെ ജൂനിയര്‍ ഡോക്ടര്‍മാരും ഹൗസ് സര്‍ജന്‍മാരും നടത്തിയ സമരത്തില്‍ ബലിയാടായത് പാവപ്പെട്ട രോഗികള്‍. ഒപികളില്‍ മണിക്കൂറുകളോളം കാത്തിരുന്നാണ് പരിശോധനയ്ക്ക് വിധേയമായത്. കോഴിക്കോട് മെഡിക്കല്‍ കോളജില്‍ മാത്രം 678 പിജി ഡോക്ടര്‍മാരും 250 ഹൗസ് സര്‍ജന്‍മാരും പണിമുടക്കിയിരുന്നു.
ഒപികളില്‍ പ്രധാനമായും പരിശോധനക്ക് നേതൃത്വം നല്‍കുന്നത് പിജി ഡോക്ടര്‍മാരാണ്. വാര്‍ഡുകളില്‍ പ്രധാന ഡോക്ടര്‍മാര്‍ രാവിലെ വന്നുപോയാല്‍ പിന്നീട് മുഴുവന്‍ സമയവും ഉണ്ടാകുന്നത് ജൂനിയര്‍ ഡോക്ടര്‍മാരാണ്. വാര്‍ഡുകളില്‍ നഴ്‌സുമാരാണ് പലര്‍ക്കും ചികില്‍സ നല്‍കുന്നത്. വാര്‍ഡില്‍ ഡിസ്ചാര്‍ജ് ചെയ്യുന്ന രോഗികള്‍ക്കും ബുദ്ധിമുട്ട്് അനുഭവപ്പെട്ടു. ഡിസ്ചാര്‍ജ് സമ്മറി എഴുതേണ്ടത് വാര്‍ഡ് ചുമതലയുള്ള ജൂനിയര്‍ ഡോക്ടര്‍മാരാണ്. ഇന്നലെ ഡിസ്ചാര്‍ജ് സമ്മറി ലഭിക്കാത്തതിനാല്‍ പലര്‍ക്കും ആശുപത്രി വിടാന്‍ സാധിച്ചില്ല.
മലപ്പുറം ജില്ലയില്‍ നിന്നാണ് ഏറ്റുവും കൂടുതല്‍ രോഗികള്‍ വരുന്നത്. വയനാട്ടുകാരും ചികില്‍സക്കായി മെഡിക്കല്‍കോളജിനെയാണ് ആശ്രയിക്കുന്നത്. ജില്ലയിലെ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളില്‍ നിന്നും ഹെല്‍ത്ത് സെന്ററുകളില്‍ നിന്നും റഫര്‍ ചെയ്യുന്ന രോഗികളും മെഡിക്കല്‍ കോളജിനെയാണ് ആശ്രയിക്കുന്നത്.
ഗുരുതരാവസ്ഥയിലുള്ള രോഗികളുടെ അടിയന്തര ശസ്ത്രക്രിയകളും മുടങ്ങിയതായി പരാതിയുണ്ട്. ജനറല്‍ സര്‍ജറി വിഭാഗത്തിലും ഓര്‍ത്തോവിഭാഗത്തിലും മെഡിസിന്‍ വിഭാഗത്തിലും ജൂനിയര്‍ ഡോക്ടര്‍മാരുടെ അഭാവം രോഗികളെ ദുരിതത്തിലാക്കി.
മെഡിക്കല്‍കോളജിന്റെ അനുബന്ധസ്ഥാപനങ്ങളായ മാതൃശിശുസംരക്ഷണ കേന്ദ്രം, സൂപ്പര്‍ സ്‌പെഷ്യാലിറ്റി ആശുപത്രി, ചെസ്റ്റ് ആശുപത്രി, ദന്തല്‍ കോളജ് എന്നിവിടങ്ങളിലും രോഗികള്‍ ചികില്‍സ കിട്ടാതെ വലഞ്ഞു. മെഡിക്കല്‍കോളജ് ആശുപത്രിയില്‍ ജൂനിയര്‍ ഡോക്ടര്‍മാര്‍ കഴിഞ്ഞ മൂന്നു ദിവസമായി നടത്തിയ സമരത്തിലേര്‍പ്പെട്ടിട്ടും രോഗികളെ ചികില്‍സിക്കുന്നതിന് പകരം സംവിധാനങ്ങള്‍ ഒന്നും തന്നെ ആശുപത്രി അധികൃതര്‍ ഒരുക്കിയിരുന്നില്ല.
സിടി സ്‌കാന്‍ വിഭാഗത്തില്‍ സ്‌കാനിങ് വൈകുന്നത് കാരണം ഗുരുതരാവസ്ഥയിലുള്ള പല രോഗികള്‍ക്കും തുടര്‍ചികില്‍സ വൈകി . കഴിഞ്ഞ ദിവസം തലയ്ക്ക് പരിക്കേറ്റുവന്ന അന്നമ്മ എന്ന രോഗി സിടി സ്‌കാന്‍ വൈകിയതുകാരണം ഡിസ്ചാര്‍ജ്ജ് ചെയ്ത് സ്വകാര്യ ആശുപത്രിയെ ആശ്രയിക്കുകയായിരുന്നു.
സിടിസ്‌കാന്‍ വൈകിയതു കാരണം തുടര്‍ചികില്‍സ കിട്ടാതെ സ്വകാര്യാശുപത്രിയില്‍ രോഗി മരണപ്പെട്ടതായി പരാതിയുണ്ട്. രാത്രി ഡോക്ടര്‍മാരില്ലാത്തതിനാല്‍ മലപ്പുറം കുറ്റിപ്പുറം നടുവട്ടം നാഗപറമ്പ് കല്യാണി(80) എന്ന രോഗി ചികില്‍സ കിട്ടാതെ മരണപ്പെട്ടതായി ബന്ധുക്കള്‍ ആരോപിക്കുന്നു. രോഗികളുടെ എണ്ണം ദിനംപ്രതി വര്‍ധിച്ചുവരുമ്പോഴും 40 വര്‍ഷം മുമ്പുള്ള ഡോക്ടര്‍മാരുടെ തസ്തികയാണ് ഇപ്പോഴും മെഡിക്കല്‍ കോളജിലുള്ളത്.

RELATED STORIES

Share it
Top