സമരത്തിനിടെ സംഘര്‍ഷം: ടാക്‌സി ഡ്രൈവര്‍മാരും പോലിസും ഏറ്റുമുട്ടി

കൊച്ചി: നോര്‍ത്ത് റെയില്‍വെ സ്‌റ്റേഷന്‍ വളപ്പില്‍ ഓണ്‍ലൈന്‍ ടാക്‌സി സര്‍വീസ് ബുക്ക് ചെയ്യാന്‍ യൂബറിന് കൗണ്ടര്‍ അനുവദിച്ചതില്‍ പ്രതിഷേധിച്ചു തുടരുന്ന സമരത്തിനിടെ സംഘര്‍ഷം.
സമരം ചെയ്യുന്ന ടാക്‌സി-ഓട്ടോ ഡ്രൈവര്‍മാര്‍ക്കു അഭിവാദ്യം അര്‍പ്പിച്ച് എഐടിയുസി പ്രവര്‍ത്തകര്‍ നടത്തിയ പ്രകടനം പോലിസ് തടഞ്ഞതിനെ തുടര്‍ന്നാണ് സംഘര്‍ഷമുണ്ടായത്. പോലിസും പ്രകടനക്കാരും തമ്മില്‍ ഉന്തും തള്ളുമുണ്ടായി. സ്‌റ്റേഷന്‍ വളപ്പില്‍ സ്ഥാപിച്ചിരുന്ന യൂബറിന്റെ താല്‍ക്കാലിക കൗണ്ടറിന്റെ ചില്ലുകള്‍ സമരക്കാര്‍ തകര്‍ത്തു.
എഐടിയുസി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ ടൗണ്‍ഹാള്‍ പരിസരത്തു നിന്നാണു പ്രകടനം ആരംഭിച്ചത്. നോര്‍ത്ത് റെയില്‍വെ സ്‌റ്റേഷന്റെ മധ്യഭാഗത്തെ പ്രവേശന കവാടത്തില്‍ പ്രകടനക്കാരെ തടഞ്ഞപ്പോഴാണ് ഉന്തും തള്ളുമുണ്ടായത്. പോലിസിന്റെ നിര്‍ദേശം അവഗണിച്ച് സ്‌റ്റേഷന്‍ വളപ്പിലേക്കു തള്ളിക്കയറാനുള്ള ശ്രമമാണ് സംഘര്‍ഷത്തിലേക്ക് നയിച്ചത്. പോലിസ് ലാത്തി വീശുന്ന ഘട്ടമെത്തിയതോടെ നേതാക്കള്‍ ഇടപെട്ടു സമരക്കാരെ പിന്തിരിപ്പിച്ചു. ഇതിനിടെയാണ് സ്‌റ്റേഷന്‍ വളപ്പിലെ യൂബറിന്റെ കിയോസ്‌ക് ചിലര്‍ തള്ളിയിട്ടത്. തുടര്‍ന്നു റോഡില്‍ കുത്തിയിരുന്ന ശേഷം പ്രതിഷേധക്കാര്‍ പിരിഞ്ഞു പോയി.  20 പേര്‍ക്കെതിരേ കേസെടുത്തു.

RELATED STORIES

Share it
Top