സമരത്തിന് സിപിഐ പിന്തുണ

തിരുവനന്തപുരം/കണ്ണൂര്‍: കീഴാറ്റൂരിലെ വയല്‍ക്കിളികളുടെ സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് സിപിഐ. യുവജന സംഘടനയായ എഐവൈഎഫ് നേതാക്കള്‍ സമരത്തിന് പിന്തുണയേകി ഇന്ന് കീഴാറ്റൂരിലെത്തും. ഇന്നലെ ചേര്‍ന്ന എഐവൈഎഫിന്റെ സംസ്ഥാന നേതൃയോഗമാണ് വയല്‍ക്കിളികള്‍ക്ക് പിന്തുണ നല്‍കാന്‍ തീരുമാനിച്ചത്.
പ്രശ്‌നപരിഹാരത്തിന് സര്‍ക്കാര്‍ മുന്‍കൈയെടുക്കണമെന്ന് യോഗം ആവശ്യപ്പെട്ടു. സമരക്കാരെ തീവ്രവാദികളും വികസന വിരോധികളുമായി ചിത്രീകരിച്ച് നേരിടുന്ന സമീപനം പ്രതിഷേധാര്‍ഹമാണ്.
പരിസ്ഥിതി സംരക്ഷിച്ചുകൊണ്ടുള്ള വികസനം മാത്രമേ നടപ്പാക്കൂ എന്ന് പ്രഖ്യാപിച്ച് അധികാരത്തില്‍ വന്ന എല്‍ഡിഎഫ് സര്‍ക്കാര്‍ നെല്‍വയല്‍ സംരക്ഷണ വിഷയത്തില്‍ മാതൃക കാണിക്കണം. ബദല്‍ മാര്‍ഗങ്ങള്‍ പ്രായോഗികമാണോയെന്ന് പരിശോധിക്കുന്നതിന് പകരം വയല്‍ നികത്തി തന്നെ ബൈപാസ് നിര്‍മിക്കുമെന്ന വാശി ഉപേക്ഷിക്കണം.
എഐവൈഎഫിന്റെ സംസ്ഥാന സെക്രട്ടറി മഹേഷ് കക്കത്തിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കീഴാറ്റൂരിലെത്തി സമരക്കാരെ കാണുന്നത്. സംസ്ഥാന കൗണ്‍സിലംഗം അഡ്വ. എം എസ് നിഷാദ്, കണ്ണൂര്‍ ജില്ലാ പ്രസിഡന്റ് എം സി സജീഷ്, ജില്ലാ സെക്രട്ടറി കെ വി രജീഷ് തുടങ്ങിയവര്‍ ഒപ്പമുണ്ടാവും.

RELATED STORIES

Share it
Top